‘പെണ്‍കൂട്ട്’ പ്രവര്‍ത്തക വിജിയുമായുള്ള അഭിമുഖം
വി. ഗാര്‍ഗി
കോഴിക്കോട് നഗരത്തില്‍ സ്ത്രീകള്‍ക്ക് ടോയ് ലറ്റ് സംവിധാനത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തിയ ഗ്രൂപ്പ് ആണ് പെണ്‍കൂട്ട്
കോഴിക്കോട് നഗരത്തില്‍ അടുത്തിടെ കേട്ടാല്‍ അല്‍പം വിചിത്രമെന്ന് തോന്നുന്ന ഒരു അവകാശ സമരം നടക്കുകയുണ്ടായി. ഇരിപ്പിടത്തിനുവേണ്ടിയുള്ള സമരം!! അപ്പോള്‍ ആര്‍ക്ക്? എവിടെ ഇരിക്കാന്‍ എന്ന ചോദ്യം ഉയരുക സ്വാഭാവികം. നഗരങ്ങളിലെ ടെക്‌സ്‌റ്റൈല്‍ ഷോപുകള്‍ അടക്കം തിരക്കു പിടിച്ച നൂറുകണക്കിന് കടമുറികളില്‍ രാവിലെ മുതല്‍ നേരമിരുട്ടും വരെ ഒരേ നില്‍പില്‍ തൊഴിലെടുക്കുന്ന സ്ത്രീകളെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? വര്‍ഷം തോറും വനിതാ ദിനങ്ങള്‍ കൊണ്ടാടുമ്പോള്‍ ആരാലും എവിടെയും പരാമര്‍ശിക്കപ്പെടാതെ പോവുന്ന, ഒരു തൊഴിലാളി സംഘടക്കും വേണ്ടാത്ത,ഒരു കൊടിക്കൂറക്കു കീഴിലും അണിനിരക്കാത്ത ഇവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആദ്യം തയാറായ ഒരു പെണ്‍കൂട്ടമുണ്ട് ഈ നഗരത്തില്‍. ഇവര്‍ വലിയ വലിയ കാര്യങ്ങള്‍ പറയാറില്ല. ഇവര്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ പറയാത്തതുമാണ്. പ്രതികരിക്കാനുള്ള ഇച്ഛാശക്തികൊണ്ട് നഗരത്തെ അമ്പരപ്പിച്ച ഈ കൂട്ടായ്മക്ക് പേര് ‘പെണ്‍കൂട്ട്’.
മിഠായിത്തെരുവ് കോര്‍ട്ട് റോഡിലെ വസന്തഭവന്‍ ഹോട്ടലിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന തയ്യല്‍ക്കടയുടെ അകത്തളത്ത് സജ്ജീകരിച്ച കുടുസ്സു മുറിയിലിരുന്ന് പെണ്‍കൂട്ടിന്റെ അമരക്കാരി പി. വിജി സംസാരിച്ചു തുടങ്ങി. കേരളം വികസനത്തില്‍ കുതിക്കുമ്പോഴും ഒരു നഗരവും പരിഗണിക്കാത്ത പെണ്ണിന്റെ ആകുലതകളും തൊഴിലിടങ്ങളില്‍ പ്രാഥമിക ആവശ്യംപോലും നിഷേധിക്കപ്പെടുന്ന ചൂഷണ വ്യവസ്ഥിതിയുടെ ചീഞ്ഞു നാറ്റങ്ങളും പ്രതിഫലിപ്പിക്കുന്നു ആ വാക്കുകള്‍.
