സെയില്‍സ്‌ഗേളിന് ഇരിക്കാന്‍ പാടില്ലേ?

textile-workers2

സെയില്‍സ്‌ഗേളിന് ഇരിക്കാന്‍ പാടില്ലേ?

ജെന്നിസുല്‍ഫത്ത്jenny-sulfath

(മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളുടെ അവസ്ഥയെ കുറിച്ച് ജെന്നി സുല്‍ഫത്ത് എഴുതിയ ലേഖനം.)

‘വീട്ടിലെ പണികളൊക്കെ ഒരുവിധം തീര്‍ത്ത് ബസ്സില്‍ തൂങ്ങിയാടി 9.30നു മുമ്പുതന്നെ ഷോപ്പിലെത്തി. ഓണത്തിരക്ക് സമയം. ലീവെടുക്കാനും പറ്റില്ല. ഷോപ്പിലെ തിരക്കുകള്‍ക്കിടയില്‍ ‘പെണ്ണായതിന്റെ വയറുവേദനയും നടുവേദനയും’ തിരക്കില്ലെങ്കിലും നടുവളച്ചൊന്നിരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ലല്ലോ. ആളൊഴിഞ്ഞ നേരത്ത് ഒരഞ്ചുമിനിറ്റ് മേശയുടെ മൂലയില്‍ ചാരിയൊന്ന് ഇരുന്നുപോയി. വിളിവരാതിരുന്നതുകൊണ്ട് സമാധാനിച്ചു. മുതലാളി അറിഞ്ഞിട്ടില്ല. വൈകുന്നേരം ഹാന്‍ഡ്ബാഗ് എടുക്കാന്‍ ചെന്നപ്പോള്‍ കൗണ്ടറില്‍ നിന്നറിയിച്ചു. നാളെമുതല്‍ വരേണ്ട.’ ഫ്യൂഡല്‍ കാലഘട്ടത്തിലെയോ ഏതെങ്കിലും പിന്നോക്കരാജ്യത്തിലെയോ തൊഴിലാളിയുടെ അനുഭവമല്ല സംഘടിതതൊഴിലാളി പ്രസ്ഥാനങ്ങളുടെ വളക്കൂറുള്ള കോഴിക്കോട് നഗരത്തിലെ ഒരു പ്രമുഖ തുണിക്കടയിലെ സെയില്‍സ്‌ഗേളിന്റെ അനുഭവമാണിത്. ഇന്നവര്‍ മറ്റൊരു ഷോപ്പിംഗ് മാളില്‍ രാവില 9.30 മുതല്‍ രാത്രി 8 മണിവരെ ഇരിക്കാതെ പണിയെടുക്കുന്നു. പേരും സ്ഥാപനത്തിന്റെ പേരും പറഞ്ഞാല്‍ ഉള്ള പണി പോവുമെന്ന് മാത്രമല്ല ചിലപ്പോള്‍ ഇനിയൊരു സ്ഥാപനത്തിലും പണികിട്ടിയെന്നു വരില്ല എന്നവര്‍ ഭയക്കുന്നതുകൊണ്ട് പറയുന്നില്ല.പേരും മുഖവുമൊക്കെ വ്യത്യസ്ഥമാണെങ്കിലും കേരളത്തിലെ നഗരങ്ങളിലെ തുണിക്കടകളിലൊക്കെ ഇവരെ കാണാം. കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങള്‍ നമ്മുടെ മുന്നില്‍ നിവര്‍ത്തിയിടുമ്പോള്‍ ഒന്നു പാളിനോക്കുക. ഈ വില്പനക്കാരിയുടെ പിന്നില്‍ ഒരു കൊച്ചുസ്റ്റൂള്‍എങ്കിലും ഉണ്ടോ എന്ന്.

‘വലിയ തിരക്കില്ലാത്ത സെക്ഷനില്‍ പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. പിരീഡ്‌സ് ആയതു കാരണം വല്ലാത്ത അസ്വസ്ഥത. ഒന്ന് ഇരിക്കണമെന്നുണ്ട്. ഞങ്ങള്‍ക്ക് ഇരിക്കാന്‍ പാടില്ലല്ലോ. അറിയാതെ ചുമര് ചാരി നിന്നു പോയി. പെട്ടെന്നതാ വിളിവരുന്നു. തിരക്ക് കൂടിയ സെക്ഷനില്‍ ചെല്ലാന്‍. കസ്റ്റമര്‍ ഇല്ലാത്ത സമയം ഒന്നു ചാരിനിന്നതിന്റെ ശിക്ഷയാ. പിന്നെ ഈ സെക്ഷനില്‍ത്തന്നെ സ്ഥിരം പണി. ഇത് മറ്റൊരു ഷോപ്പിംഗ് മാളിലെ സെയില്‍സ്‌ഗേളിന്റെ അനുഭവം. സാമൂഹ്യപുരോഗതിയുടെയും തൊഴിലവകാശങ്ങളുടെയും സംഘടിതബോധത്തിന്റെയുമൊക്കെ പേരില്‍ ഊറ്റം കൊള്ളുന്ന പ്രസ്ഥാനങ്ങളുടെ നാട്യങ്ങള്‍ കാറ്റുനിറച്ച ബലൂണുകളാണെന്ന് സംഘടിതപ്രസ്ഥാനങ്ങളുടെയൊന്നും കണ്‍വെട്ടത്തുപോലും വരാത്ത് ഇവരുടെയൊക്കെ അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

കാര്‍ഷികമേഖല തളരുകയും നഗരവല്‍ക്കരണം ധ്രുതഗതിയില്‍ മുന്നേറുകയും ചെറുകടകളില്‍ നിന്നും ഉപഭോഗം നഗരങ്ങളിലെ വന്‍ഷോപ്പിംഗ് മാളുകളിലേക്കും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും വെഡ്ഡിംഗ് സെന്ററുകളിലേക്കും സ്ഥാനം മാറുകയും ചെയ്യുമ്പോള്‍ മാറുന്ന ഉപഭോഗശീലങ്ങള്‍ക്കനുസരിച്ച് ഉപഭോക്താവിനെ സ്വീകരിക്കാനും ആനയിച്ച് ഇരുത്താനും പാകത്തിലുള്ള ഒരുതൊഴിലാളിസമൂഹവും രൂപപ്പെടുന്നുണ്ട്. കച്ചവടസ്ഥാപനങ്ങളിലെ സെയില്‍സ്മാന്‍മാരും സെയില്‍സ് വുമണ്‍മാരുമാണ് ഇവര്‍.

നഗരത്തിന് ഈ തൊഴില്‍ സേനയെ ലഭ്യമാവുന്നത് നഗരപാര്‍ശ്വങ്ങളിലെയും മറ്റ് പാര്‍ശ്വപ്രദേശങ്ങളിലെയും അടിസ്ഥാനജനവിഭാഗങ്ങളില്‍ നിന്നാണ്. വന്‍കിട ഷോപ്പിംഗ് മാളുകളിലും വെഡ്ഢിംഗ്‌സെന്ററുകളിലും ഒരു മുതലാളിയുടെ കീഴില്‍ ചിലപ്പോള്‍ 500തൊഴിലാളികള്‍ വരെ ഉണ്ടാകും. ഇവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീത്തൊഴിലാളികളാണ്. സ്ത്രീകള്‍ പഠിക്കണം സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു ജോലി വേണം. ഈ ത്വര ഏതെങ്കിലും തരത്തില്‍ ഒരു തൊഴില്‍ തെരഞ്ഞെടുക്കാന്‍ പെണ്ണിനെ പ്രേരിപ്പിക്കുന്നു. പ്രാഥമികവിദ്യാഭ്യാസം നേടിയ ഒന്നാം തലമുറയുടെ ‘നല്ലജോലി’ എന്ന ആഗ്രഹം നഗരങ്ങളിലേയ്ക്ക് വരാനും ഭേദപ്പെട്ടതെന്ന് തോന്നിക്കുന്ന തൊഴില്‍ തെരഞ്ഞെടുക്കാനും അവളെ തയ്യാറാക്കുന്നു. കൃഷിപ്പണി, കെട്ടിടനിര്‍മ്മാണം തുടങ്ങിയ തൊഴില്‍ മേഖലകള്‍ കൂടുതല്‍ ദിവസവരുമാനം തരുമെങ്കിലും തുടര്‍ച്ചയായ തൊഴില്‍ദിനങ്ങള്‍ ഉണ്ടാകുന്നില്ല എന്നതും മറ്റ് കൂലിത്തൊഴിലുകളെ അപേക്ഷിച്ച് പ്രത്യക്ഷത്തില്‍ തൊഴില്‍ വൈദഗ്ദ്യമോ കായികാധ്വാനമോ ആവശ്യമില്ലാത്ത് മേഖല എന്നതും വെയില്‍കൊള്ളാതെ മുറിക്കകത്ത് നിന്ന് ചെയ്യാവുന്ന പണി എന്ന നിലയിലും ഈ മേഖലയെ ആകര്‍ഷകമാക്കുന്നുണ്ട്. വെറുതെ വീട്ടിലിരിക്കുന്നതുകൊണ്ട് പണിക്കുപോകുന്നു എന്ന സാമാന്യബോധത്തിനപ്പുറം നിലനില്‍പിനുള്ള വരുമാനമാണ് മിക്കസ്ത്രീകള്‍ക്കും ഈ തൊഴില്‍. അതുകൊണ്ടാണ് ‘എന്തുകൊണ്ട് ഈ ജോലി’ എന്ന ചോദ്യത്തിന് ഗതികേടുകൊണ്ട് എന്ന് അവരില്‍ പലരും ഉത്തരം പറഞ്ഞത് ചെറുകടകളില്‍ കിട്ടുന്ന ചെറിയ ചിലസ്വാതന്ത്ര്യങ്ങള്‍ പോലും വന്‍കടകളില്‍ ലഭിക്കാറില്ലെന്ന് ഇത്തരം ഷോപ്പിംഗമാളുകളിലെ സ്ത്രീത്തൊഴിലാളികള്‍ പറയുന്നു.

ചെറുകടകളിലെ സെയില്‍സ്‌ഗേളുകള്‍ മലയാളിയുടെ ആദര്‍ശ കുടുംബസങ്കല്പത്തിനു പുറത്ത് പ്രശ്‌ന കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണെന്ന മുന്‍വിധി മലയാളി പൊതുബോധത്തിനുണ്ട്. പൊതുസ്ഥലങ്ങളില്‍ അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്ന സ്ത്രീകളോടുള്ള മലയാളിയുടെ സവര്‍ണപൊതുബോധമാണ് ഇതിനുകാരണം.

ചെറുകടകളിലേതിനെക്കാള്‍ സുരക്ഷിതരാണ് തങ്ങളുടെ സ്ത്രീകള്‍ എന്ന തോന്നല്‍ ഉള്ളതുകൊണ്ടാണ് കൃത്യസമയത്ത് വീട്ടുമുറ്റത്തെത്തുന്ന സ്ഥാപനങ്ങളുടെ വാഹനത്തില്‍ കയറ്റി ക്യാമറനിരീക്ഷണം ഉള്ള വന്‍കടകളിലേയ്ക്ക് സ്ത്രീകളെ അയയ്ക്കാന്‍ സവര്‍ണപുരുഷാധിപത്യബോധത്തിന്റെ ഉടമകള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ താരതമ്യേന മെച്ചമെന്ന് വിശ്വസിക്കപ്പെടുന്ന വന്‍ഷോപ്പിംഗ് മാളുകളിലെയും വെഡ്ഢിംഗ് സെന്ററുകളിലെയും ‘നിങ്ങളുടെ സ്വകാര്യസ്വത്ത് ഞങ്ങളുടെ കൈകളില്‍ സുരക്ഷിതം’ എന്ന് തോന്നിപ്പിക്കുന്ന തൊഴില്‍ പരിസരങ്ങള്‍ അങ്ങേയറ്റം ചൂഷണാധിഷ്ഠിതവും പീഢനാത്മകവുമാണ്. തൊഴില്‍ ചൂഷണത്തിനെതിരെ മാത്രമല്ല സമൂഹത്തിന്റെ സവര്‍ണപൊതുബോധത്തിനെതിരെയും സമരം ചെയ്യേണ്ട അവസ്ഥയാണ് ഇവര്‍ക്കുള്ളത്. ‘സര്‍വ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍. നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കൈച്ചങ്ങലകള്‍ മാത്രം കിട്ടാനുള്ളതോ പുതിയൊരുലോകവും’ സംഘടിച്ചാല്‍ നഷ്ടപ്പെടുക കൈച്ചങ്ങലകളല്ല ഉപജീവനമാര്‍ഗ്ഗമായ തൊഴില്‍തന്നെയാണെന്ന് ഭയം കൊണ്ടോ തങ്ങളെ സംഘടിപ്പിക്കാന്‍ തക്ക വര്‍ഗ്ഗബോധമുള്ളവര്‍ കൂട്ടത്തില്‍ ഇല്ലാത്തതുകൊണ്ടോ കേരളത്തിലെ ലക്ഷകണക്കിനു വരുന്ന ഈ തൊഴിലാളികള്‍ അസംഘടിതരാണ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ സ്ത്രീത്തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ മുതലാളിക്കുള്ള പ്രധാന താല്പര്യം സംഘടിക്കാനുള്ള പ്രവണത സ്ത്രീത്തൊഴിലാളികള്‍ക്ക് ഇല്ല എന്നതുതന്നെയാണ്. സംഘടിച്ച് അവകാശങ്ങള്‍ വാങ്ങാനുള്ള അവസ്ഥയില്‍ എത്താത്തതുകൊണ്ട് ചെറുത്ത് നില്പില്ലാതെ കിട്ടുന്ന വേതനത്തിന് സ്ത്രീകള്‍ പണിയെടുത്തുകൊള്ളുമെന്ന് മുതലാളിക്ക് അറിയാം. കോഴിക്കോട്ടെ ‘പെണ്‍കൂട്ട’് എന്ന സ്ത്രീസംഘടനയുടെ നേതൃത്വത്തിലുള്ള ‘അസംഘടിത മേഖലാതൊഴിലാളിയൂണിയന്‍’ ഒഴിച്ചാല്‍ പൂര്‍ണമായും അസംഘടിതരാണിവര്‍.

‘ഇരിക്കരുത’് എന്ന അലിഖിതനിയമം കേരളത്തിലെ എല്ലാ വന്‍കിട ഷോപ്പിംഗ് മാളുകളിലെയും വെഡ്ഢിംഗ് സെന്ററുകളിലെയും കര്‍ശന നിബന്ധനയാണ്. ചെറിയകടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കര്‍ശനമല്ലെങ്കില്‍ പോലും ഈ നിയമം പാലിക്കപ്പെടുന്നുണ്ട്. രാവിലെ 9മണിമുതല്‍ രാത്രി 8 മണിവരെ ഒരൊറ്റനില്പാണെന്ന് കരഞ്ഞുകൊണ്ട് ഒരു വന്‍വസ്ത്രവ്യാപാരസ്ഥാപനത്തിലെ സ്ത്രീത്തൊഴിലാളി പറയുമ്പോള്‍ രാവിലെ 9മണിമുതല്‍ രാത്രി 9മണിവരെ ഒരു യന്ത്രത്തെപ്പോലെ ഞാന്‍ തുടച്ചുകൊണ്ടേയിരിക്കുന്നു എന്ന് കോഴിക്കോട്ടെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിലെ ക്ലീനിംഗ് തൊഴിലാളി പരിതപിക്കുന്നു. തൊഴില്‍ അവകാശങ്ങളുടെ ലംഘനം മാത്രമല്ല ഗുരുതരമായ മനുഷ്യാവകാശലംഘനം കൂടിയാണ് ഇത് കേരളഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് 1960 പ്രകാരം സെയില്‍സ്മാന്‍/ സെയില്‍സ് വുമണിന്റെ ജോലി സമയം 8 മണിക്കൂര്‍ ആണ്. ഓവര്‍ടൈം അടക്കം 10 മണിക്കൂറില്‍ കൂടുതല്‍ ഒരു കാരണവശാലും ജോലി ചെയ്യിക്കരുതെന്നും നിയമത്തില്‍ പറയുന്നുണ്ട്.