ചരിത്രമായി മാറിയ ‘മൂത്രപ്പുര സമരം’
മിഠായിത്തെരുവിലെ കടകളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് പെണ്‍കൂട്ട് അരങ്ങിലത്തെിയത്. ഇന്നിപ്പോള്‍ നഗരത്തില്‍ ജോലിചെയ്യുന്ന ഏതു പെണ്ണിനും തന്റെ എന്തു പ്രശ്‌നവും പെണ്‍കൂട്ടിനെ അറിയിക്കാം. മൂത്രപ്പുരക്കു വേണ്ടിയുള്ള സമരമായിരുന്നു ആദ്യമായി ‘പെണ്‍കൂട്ട് ‘ ഏറ്റെടുത്തത്. കോയന്‍കോ ബസാറിലെ പേ ബാത്‌റൂമില്‍ മൂത്രമൊഴിക്കാന്‍ ചെന്ന സ്ത്രീയെ ചില്ലറയുമായി ചെന്നില്ല എന്ന കാരണത്താല്‍ ആവശ്യം നിര്‍വഹിക്കാന്‍ സമ്മതിച്ചില്ല നടത്തിപ്പുകാര്‍. ഒരുപാട് കടകളുണ്ട് മിഠായിത്തെരുവില്‍. എല്ലായിടത്തും സ്ത്രീ തൊഴിലാളികളുമുണ്ട്. എന്നിരുന്നാലും ഒരിടത്തും മൂത്രപ്പുരയില്ല. മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ തൊട്ടടുത്ത ഹോട്ടലുകളിലെ ബാത്‌റൂം ഉപയോഗിക്കാനായി അവിടെ ചെന്ന് ചായകുടിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഹോട്ടലുകളിലെ ബാത്‌റൂമുകള്‍ പോലും സുരക്ഷിതമല്ലാതാവുന്ന കാലത്ത് ഈ പ്രാഥമികാവശ്യംപോലും നിര്‍വഹിക്കാനാവാതെ അത്യധികം പ്രയാസപ്പെട്ടു ഇവരെല്ലാം.
ഈ ആവശ്യത്തിനുവേണ്ടി പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ ശക്തമായി രംഗത്തുവന്നു. ഒപ്പുശേഖരണം നടത്തി. ലേബര്‍ ഓഫിസര്‍, വ്യാപാരി വ്യവസായി, സര്‍ക്കാര്‍ എന്നിവക്കെല്ലാം പരാതി നല്‍കി. പ്രത്യക്ഷ സമരത്തിനിറങ്ങി. ‘മിഠായിത്തെരുവ് മുഴുവന്‍ മൂത്രപ്പുരയാക്കാമെന്ന്’ മുതലാളിമാര്‍ കളിയാക്കിയെങ്കിലും പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടയാനാകില്‌ളെന്നു വ്യക്തമായപ്പോള്‍ വ്യാപാരി വ്യവസായി സമിതി തന്നെ മുന്‍കൈയെടുത്ത് എല്ലാ കടകളിലും മൂത്രപ്പുര തയാറാക്കി. ഇന്നിപ്പോള്‍ ഈ തെരുവിലെ എല്ലാ സ്ഥാപനങ്ങളിലും ബാത്‌റൂമുണ്ട്. ഇത് പെണ്‍കൂട്ടിന്റെ ആത്മവിശ്വാസമുയര്‍ത്തി. ഈ സമരത്തിന് പുരുഷന്‍മാരായ സഹപ്രവര്‍ത്തകരും പിന്തുണ നല്‍കിയിരുന്നു.