കോഴിക്കോട് നഗരത്തിലെ വന്‍കടകളില്‍ 8മണിക്കൂര്‍ ജോലിസമയം ഉള്ള ഒരു കടപോലും ഇല്ല. 10മണിക്കൂറില്‍ കുറഞ്ഞ് തൊഴിലെടുക്കുന്ന ഒരു തൊഴിലാളിയുമില്ല. വര്‍ഷങ്ങളായി ഈ തൊഴില്‍ രംഗത്തുള്ള പലരും 10 മണിക്കൂറും അതിലധികവും നില്ക്കുന്നതുകൊണ്ട് സ്ഥിരമായി നടുവേദനയും കാലുവേദനയും അനുഭവിക്കുന്നവരാണ്. ക്യാമറയുടെ നിരീക്ഷണത്തിലായതുകൊണ്ട് എവിടെയെങ്കിലും ചാരിനിന്നാല്‍പോലും എക്സ്റ്റന്‍ഷന്‍ ഫോണില്‍ വിളിവരികയും നടപടികള്‍ ഉണ്ടാവുകയും ചെയ്യുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഒരു സെക്കന്റ് സമയമെങ്കിലും ഒന്ന് ഇരിക്കാനായി തുണി നിലത്തേക്കിട്ട് കുനിഞ്ഞെടുക്കുന്ന അനുഭവം ചില സ്ത്രീകള്‍ പറഞ്ഞു. ഉപഭോക്താവ് ഇല്ലാത്ത സമയത്ത് ഇരുന്നതിനോ ചാരിനിന്നതിനോ പണിയെടുത്തുകൊണ്ടിരുന്ന സെക്ഷന്‍ മാറ്റുക,മാനസികമായി പീഡിപ്പിക്കുക, മറ്റ് പണികള്‍ ചെയ്യിക്കുക എന്നിവയൊക്കെ സാധാരണമാണ്. യൂറോപ്യന്‍ ക്ലോസറ്റുകള്‍ 5 മിനുട്ട് ഇരിക്കാനുള്ള അവസരമായി വിനിയോഗിക്കുന്നവരും ഉണ്ട്. കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സെക്ഷന്‍ 8 പ്രകാരം തുടര്‍ച്ചയായി 8മണിക്കൂര്‍ സെയില്‍സ്മാന്‍/ വുമണ്‍മാരെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പാടില്ല. 4 മണിക്കൂര്‍ അധ്വാനത്തിന് 1മണിക്കൂര്‍ ഇടവേള നിര്‍ബന്ധമായും നല്‍കിയിരിക്കണം. നിയമം നിലനില്‌ക്കെയാണ് ഉപഭോക്താവ് ഇല്ലാത്തപ്പോള്‍ പോലും ഇവര്‍ക്ക് ഇരിക്കാന്‍ അനുവാദമില്ലാത്തത് ഈ തൊഴിലാളികള്‍ പറയുന്നു ക്യാമറക്കുമുന്നില്‍ തുണികള്‍ എടുത്തുവെച്ചും മടക്കിവെച്ചും ഞങ്ങള്‍ പണിചെയ്ത്‌കൊണ്ടേയിരിക്കും പഴയ മുത്തശ്ശിക്കഥയിലെ ഭൂതത്തെപ്പോലെ ഇരിക്കരുത്. എന്നത് ഫ്യൂഡല്‍ വിധേയത്വത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുമ്പോള്‍ ആധുനിക മൂലധനത്തിന്റെ മര്‍ദ്ദനത്തിനു വിധേയരായി അച്ചടക്കം ചെയ്‌തെടുക്കപ്പെടുകയാണ് ഇരിക്കാന്‍ അനുവദിക്കപ്പെടാത്ത ഇവരും.

തൊഴില്‍ സ്ഥലത്തെ ഏറ്റവും പ്രധാനപ്രശ്‌നമായി വന്‍ ഷോപ്പിംഗ് സെന്ററുകളിലെ തൊഴിലാളികള്‍ പറയുന്നത് തങ്ങളുടെ ചലനങ്ങളെ നിരീക്ഷിച്ചു നിയന്ത്രിക്കുന്ന ക്യാമറകളെക്കുറിച്ചാണ് ചെറിയകടകളില്‍ മുതലാളിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവര്‍ എങ്കില്‍ വന്‍ഷോപ്പിംഗ് സെന്ററുകളില്‍ ഓരോഫ്‌ളോറുകളിലും ഫ്‌ളോര്‍മാനേജര്‍മാരും സൂപ്പര്‍വൈസര്‍മാരും മുഴുവന്‍സമയവും തൊഴിലാളികളെ വീക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. മുക്കിലും മൂലയിലും വെച്ചിട്ടുള്ള ക്യാമറകള്‍ സ്ഥാപന മുതലാളിയുടെ സ്വകാര്യലാപ്‌ടോപ്പുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും തൊഴിലാളികള്‍ നിരീക്ഷിക്കപ്പെടുന്നു. കടകളിലെ മോഷണങ്ങള്‍ നിരീക്ഷിക്കാന്‍ എന്ന് കരുതുന്ന ക്യാമറകള്‍ പലപ്പോഴും തൊഴിലാളികളെ നിരീക്ഷിക്കാനും ശിക്ഷാ നടപടികള്‍ സ്വീകരിക്കാനുമാണ് ഉപയോഗിക്കപ്പെടുന്നത്. അടിയന്തരസമയങ്ങളില്‍ ഉപയോഗിക്കാനായി തങ്ങളുടെ ബാഗുകളില്‍ സൂക്ഷിച്ചിട്ടുള്ള സാനിട്ടറിപാഡുകള്‍പോലും രഹസ്യമായി എടുക്കാന്‍ പറ്റാറില്ലെന്ന് അവര്‍ പറയുന്നു.

പഞ്ചിംഗ്

കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട ഷോപ്പിംഗ് മാളുകളിലെല്ലാം 9 മണിക്കോ 9.30നോ സെയില്‍സ്മാന്‍/ വുമണ്‍ സ്ഥാപനത്തില്‍ കയറണം തങ്ങളുടെ ബാഗുകള്‍ നിശ്ചിതസ്ഥലത്ത് സൂക്ഷിക്കാന്‍ ഏല്പിച്ച് തങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട സ്ഥലത്ത് എത്തുമ്പോള്‍ മുതല്‍ ഇവര്‍ക്യാമറയുടെ നിരീക്ഷണത്തിലാണ്. പ്രധാനപ്പെട്ട എല്ലാ വന്‍കടകളിലും പഞ്ചിംഗ് മെഷീന്‍ ഉണ്ട്. കൃത്യസമയത്തുതന്നെ മെഷീനില്‍ പഞ്ചുചെയ്യണം. കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട ഒരു തുണിക്കടയിലെ തൊഴിലാളികള്‍ പറഞ്ഞത് 9.30ന് സ്ഥാപനത്തില്‍ കയറണം 10 മണിക്കാണ് പഞ്ച്‌ചെയ്യാന്‍അനുവദിക്കുന്നത്. മിക്കകടകളിലും കയറുമ്പോള്‍ തന്നെ പഞ്ച് ചെയ്യിക്കും. നാലോ അഞ്ചോ മിനുട്ടിലുള്ള വ്യത്യാസം പോലും യന്ത്രത്തില്‍ രേഖപ്പെടുത്തുന്നതുകൊണ്ട് മുതലാളിക്ക് നഷ്ടപ്പെട്ട മിനുട്ടുകള്‍ ഒന്നിച്ചുകൂട്ടി അധികസമയം പണിയെടുപ്പിക്കും. എന്നാല്‍ യന്ത്രത്തകരാറുകള്‍മൂലം തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്താതെപോവുകയും പിന്നീട് നാലോഅഞ്ചോ ദിവസങ്ങള്‍ വരെ ഇതുമൂലം അധികം അധ്വാനിക്കേണ്ടി വരികയും ചെയ്ത അനുഭവവും ചില തൊഴിലാകള്‍ക്കുണ്ട്. നിയമപ്രകാരം 4 മണിക്കൂര്‍ തുടര്‍ച്ചയായ അധ്വാനത്തിന് 1 മണിക്കൂര്‍ വിശ്രമം നല്‍കണം. എന്നാല്‍ മിക്കസ്ഥാപനങ്ങളിലും 10 മണിക്കൂര്‍ വരെ പണിയെടുപ്പിക്കുമ്പോള്‍ 20 മിനുട്ട് ഭക്ഷണത്തിനും 10 മിനുട്ട് ടോയ്‌ലെറ്റില്‍ പോകാനും അനുവദിക്കുന്നു. മൂത്രമൊഴിക്കാന്‍ പോകുന്നതും ഭക്ഷണം കഴിക്കാന്‍ പോകുന്നതും പഞ്ചിംഗ് മെഷീനില്‍ പഞ്ച് ചെയ്തിട്ടായിരിക്കും. ടോയ്‌ലെറ്റുകള്‍ താഴെയാണെങ്കില്‍ അഞ്ചാം നിലയിലോ, ആറാം നിലയിലോ ഉള്ള തൊഴിലാളി താഴെ വന്ന് ടോയ്‌ലറ്റില്‍ പോയി തിരിച്ചെട്ടുമ്പോഴേക്ക് അനുവദിച്ച 10 മിനുട്ട് സമയം തീര്‍ന്നിരിക്കും. അധികമെടുത്ത ഓരോ മിനുട്ടും പിന്നീട് അധികസമയം പണിയെടുത്ത് തീര്‍ക്കണം. ഒരു ദിവസം ഒരു തൊഴിലാളിയില്‍ നിന്ന് 1 മിനിട്ട് കിട്ടിയാല്‍ പോലും 300 തൊഴിലാളികളുള്ള ഒരു സ്ഥാപനത്തിന് അധികഅധ്വാനം കിട്ടുന്നത് മാസത്തില്‍ 150 മണിക്കൂര്‍ വരെയാണ്.അധികസമയത്തെ പേടിച്ചോ സൗകര്യങ്ങളില്ലാത്തതുകൊണ്ടോ മൂത്രമൊഴിക്കുകപോലും ചെയ്യാത്ത പലതൊഴിലാളികളില്‍ നിന്നായി കിട്ടുന്ന 10 മിനുട്ടുകള്‍ ഒന്നിച്ചു വെക്കുമ്പോള്‍ മുതലാളിക്ക് ലഭിക്കുന്നതാകട്ടെ വന്‍തോതിലുള്ള കൂലിയില്ലാത്ത അധ്വാനമാണ്. വൃക്കതകരാറുകളും ഗര്‍ഭാശയരോഗങ്ങളുമടക്കം പലഅസുഖങ്ങളുള്ളവര്‍ ഈ യാന്ത്രികതകള്‍ക്കിടയില്‍ പരിഗണിക്കപ്പെടാതെ പോകുന്നു. കേരളത്തിലെ നഗരങ്ങളിലെ പല സ്ഥാപനങ്ങളിലും മൂത്രപ്പുരകളില്ലാത്തതുകൊണ്ട് 10 മണിക്കൂറിലധികം മൂത്രമൊഴിക്കാതെ പിടിച്ചുവെക്കുന്ന സ്ത്രീകളാണധികവും. ഭാവിയില്‍ മൂത്രാശയ-ഗര്‍ഭാശയരോഗങ്ങള്‍ക്കു കൂടി ഈ സ്ത്രീകള്‍ വിധേയരാകും.

മൂത്രപ്പുര സമരം.

മൂത്രമൊഴിക്കാനുള്ള സ്ഥലത്തിനും സമയത്തിനും വേണ്ടി 2008ല്‍ സമരം ചെയ്തവരാണ് കോഴിക്കോട്ടെ പെണ്‍കൂട്ടിന്റെ നേതൃത്വത്തിലുള്ള അസംഘടിതമേകല തൊഴിലാളി യൂണിയന്‍. മുതലാളിയുടെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങി ഏതെങ്കിലും ഹോട്ടലുകളില്‍ ചായകുടിക്കാനെന്ന പേരിലോ പൊതുമൂത്രപ്പുരകളിലോ പോകണമായിരുന്നു.സ്ഥാപനത്തിലെ സ്ത്രീതൊഴിലാളികള്‍ക്ക് പലപ്പോഴും മുതലാളിമാരുടെ അശ്ലീലച്ചുവയുള്ള കമന്റുകളെ നേരിടാന്‍ ഭയന്നും ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടും തിരിച്ചു വീട്ടിലെത്തുന്നതുവരെ മൂത്രമോഴിക്കാതിരിക്കുയായിരുന്ന തൊഴിലാളി സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്നസമരം വിജയമായിരുന്നു. കളക്ടറുടെ നേരിട്ടുള്ള ഇടപെടലും സ്‌ക്വാഡുകള്‍ രൂപീകരിച്ച് നടത്തിയ പരിശോധനയും ഇന്ന് കോഴിക്കോട് നഗരത്തിലെ എല്ലാ കെട്ടിടങ്ങളോടനുബന്ധിച്ചും മൂത്രപ്പുരകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തിയിരിക്കുകയാണ്. എന്നാല്‍ കേരളത്തിലെ മറ്റുനഗരങ്ങളും ചെറുപട്ടണങ്ങളും ഈ സ്ഥിതിയില്‍ എത്തിയിട്ടില്ല. മൂത്രക്കടച്ചില്‍ പോലെയുള്ള രോഗങ്ങള്‍ ഉള്ളവരാണ് ബഹുഭൂരിപക്ഷം സെയില്‍സ്‌ഗേളുകളും. മൂത്രമൊഴിക്കുക എന്നത് ജൈവികമായ ഒരാവശ്യമാണെന്ന് അംഗീകരിക്കാന്‍പോലും തയ്യാറാകാതിരുന്ന മുതലാളിമാര്‍ സ്ത്രീകള്‍ ട്യൂബിട്ട് സഞ്ചിഫിറ്റുചെയ്യമണമെന്നും മൂത്രമൊഴിക്കാനല്ല കുത്തിയിരിക്കാനാണ് പോകുന്നത് എന്നുമൊക്കെ ആക്ഷേപിക്കുമായിരുന്നു എന്ന് സ്ത്രീകള്‍ ഓര്‍ക്കുന്നു.