എന്നാല്‍, വിജയിച്ച ഒരു സമരം കൊണ്ട് അടങ്ങിയിരിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല. പെണ്‍കൂട്ട് പുതിയൊരു യുദ്ധമുഖത്തേക്കിറങ്ങുകയാണ്. ഇരിക്കാനുള്ള അവകാശം നേടാനുള്ള സമരത്തിന്. സ്ത്രീ പുരുഷ ഭേദമന്യേ കടകളില്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് നിലവില്‍ ഇരിക്കാന്‍ അനുവാദമില്ല. രാവിലെ ഷോപ്പുകളില്‍ ജോലിക്ക് കയറുന്നവര്‍ വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങും വരെ നില്‍ക്കുകയാണ്. നാലു ജീവനക്കാര്‍ക്ക് രണ്ടിരിപ്പിടം എന്ന കണക്ക് ലേബര്‍ ഓഫിസര്‍ക്കറിയാമെങ്കിലും കടയുടമകള്‍ അറിഞ്ഞ മട്ടില്ല. വിശ്രമ സമയവും കുറവാണ്. മൂത്രമൊഴിക്കാന്‍ 10 മിനിറ്റ്. ഭക്ഷണം കഴിക്കാന്‍ 20 മിനിറ്റ്. ഇതില്‍ കൂടുതല്‍ സമയമെടുത്താല്‍ കൂലി വെട്ടികുറക്കും. മിക്കവരും ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരായിരിക്കും. എന്തു പ്രയാസം സഹിച്ചാണെങ്കിലും എത്ര ചൂഷണത്തിനിരകളായാലും ഇവര്‍ ഈ തൊഴില്‍ വിടില്ല എന്ന ‘ആത്മ വിശ്വാസം’ ആണ് കടയുടമകളുടെ കൈമുതല്‍. എങ്കിലും തങ്ങളുടെ അവകാശത്തെകുറിച്ച് സ്ത്രീകളെ ബോധവല്‍ക്കരിക്കാനും അതു നേടുന്നതിന് അവരെ അണിനിരത്താനുമുള്ള ശ്രമത്തില്‍ നിന്ന് ഒരടി പിറകോട്ട് മാറാന്‍ ‘പെണ്‍കൂട്ട്’ ഒരുക്കമല്ല. ഇരിക്കാന്‍ അനുവദിക്കും വരെ സമരം ചെയ്യാനാണ് യൂനിയന്‍ തീരുമാനം. ഇതിനായി വനിതാ ദിനമായ മാര്‍ച്ച് എട്ടു മുതല്‍ മെയ് ഒന്നുവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുക, ജീവനക്കാരില്‍നിന്ന് ഒപ്പുശേഖരണം നടത്തുക, പോസ്റ്റര്‍ പ്രചരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുകയാണ്. മെയ് ഒന്നു വരെയും പരിഹാരമായില്‌ളെങ്കില്‍ അന്നേ ദിവസം മുതല്‍ ശക്തമായ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് വിജി പറഞ്ഞു.
ഇതിനു പുറമെ, വന്‍കിട ഷോപ്പുകളില്‍ വനിതാ ജോലിക്കാരെ കൊടിയ ചൂഷണത്തിരകളാക്കുന്നുണ്ട്. 9.30ന് തൊഴിലാളികള്‍ ജോലിക്കത്തെണം. എന്നാല്‍,10 മണിക്ക് മാത്രമേ ഹാജര്‍ പഞ്ച് ചെയ്യാന്‍ പാടുള്ളൂ. ഇതുപോലെ രാത്രി 7.30ന് പോകാനുള്ള പഞ്ച് ചെയ്യണം. എട്ടുമണിക്കേ ഇറങ്ങാന്‍ അനുവാദമുള്ളൂ. വന്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലാണ് ഈ ചൂഷണം കൂടുതല്‍. ജോലിയെടുക്കുന്ന അധികസമയമായ ഒരു മണിക്കൂര്‍ കണക്കില്‍പ്പെടുന്നില്ല. ഇതറിഞ്ഞ മനുഷ്യാവകാശ കമീഷന്‍ അനീതിക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
പെണ്‍കൂട്ടിന്റെ വഴികള്‍ ഇങ്ങനെ…
2008ല്‍ അസംഘടിത മേഖലാ തൊഴിലാളികളുടെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ബില്ല് പാസാക്കിയതോടെ ആണുങ്ങള്‍ മാത്രം പണിയെടുത്തിരുന്ന മിഠായിത്തെരുവിലെ പല കടകളിലും സ്ത്രീകളെ കാണാന്‍ തുടങ്ങി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മുതലാളിമാരില്‍നിന്ന് ലഭിച്ച മറുപടിയാണ് പെണ്‍കൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമായതെന്ന് വിജി. ആ മറുപടി ഇതായിരുന്നു.. ‘ആണുങ്ങള്‍ക്ക് ചായകുടിക്കാന്‍, സിഗററ്റ് വലിക്കാന്‍ എന്നിങ്ങനെ നൂറാവശ്യങ്ങള്‍ക്ക് ഇടക്കിടെ പുറത്തുപോകണം. സ്ത്രീകളായാല്‍ ആ പ്രശ്‌നമില്ല. കുറഞ്ഞ കൂലി കൊടുത്താല്‍ മതി. എന്തു പറഞ്ഞാലും അനുസരിക്കും സംഘടിച്ച് ശക്തരാകാനും സമരം ചെയ്യാനുമൊന്നും പോകില്ല.’ തൊഴില്‍ സ്ഥലത്ത് പെണ്ണനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങളുടെ ഉപരിതല ഘടനയായിരുന്നു ഇത്. ഇതുകേട്ടപ്പോള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് തോന്നി.
മുമ്പ് അജിത ‘അന്വേഷി’ക്ക് മുമ്പ് ‘ബോധന’ നടത്തിയിരുന്ന കാലത്ത് അതില്‍ പ്രവര്‍ത്തിച്ച പരിചയമാണ് മുതല്‍ക്കൂട്ട്. പാവകളെപ്പോലെ എന്തുപറഞ്ഞാലും അനുസരിക്കുന്ന സ്ത്രീകളെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ സജ്ജരാക്കണമെന്ന് തോന്നിയാണ് ഇറങ്ങിത്തിരിച്ചത്. തൊട്ടടുത്ത കടകളിലെ സ്ത്രീ ജീവനക്കാരുമായി ചേര്‍ന്ന് അസംഘടിത തൊഴിലാളി ക്ഷേമബില്ല് സ്ത്രീ തൊഴിലാളികള്‍ക്ക് എത്തരത്തില്‍ ഉപകാര പ്രദമാക്കാം എന്ന് ചിന്തിക്കാന്‍ തുടങ്ങി. സ്ത്രീ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലത്തെിക്കാന്‍ അങ്ങനെ 2009 കാലഘട്ടത്തില്‍ തുടങ്ങിയതാണ് ‘പെണ്‍കൂട്ട’്.
നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിയുടെ നേതൃത്വത്തില്‍ സുഹൃത്തിന്റെ തയ്യല്‍ക്കടക്കകത്തെ മുറി ഓഫിസാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. സാധാരണ സംഘടനാ സംവിധാനത്തില്‍നിന്നും തികച്ചും വ്യത്യസ്തമായി പെണ്‍കൂട്ടിന് മെമ്പര്‍ഷിപ്പോ രജിസ്റ്റര്‍ ചെയ്ത സംഘടനാ സംവിധാനമോ ഇല്ല. പ്രവര്‍ത്തനങ്ങള്‍ പ്രസ്ഥാനവത്കരിക്കപ്പെടാന്‍ ഇഷ്ടപ്പെടാത്ത,സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന ഒരു കൂട്ടം സ്ത്രീകളാണ് ഇതിന്റെ നെടും തൂണുകള്‍. എന്നാല്‍, പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ അസംഘടിത മേഖലാ തൊഴിലാളി യൂനിയന്‍ എന്നൊരു തൊഴിലാളി സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ 600 പേര്‍ സംഘടനയില്‍ അംഗങ്ങളാണ്. ഇതിന് രജിസ്‌ട്രേഷനും മെമ്പര്‍ഷിപ്പുമെല്ലാമുണ്ട്.