Satgurus-Textile-World

സേവനവേതനവ്യവസ്ഥകള്‍

150 വര്‍ഷം മുമ്പ് ചിക്കാഗോവിലെ തൊഴിലാളികള്‍ രക്തം ചിന്തിനേടിയെടുത്ത 8 മണിക്കൂര്‍ അധ്വാനം തന്നെയാണ് നിയമപ്രകാരം ഷോപ്പുകളിലെ തൊഴിലാളികളും ചെയ്യേണ്ടത്. കേരളഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, 1960 (Kerala shops and commercial establishments act, 1960. Chapter II) അധ്യായം 2 തൊഴിലാളിയുടെ തൊഴില്‍ സമയത്തെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ദിവസം 8 മണിക്കൂറാണ് ജോലി സമയം ആഴ്ചയില്‍ 48 മണിക്കൂര്‍ അതായത് 6 ദിവസം 8 മണിക്കൂര്‍ വീതം. താല്കാലിക ജീവനക്കാര്‍ക്കും സ്ഥിരജീവനക്കാര്‍ക്കും ഈ നിയമം ഒരു പോലെ ബാധകമാണ്.ഓവര്‍ടൈം അടക്കം 10മണിക്കൂറില്‍ കൂടുതല്‍ ഒരു കാരണവശാലും ജോലിചെയ്യിക്കരുതെന്നും നിയമത്തിലുണ്ട്. 8 മണിക്കൂറിലധികം ചെയ്യുന്ന ജോലിക്ക് വേതനത്തിന്റെ ഇരട്ടി കൂലിക്ക് അര്‍ഹതയുണ്ട്. 6 മണിക്കൂറിനു ശേഷം സ്ത്രീത്തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതിന് തൊഴില്‍ വകുപ്പിന്റെ പ്രത്യേകഅനുമതിയും വാങ്ങേണ്ടതുണ്ട്.
സെയില്‍സ്മാന്‍/ വുമണിന്റെ ജോലിസമയം 8 മണിക്കൂറുള്ള ഒരു സ്ഥാപനം പോലും കോഴിക്കോട് നഗരത്തില്‍ ഇപ്പോള്‍ ഇല്ല. 10ഉം 11ഉം മണിക്കൂര്‍ വരെയാണ് ജോലിസമയം. ചിലസ്ഥാപനങ്ങള്‍ ഓവര്‍ടൈം എന്ന പേരില്‍ നാമമാത്രമായ തുകകൊടുക്കുന്നുമുണ്ട്.

ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും തൊഴിലാളിക്ക് അവധികൊടുക്കണം. കോഴിക്കോട് നഗരത്തിലെ ബഹുഭൂരിപക്ഷം കടകളിലും ആഴ്ചയില്‍ 7 ദിവസവും തൊഴിലാളികള്‍ എത്തണം. ആഴ്ചയില്‍ ഒരു ദിവസം അടച്ചിടാത്ത കടകള്‍ക്ക് പിഴ ഈടാക്കാന്‍ നിയമമുണ്ട്. നാമമാത്രപിഴ അടച്ചുകൊണ്ട് തുറന്നുപ്രവര്‍ത്തിക്കുവയാണ് ഈ കടകള്‍ എല്ലാം. കേരളത്തിലെ എല്ലാ നഗരങ്ങളിലെയും സ്ഥിതി ഇതു തന്നെയാണ്.കേരളഷോപ്പസ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ ആക്ടിന്റെ മൂന്നാം അദ്ധ്യായത്തില്‍ അവധികളെയും ലീവിനെയും കുറിച്ച് പ്രതിപാദിക്കുന്ന മൂന്നാം അധ്യായത്തില്‍ തുടര്‍ച്ചയായി 12മാസം പൂര്‍ത്തിയാക്കിയ ഒരു തൊഴിലാളിക്ക് ഓരോ ആഴ്ചയിലെ ഒരു നിര്‍ബന്ധിത അവധി ദിവസം കൂടാതെ വര്‍ഷത്തില്‍ 12 ദിവസത്തേക്ക് ശമ്പളത്തോടൂകൂടിയ അവധിക്ക് അക്തഹതയുണ്ട് . അപകടമോ രോഗങ്ങളോ ഉണ്ടായാല്‍ ശമ്പളത്തോടുകൂടി 12 ദിവസത്തെ സിക്ക് ലീവിനും സ്ത്രീ തൊഴിലാളികള്‍ക്ക് 12 ആഴ്ച ശമ്പളത്തോടുകൂടിയ പ്രസവാവധിക്കും അര്‍ഹതയുണ്ട്. (6 ആഴ്ച പ്രസവത്തിനുമുമ്പും 6 ആഴ്ച പ്രസവത്തിനുശേഷവും). കൂടാതെ ഗര്‍ഭനിരോധന ശസ്ത്രക്രിയയ്ക്ക് 14 ദിവസത്തെ സ്‌പെഷല്‍ കാഷ്വല്‍ ലീവും ഉണ്ട്.1 കൊല്ലം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് 12 ദിവസം ആര്‍ജ്ജിതഅവധിയുമുണ്ട്. എന്നാല്‍ നഗരത്തിലെ പ്രധാനകടകള്‍ മിക്കതിലുംമാസത്തില്‍ 2 ദിവസം മാത്രമാണ് ആകെ അവധി നല്‍കുന്നത് .പലര്‍ക്കും ഇങ്ങനെയൊരു നിയമമുള്ളതുപോലും അറിയില്ല. അവധിയെടുത്താല്‍ പിരിച്ചുവിടുമോ എന്ന് ഭയന്ന് മക്കളോ ബന്ധുക്കളോ ആശുപത്രിയില്‍ അഡ്മിറ്റായാല്‍പോലുംഅവധിയെടുക്കാത്തവരാണ് ഈ തൊഴിലാളികള്‍. കാരണമില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ 6ദിവസത്തിനകം ഡെപ്യൂട്ടിലേബര്‍ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കാനും ഈ നിയമത്തിന്റെ സെക്ഷന്‍ 8 അനുശാസിക്കുന്നു.അവധിയെടുത്തതുകൊണ്ടും അവകാശങ്ങള്‍ ചോദിച്ചതുകൊണ്ടും പിരിച്ചുവിടപ്പെട്ട ധാരാളം തൊഴിലാളികള്‍ ഈമേഖലയില്‍ ഉണ്ട് . തുടര്‍ച്ചയായി 6മാസംവരെ ഒരു തൊഴിലുടമയുടെ കീഴില്‍ പണിയെടുത്ത തൊഴിലാളിക്ക് ചുരുങ്ങിയത് ഒരുമാസം മുമ്പെങ്കിലും നോട്ടീസ് നല്‍കിയതിനുശേഷം മാത്രമെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ നിയമം അനുവദിക്കുന്നുളളൂ.സ്വഭാവദൂഷ്യം ആരോപിക്കപ്പെടുകയാണെങ്കില്‍ അന്യേഷണം നടത്തി വ്യക്തമായ തെളിവിന്റെ പിന്‍ബലത്തില്‍ മാത്രം നോട്ടീസ് നല്കാതെ പിരിച്ചുവിടാന്‍ വകുപ്പുമുണ്ട്. മിനിമം വേജസ് ആക്ട് പ്രകാരം ഒരുദിവസം പണിയെടുത്താല്‍ പോലും മിനിമം വേതനം നല്കിയിരിക്കണം. ജി.ഒ .(എം.എസ്) നമ്പര്‍ 100/2009 തൊഴില്‍ പ്രകാരം ഒരുസെയില്‍സ്മാന്‍- വുമണിന്റെ ഇപ്പോഴത്തെ അടിസ്ഥാന ശമ്പളം 3954 രൂപയും ഡി എ യുംഉള്‍പ്പെടെ തുടക്കത്തില്‍ മിനിമം കൂലി 7500രൂപയ്ക്കടുത്തുവരും. ശമ്പളത്തില്‍ ഓരോകൊല്ലവും 5ശതമാനം വെയിറ്റേജിനും അക്തഹതയുണ്ട്. എന്നാല്‍ വന്‍കിട ഷോപ്പുകളില്‍ 10 മണിക്കൂറിലധികം ജോലിചെയ്യുന്നസെയില്‍സ് ഗേളിന് 4000രുപ മുതലാണ് പ്രതിമാസ ശമ്പളം. 3വര്‍ഷം കഴിഞ്ഞവര്‍ക്ക് പരമാവധി ലഭിക്കുന്നത് 8500 രുപയാണ് 400 തൊഴിലാളികള്‍ വരെയുളള വന്‍കിട ഷോപ്പിംഗ് സെന്ററുകളില്‍പ്പോലും നിയമപരമായി സ്ഥിരം തൊഴിലാളിയായി രേഖപ്പെടുത്തിയിരിക്കുന്നവര്‍ ചുരുക്കം മാത്രമാണ് . അതിനാല്‍ ഈനിയമത്തില്‍ വെളളംചേര്‍ക്കാന്‍ മുതലാളിക്ക് എളുപ്പമാണ്. രേഖപ്രകാരമുളള തൊഴിലാളികള്‍ക്കുപോലും 8 മണിക്കൂര്‍ ജോലിക്കുമാത്രമുളള മിനിമം കൂലി മാത്രമേ ലഭിക്കാറുളളൂ തൊഴിലാളിയെ നിയമിക്കുമ്പോള്‍ പ്രബേഷന്‍ കാലാവധി എന്ന് രേഖപ്പെടുത്തി നിയമന ഉത്തരവ് നല്കിയിരിക്കണമെന്ന് നിര്‍ബന്ധനിയമമുണ്ട്. കൂടാതെ തൊഴിലാളികളെ സംബന്ധിച്ച തൊഴില്‍ രജിസ്റ്റര്‍, സര്‍വ്വീസ് റെക്കോഡ് , അവധിദിന രജിസ്റ്റര്‍ , ലീവ് രജിസ്റ്റര്‍ , ഹാജര്‍പ്പട്ടിക ,വേതനരജിസ്റ്റര്‍ ഓവര്‍ടൈം രജിസ്റ്റര്‍ , വേജ്സ്ലിപ്പ് തുടങ്ങിയവയൊക്കെ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കണം .കേരളഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടിന്റെ പ്രസക്ത ഭാഗങ്ങളുടെ മലയാളം പരിഭാഷയും ഓരോകടയിലും പ്രദര്‍ശിപ്പിക്കേണ്ടതുമുണ്ട്.12 മാസം പൂര്‍ത്തിയാക്കിയാല്‍ തൊഴിലാളിക്ക് ലഭിക്കേണ്ട നിയമസംരക്ഷണവും ആനുകൂല്യങ്ങളും ഒഴിവായികിട്ടാന്‍ അതിനുമുമ്പ് തൊഴിലാളിയെ തെറ്റായ കാരണം പറഞ്ഞോ സര്‍വ്വീസ്‌ബ്രേക്ക് വെച്ചോ പിരിച്ചുവിടുന്നു.തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന എല്ലാ പ്രതികരണങ്ങള്‍ക്കും തടയിടാന്‍ പിരിച്ചുവിടല്‍ ഭീഷണി മുതലാളിയുടെ പ്രധാന ആയുധമാണ്.ലേബര്‍ ഓഫീസര്‍മാര്‍ കടകള്‍ സന്ദര്‍ശിക്കണമെന്നും തൊഴിലാളകളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ക്ഷേമം ഉറപ്പുവരുത്തണമെന്നുമാണ് നിയമം . പലപ്പോഴും കൈക്കൂലിക്കിടയില്‍ ഒതുങ്ങിപ്പോവുകയാണ് നിയമം. ചിലപ്പോള്‍ ഓഫീസര്‍മാരുടെ കൈയിലെ ലറ്റര്‍പാഡുവരെ ഏതെങ്കിലും സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ ഷിപ്പായിരിക്കും സ്ത്രീതൊഴിലാളികളും തൊഴില്‍മാനേജ്‌മെന്റ് ടെക്‌നിക്കുകളും തൊഴില്‍സ്ഥാപനത്തിനകത്ത് ആന്തരീകമായ ഒരു വികേന്ദ്രീകരണം സൃഷ്ടിച്ചും ലേബര്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും കൂടുതല്‍ കച്ചവടസാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്നവര്‍ക്ക് റിവാര്‍ഡുകള്‍ നല്കിയും കൂടുതല്‍ അച്ചടക്കം സൃഷ്ടിച്ചെടുക്കുന്ന ഒരു പ്രവര്‍ത്തന തന്ത്രമാണ് മാനേജ്‌മെന്റ് നടപ്പിലാക്കുന്നത് . തൊഴിലാളികള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന മത്സരസ്വഭാവം അവര്‍ തമ്മിലുള്ളഐക്യത്തിന് പലപ്പോഴും തടസ്സമാകുന്നു. പരസ്പരമുള്ള ആശയസംവേദം തടയാനുള്ള മൂലധനത്തിന്റെ മാര്‍ഗ്ഗങ്ങളാണ് തൊഴിലാളികള്‍ക്ക് വ്യത്യസ്ഥസമയങ്ങളിലെ ഇടവേളകള്‍ നിരീക്ഷണക്യാമറകള്‍ എന്നിവ.

ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്ന പരിചരണം, ഉപഭോക്താവിനെക്കൊണ്ട് സാധനങ്ങള്‍ വാങ്ങിപ്പിക്കല്‍ തുടങ്ങിയ കച്ചവടതന്ത്രത്തില്‍ പാളിച്ച വന്നാല്‍, തൊഴില്‍ സ്ഥലത്ത് ക്ഷീണിതയായി ഒന്നു ചാരിനിന്നാല്‍ പോലും ക്യാമറസംവിധാനം വഴിയും ഇന്റര്‍നെറ്റ് സംവിധാനം വഴിയും അത് നിരീക്ഷിക്കാനും ലോകത്തെവിടെയാണെങ്കിലും വിളിച്ച് ശകാരിക്കാനും കഴിയുന്ന തരത്തില്‍ സാങ്കേതികവിദ്യനല്കുന്ന ഒരുപുറം കേന്ദ്രീകരണവും (External cetnralisation) ഇവിടെ പ്രവര്‍ത്തനക്ഷമമാണ്.

തൊഴിലും കുടുംബസാമൂഹ്യബന്ധങ്ങളും

കുടുംബത്തിനുപുറത്ത് തൊഴില്‍ ചെയ്യുന്ന സ്ത്രീയ്ക്ക് ഇരട്ടി അധ്വാനവും ഇരട്ടിചൂഷണവുമാണ് ഇന്ന് വ്യവസ്ഥ നല്‍കുന്നത്. 10-12 മണിക്കൂര്‍ തൊഴില്‍ ചെയ്യുന്ന സെയില്‍സ്‌ഗേളിന് ഗാര്‍ഹികഅധ്വാനവും കൂടി കണക്കിലെടുത്താല്‍ ഉറക്കം 4-5 മണിക്കൂര്‍ മാത്രമാണ്, രാവിലെ 8.30 ഓടെയെങ്കിലും വീട്ടില്‍ നിന്ന് പുറപ്പെടേണ്ടിവരുന്ന ഇവര്‍ രാത്രി 9 മണിയോടെയാണ് തിരിച്ചെത്തുന്നത്. നിലനില്ക്കുന്ന ഔപചാരികത്തൊഴില്‍ മേകലകളില്‍ നിന്ന് വ്യത്യസ്തമായി നീണ്ടതൊഴില്‍ മണിക്കൂറുകള്‍ കുടുംബ സാമൂഹ്യബന്ധങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതവും പഠന വിധേയമാക്കണം. കുടുംബബന്ധങ്ങള്‍ പരിചരണബന്ധങ്ങളായാണ് ഇന്ന് നിലനില്‍ക്കുന്നത്. ഭര്‍ത്താവ്, കുട്ടികള്‍, മുതിര്‍ന്നവര്‍ ഒക്കെ ഈ കുടുംബത്തിനകത്ത് സ്ത്രീ പരുചരണം കാത്തിരിക്കുന്നവരാണ്. ഈ പരിചരണത്തിലുണ്ടാകുന്ന വിള്ളലുകള്‍ കുടുംബബന്ധങ്ങള്‍ക്ക് പലവിധ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ദീര്‍ഘനേരം വിട്ടുനില്‍ക്കുന്നതുകൊണ്ടുള്ള മാതൃപരിചരണത്തിന്റെ അഭാവം കുട്ടികളില്‍ നീണ്ടുനില്‍ക്കുന്ന അസുഖബാധ ഉണ്ടാക്കുന്നതായും രോഗാതുരതകൂടുന്നതായും ഇവര്‍ പറയുന്നു. കുട്ടികളുടെ സാമൂഹ്യവല്‍ക്കരണത്തിനും മാനസിക വളര്‍ച്ചയ്ക്കും മാതൃപരിചരണത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ആഘാതം കുട്ടികളുടെ സ്വഭാവരൂപവല്‍ക്കരണത്തെത്തന്നെ ബാധിക്കുന്നതായും ഇവര്‍പറയുന്നു.