ആവശ്യം ന്യായമെങ്കില്‍ എല്ലാവരും കൂടെ നില്‍ക്കുമെന്നും വിജയം നേടാനാകുമെന്നും മൂത്രപ്പുര സമരം പഠിപ്പിച്ചു. പുരുഷനെ അകറ്റി നിര്‍ത്തേണ്ടതില്ല. സ്ത്രീയും പുരുഷനും ലോകത്ത് ആവശ്യമാണ്. സ്ത്രീകള്‍ക്ക് മാത്രമായി ബസ്, പൊലീസ് സ്റ്റേഷന്‍, പാര്‍ക്ക് എന്നിവയൊന്നും ആവശ്യമില്ല. ഇവ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകറ്റി പാര്‍ശ്വവത്കരിക്കുകയേയുള്ളൂ. സര്‍ക്കാര്‍ കൊണ്ടുവന്ന ‘ജെന്‍ഡര്‍ പാര്‍ക്ക്’ പോലുള്ള സംവിധാനങ്ങളൊന്നും നടപ്പിലാകില്ല. അത് പണം തട്ടാന്‍ വേണ്ടി മാത്രമുള്ളതാണെന്നാണ് വിജി പറയുന്നത്.
‘ആണുങ്ങളെ തല്ലിയ പെണ്ണുങ്ങള്‍’
പുരുഷനെ നേരിടാനുള്ള മാനസിക ആര്‍ജവം മാത്രമല്ല, ശാരീരിക കരുത്തും കൂടിയുണ്ട് തങ്ങള്‍ക്കെന്ന് പെണ്‍കൂട്ട് രണ്ടുവര്‍ഷം മുമ്പുതന്നെ തെളിയിച്ചിട്ടുണ്ട്. മിഠായിത്തെരുവില്‍ ജോലികഴിഞ്ഞു വരുന്ന ഒരു പെണ്‍കുട്ടിയെ ഒരുവന്‍ കയറിപ്പിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പെണ്‍കുട്ടി നിലവിളിച്ച് രക്ഷപ്പെട്ടോടി. തൊട്ടടുത്ത കടക്കാര്‍ ഇയാളെ പിടിച്ച് പെണ്‍കൂട്ടിനെ അറിയിച്ചു. സംഘടനാ ഭാരവാഹികള്‍ ചെന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ച് പരാതിയും നല്‍കി. എന്നാല്‍, പൊലീസ് ഇയാളെ വെറുതെവിട്ടു. ഇതോടെയാണ് സംഘടന നേരിട്ടു പ്രതികരിക്കാന്‍ തീരുമാനിച്ചത്. പുതിയ സ്റ്റാന്റില്‍നിന്ന് സ്ത്രീകളെ ശാരീരികമായി അതിക്രമിച്ചവരെ സംഘം ചേര്‍ന്ന് കൈകാര്യം ചെയ്തു. എന്നാല്‍, പൂവാലന്മാരെ കൈകാര്യം ചെയ്തുവെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പൂവാലന്മാരെയല്ല ശരീരികമായി സ്ത്രീകളെ അക്രമിച്ചവരെയാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്ന് വിജി പറയുന്നു.
ജോലിയില്‍ നിന്ന് അകാരണമായി പിരിച്ചുവിട്ട സ്ത്രീയെ സമരം ചെയ്ത് തിരിച്ചെടുവിപ്പിച്ച ചരിത്രവും പെണ്‍കൂട്ടിനുണ്ട്. ആറു കെട്ടിടങ്ങളില്‍ അടിച്ചുവാരുന്ന ഗിരിജയെന്ന സ്ത്രീയുടെതാണ് ഈ അനുഭവം. ഇവര്‍ക്ക് ആറുകെട്ടിടം വൃത്തിയാക്കിയാല്‍ 1000 രൂപ കിട്ടും. അടിച്ചുകൂട്ടിയ മാലിന്യം കോര്‍പ്പറേഷന്‍ വണ്ടിയില്‍ കയറ്റാന്‍ കോര്‍പ്പറേഷന്‍ തൊഴിലാളിക്ക് ഇവര്‍ 200 രൂപ കൈക്കൂലി നല്‍കണം. ഈ പരാതി പെണ്‍കൂട്ടിന് ലഭിച്ചപ്പോള്‍ കൈക്കൂലി നല്‍കേണ്ടെന്ന് പെണ്‍കൂട്ട് നിര്‍ദേശിച്ചു. കൈകൂലി ലഭിക്കാത്തതിനാല്‍ മാലിന്യമെടുക്കാന്‍ കോര്‍പ്പറേഷന്‍ തൊഴിലാളി തയാറായില്ല. ഗിരിജയെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടു. തുടര്‍ന്ന് സമീപ കടകളിലെ സ്ത്രീകളെല്ലാം ചേര്‍ന്ന് ഗിരിജയെ തിരിച്ചെടുക്കാന്‍ കടയടച്ച് സമരം നടത്തി. ഒടുവില്‍ ഗിരിജയെ തിരിച്ചെടുക്കുകയും കൈക്കൂലി വാങ്ങിയയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
മറ്റു സംഘടനകള്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമെന്ന് കാത്തിരിക്കേണ്ടതില്ല. തൊഴിലാളികള്‍ക്ക് വേണ്ടി രൂപം കൊണ്ടതെന്ന അവകാശമുന്നയിക്കുന്ന ഇടതുപക്ഷ സംഘടനകള്‍ പോലും അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നേരം പോക്കാന്‍ വരുന്നവരാണെന്നഭിപ്രായപ്പെട്ടിരുന്നു. അതിനാല്‍ മറ്റു സംഘടനകളെ മുഴുവന്‍ വിളിച്ചുകൂട്ടി ഫെബ്രുവരിയില്‍ ഒരു ചര്‍ച്ച നടത്തി. സ്ത്രീ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റിലേക്ക് ഉന്നയിക്കാമെന്ന തീരുമാനമെടുത്തു. അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും വിജി പറയുന്നു.
സമൂഹത്തില്‍ മുതലാളിത്തം മാത്രം എതിര്‍ക്കപ്പെട്ടിട്ട് കാര്യമില്ല. പുരുഷാധിപത്യത്തോടും ഒരു പോലെ യുദ്ധം ചെയ്യേണ്ടതുണ്ട്. ആണും പെണ്ണും ഒരു പോലെയോ അതില്‍ കൂടുതലോ പണിയെടുക്കുന്നു. ആണ് കൊണ്ടുവരുന്ന കൂലിയില്‍ പാതിയും മദ്യപാനത്തിനും മറ്റു ധൂര്‍ത്തിനും ചെലവഴിക്കുന്നു. പെണ്ണിന് കഷ്ടപ്പെട്ട് കിട്ടുന്ന കുറഞ്ഞ കൂലിയില്‍ മുഴുവന്‍ വീട്ടാവശ്യങ്ങള്‍ക്ക് ചെലവാക്കുന്നു. ഈ ആണുങ്ങള്‍ വീട്ടിലത്തെിയാല്‍ പെണ്ണിന് സൈ്വര്യവും നല്‍കുന്നുമില്ല. എന്നിട്ടും ‘തൊഴിലാളി വര്‍ഗ സംഘടനകള്‍ക്ക്’ വോട്ട് നല്‍കുന്നു. ഇവിടെ വോട്ടു ബാങ്ക് പുരുഷന്‍ ആണ്. ഈ ആധിപത്യം തകര്‍ക്കപ്പെടുമ്പോഴേ പെണ്ണിന് രക്ഷയുള്ളൂ. സമൂഹത്തിന്റെ കാണാക്കയറുകള്‍ പൊട്ടിച്ച് മുന്‍ നിരയില്‍ ഇറങ്ങി പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള കരുത്ത് പെണ്ണുങ്ങള്‍ നേടണം പെണ്‍കൂട്ടിന്റെ കുടുസ്സുമുറി ഓഫിസിലിരുന്ന് വിജി ഇതു പറയുമ്പോള്‍ അവരുടെ മുഖത്ത് ആത്മവിശ്വാസവും ശുഭ പ്രതീക്ഷയുമായിരുന്നു നിറഞ്ഞത്.
കടപ്പാട്: മാധ്യമം