ഒരു സെയില്‍സ്‌ഗേളിന് വ്യവസ്ഥാപിതതൊഴില്‍ സമയത്തിലുമധികം അധ്യാനിക്കേണ്ടി വരുമ്പോള്‍ അവളുടെ കുട്ടികളും ചില മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ബോധ്യപ്പെട്ട സന്ദര്‍ഭങ്ങളുമുണ്ട്. സ്‌കൂളിലെ ക്ലാസ്സ് പി.ടി.എ യോഗത്തിന് ചെല്ലാതിരുന്നതിന് ഒരു തൊഴിലാളി സ്ത്രീയുടെ മകളോട് ‘രാത്രി 9 മണിവരെയും നിന്റമ്മയ്ക്ക് പണിയാണോ’ എന്ന അദ്ധ്യാപകന്റെ ചോദ്യത്തിന് ഒരുപാട് മാനങ്ങളുണ്ട്. 9 മണി എന്നത് തൊഴിലാളിയുടെ തെരഞ്ഞെടുക്കലല്ലെന്നും കുട്ടി ആ ചോദ്യമുണ്ടാക്കുന്ന മാനസികസംഘര്‍ഷം എത്ര വലുതാണെന്നും പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. മൂലധനതാല്പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍നന്നായി വസ്ത്രം ധരിക്കേണ്ടത് ഒരനിവാര്യതയാകയാല്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളേക്കാള്‍ നല്ല വസ്ത്രമോ ചെരിപ്പോ ധരിച്ചാലും അമ്മ നല്ല ഗ്ലാമറില്‍ ഒരുങ്ങിപ്പോകുമ്പോള്‍ നീ എന്താ ഇങ്ങനെ വരുന്നതെന്ന ചോദ്യം കുട്ടികള്‍ പൊതുവേ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് വളരെ ലളിതമെന്ന് പൊതുവേ തോന്നുമെങ്കിലും ഒരു സേയില്‍സ്‌ഗേളില്‍ നിന്നുള്ള ഈ അനുഭവവിവരണവും പ്രസക്തമാണ്.

തൊഴില്‍സ്ഥലത്തേക്കുള്ള യാത്രകള്‍ തൊഴിലുടമയുടെ തന്നെ വാഹനത്തിലാണെങ്കില്‍ വീടിനു പുറത്തുള്ള സാമൂഹ്യബന്ധങ്ങള്‍ക്കുള്ള സാധ്യതകൂടി ഈ സ്ത്രീത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുകയാണ്. തൊഴിലിടങ്ങള്‍ പരസ്പരം സൗഹൃദബന്ധങ്ങള്‍പോലും സാധ്യമല്ലാത്തവിധം മൂലധനതാല്പര്യങ്ങള്‍സംരക്ഷിക്കപ്പെടുന്ന ഇടവുമാണ്. വീടിന്റെയും തൊഴില്‍ സ്ഥലത്തിന്റെയും അടഞ്ഞലോകത്ത് ആവശ്യമായ വിശ്രമവും ഉറക്കവുമില്ലാത്ത നാമമാത്രമായ കൂലിക്കുവേണ്ടി സ്വന്തം ശാരീരികാരോഗ്യം പോലും അവഗണിക്കേണ്ടി വരുന്ന ഗതികേടിലാണിവര്‍.

056A4383-Edit-2-22 (1)

സ്ത്രീകളുടെ വസ്തുവല്‍ക്കരണം

സ്ത്രീശരീരത്തെ പരസ്യങ്ങളിലൂടെ സാധനങ്ങള്‍ വിറ്റഴിക്കാനുള്ള ലൈംഗികശരീരവസ്തു പോലെ കച്ചവടസ്ഥാപനങ്ങളെ ആകര്‍ഷകമാക്കാനുള്ള ഒരു ഉപകരണമെന്നനിലയില്‍ കൂടി സെയില്‍സ്‌ഗേളുകളെ മൂലധനം ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രായമായവരോ, കറുത്തവരോ നിര്‍വചിതമായ സൗന്ദര്യസങ്കല്‍പങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്നവരോ ആയ സ്ത്രീകളെ കഴിവതും ഒഴിവാക്കാനുള്‌ല പ്രവണത സ്ഥാപനങ്ങള്‍ക്കുണ്ട്. വിവാഹം, പ്രസവം പോലുള്ള അവസരങ്ങള്‍ തൊഴിലാളികളെ പിരിച്ചുവിടാനുള്ള സന്ദര്‍ഭമായി ഉപയോഗപ്പെടുത്താനും ഉപയോഗിക്കാനും ചെറുപ്പക്കാരികളെ റിക്രൂട്ട് ചെയ്യാനുള്ള അവസരമാക്കാനും ഇവര്‍ക്ക് കഴിയുന്നു. മുതിര്‍ന്ന സ്ത്രീകളുടെ മേല്‍ പ്രയോഗിക്കുന്നതിനെക്കാള്‍ പുരുഷാധികാരം യുവതികളുടെമേല്‍ പ്രയോഗിക്കാനും സ്ഥാപനമേധാവികള്‍ക്ക് കഴിയുന്നു.

തൊഴിലിടത്തിന്റെ സ്ത്രീവല്‍ക്കരണം.

1990 കള്‍ക്കുശേഷം നവഉദാരീകരണസാമ്പത്തികനയങ്ങളുടെ ഭാഗമായി ലോകത്താകമാനം വര്‍ധനമായിക്കൊണ്ടിരിക്കുന്നഒരു പ്രവണതയാണ് തൊഴില്‍ വിപണിയിലെ സ്ത്രീ പങ്കാളിത്തം. ഫ്യൂഡല്‍ഗാര്‍ഹികാടിമത്തത്തില്‍നിന്ന് മോചനം നേടി ഉല്‍പ്പാദനപ്രവര്‍ത്തനത്തിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടുന്നതും സ്വന്തമായി വരുമാനമുണ്ടാക്കുന്ന തൊഴില്‍ചെയ്യുന്നതും പൊതുവില്‍ സാമൂഹികപുരോഗതിയായാണ്.വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കാനും തുല്യപങ്കാളിത്തവും സാമൂഹിക പദവിയും നേടാനും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഏറെ സാധ്യത നല്‍കുന്നുവെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍ കേരളം പോലെ സ്ത്രീ പുരുഷ അധികാരബന്ധങ്ങളില്‍ ഇപ്പോഴും ഫ്യൂഡല്‍മനോഭാവം നിലനില്‍ക്കുന്ന സമൂഹത്തില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ലൈംഗികവിവേചനത്തില്‍നിന്നുമുക്തിയുണ്ടാക്കാനോ കൂലിയില്ലാ വീട്ടുവേലയിലും കുട്ടികളുടെയും മുതിര്‍ന്നവരുടേയും പരിചരണ പ്രവര്‍ത്തനങ്ങളിലും സ്ത്രീ പുരുഷതുല്യത ഉറപ്പാക്കാനുള്ള ചെറിയ സാധ്യതപോലും സൃഷ്ടിച്ചെടുക്കാനോ ഇടയാക്കിയിട്ടില്ല എന്നതാണ് ഖേദകരമായ വസ്തുത. കുറഞ്ഞ വരുമാനം മാത്രം ലഭിക്കുന്ന തൊഴില്‍ സുരക്ഷിതത്വം തീരെയില്ലാത്ത മേഖലകളിലാണ് സ്ത്രീകള്‍ കൂടുതലും പ്രവേശിക്കപ്പെടുന്നത്. ആഗോളവത്ക്കരണത്തിന്റെ ഭാഗമായി ഉല്പാദനത്തിന്റെയും വിതരണത്തിന്റെയുമൊക്കെ മേഖലകളില്‍ വന്ന മാറ്റത്തിന്റെ ഫലമായി ഏറ്റവും കുറഞ്ഞ ചെലവില്‍ അധ്വാനത്തെ ഉപയോഗപ്പെടുത്തുക എന്ന പദ്ധതിയുടെ ഭാഗമായിട്ടു കൂടിയാണ് സ്ത്രീകളുടെ വര്‍ദ്ധിച്ച തോതിലുള്ള തൊഴില്‍ പ്രവേശം നടക്കുന്നത്.

തൊഴില്‍ സുരക്ഷിതത്വമുള്ള പല തൊഴില്‍ മേഖലകളിലും ദിവസക്കൂലിക്കാരെ നിയമിക്കുമ്പോള്‍ പോലും ആണ്‍പെണ്‍ തെരഞ്ഞെടുപ്പിന് അവസരമുണ്ടെങ്കില്‍ സ്ത്രീകളെ തഴയാനുള്ള പ്രവണതയാണ് തൊഴിലുടമ പ്രകടിപ്പിക്കുന്നത്. പ്രസവാനുകൂല്യങ്ങള്‍ നല്‍കേണ്ടി വരിക. ഗാര്‍ഹികാധ്വാനബാധ്യതയുള്ളവരായതുകൊണ്ട് തൊഴിലിടങ്ങളില്‍ Etxra time ലഭ്യമാവാതിരിക്കുക. സ്ത്രീകള്‍ കഴിവില്ലാത്തവരാണെന്ന മുന്‍വിധി തുടങ്ങിയവയൊക്കെ ഇതിന് കാരണമാണ്. എന്നാല്‍ അസംഘടിത മേഖലകളില്‍ സ്ത്രീത്തൊഴിലാകള്‍ക്കാണ് മുന്‍ഗണന. തൊഴില്‍ ഉടമകള്‍ തന്നെ പറയുന്നതുപോലെ സ്ത്രീകളാകുമ്പോള്‍ സംഘടിച്ച് അവകാശങ്ങള്‍ ചോദിക്കില്ല. കിട്ടുന്ന കൂലിക്ക് പണിയെടുക്കും. ചായകുടിക്കാന്‍, മൂത്രമൊഴിക്കാന്‍ എന്നിങ്ങനെ ഇടവേളകള്‍ ചോദിക്കില്ല.അവധി ആവശ്യപ്പെടില്ല. തുടങ്ങിയവയൊക്കെ ഈ മുന്‍ഗണനയ്ക്ക്കാരണങ്ങളാണ് തൊഴിലവകാശങ്ങളൊന്നും നല്കാതെ ദീര്‍ഘിച്ചതൊഴില്‍ മണിക്കൂറുകള്‍ സ്ത്രീത്തൊഴിലാളികളില്‍ നിന്ന് പിഴിഞ്ഞെടുക്കാന്‍ മുതലാളിക്ക് എളുപ്പമാണ്. തൊഴില്‍ വിപണിയെ വഴക്കമുള്ളതാക്കാനും ഒരു പരിധിവരെ ട്രേഡ് യൂണിയന്‍ മുക്തമാക്കാനും ഇതുവഴി സാധിക്കുന്നു. ജോലിക്കൊരു സ്ഥിരസ്വഭാവമില്ലാത്തതിനാലും സ്ത്രീയെന്ന നിലയിലുള്ള പ്രത്യുത്പാദന- കുടുംബ സാമൂഹ്യബാധ്യതകള്‍ നിറവേറ്റാന്‍ നിര്‍ബന്ധിതമായതിനാലും പലപ്പോഴും ചുരുങ്ങിയ കാലം മാത്രമാണ് ഒരു സ്ത്രീത്തൊഴിലാളി ഒരു സ്ഥാപനത്തില്‍ പണിയെടുക്കുക. വിവാഹവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും പരിചരണവുമെല്ലാം സ്ത്രീകള്‍ക്ക് അധിക ബാധ്യത സൃഷ്ടിക്കുന്നതിനാല്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ തൊഴില്‍ ഉപേക്ഷിക്കാന്‍ സ്ത്രീത്തൊഴിലാളികളിലൊരു വലിയ വിഭാഗം നിര്‍ബന്ധിതരാകുന്നു.

ഗാര്‍ഹികച്ചുമതലകള്‍ മുഴുവന്‍ സ്ത്രീകളിലേല്പിച്ചാണ് ഒരു പുരുഷത്തൊഴിലാളിയുടെ തൊഴില്‍വിപണിയിലെ അധ്വാനം. എന്നാല്‍ സ്ത്രീകള്‍ വീട്ടുജോലിയുടെയും പുറം ജോലിയുടെയും ഇരട്ടഭാരം പേറേണ്ടി വരുന്നു. ഗാര്‍ഹികാധ്വാനവും കുട്ടികളുടെയും വൃദ്ധരുടേയും പരിചരണവും കുടുംബത്തിലെ പുരുഷനും പങ്കുവെക്കുകയോ ബദല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തുകൊണ്ടല്ലാതെ പരിഹരിക്കപ്പെടാന്‍ കഴിയുന്ന ഒന്നല്ല ഇത്.

ഭൗതികപുരോഗതി ഉണ്ടാവുമ്പോഴോ തൊഴില്‍ പങ്കാളിത്തം ഉണ്ടാവുമ്പോഴോ സ്ത്രീ പദവി യാന്ത്രികമായി ഉയരില്ല. തുല്യതയ്ക്കും നീതിയ്ക്കും വേണ്ടിയുള്ള സ്ത്രീസമരങ്ങളുടെ സാഹചര്യത്തിലേ അത് ഉയരൂ. എന്നാല്‍ പുരുഷത്തൊഴിലാളികളുടെ bread winner മാതൃകയെ ആസ്പദമാക്കി രൂപം കൊണ്ട ട്രേഡ് യൂണിയന്‍ സംവിധാനങ്ങള്‍ വേതനവര്‍ധനവിനായും തൊഴിലവകാശസംരക്ഷണത്തിനായിപ്പോലും സ്ത്രീതൊഴിലാളികളെ ഉള്‍ക്കൊണ്ട് സമരം നടത്താന്‍ അപര്യാപ്തമാണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. അംഗത്വസ്വഭാവത്തിലൂന്നിയ നിലപാടുകളാല്‍ നയിക്കപ്പെടുന്ന വ്യവസ്ഥാപിത ട്രേഡ് യൂണിയനുകള്‍ക്ക് സ്ഥിരസ്വഭാവമില്ലാത്ത അസംഘടിത തൊഴിലാളികളില്‍ താല്പര്യക്കുരവ് സ്വാഭാവികവുമാണ്. ഒരേ കൊടിക്കു താഴെ മുതലാളികളും തൊഴിലാളികളും അംിനിരക്കുമ്പോള്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കപ്പെടുക എന്ന ചോദ്യം തൊഴിലാളികള്‍ ഉന്നയിക്കുന്നത് പ്രസക്തവുമാണ്. തൊഴിലാളിസ്തരീകള്‍ അനുഭവിക്കുന്നത് കേവലം തൊഴില്‍ പ്രശ്‌നം മാത്രമല്ലെന്നും മിറച്ച് തൊഴിലാളികള്‍ സ്ത്രീകള്‍ ആകുന്നതുകൊണ്ട് കൂടിയുള്ള പ്രശ്‌നങ്ങളാണെന്നുമുള്ള തിരിച്ചറിവ് വ്യവസ്ഥാപിതട്രേഡ് യൂണിയനുകള്‍ക്ക് അന്യമാണ്. അതുകൊണ്ടാണ് സ്ത്രീകളുടെ മുന്‍കയ്യിലുള്ള അസംഘടിതമേഖലതൊഴിലാളി യൂണിയന്‍ അംഗബലത്തില്‍ മറ്റ് യൂണിയനുകളെക്കാണ്‍ പിന്നിലാണെങ്കിലും മൂത്രപ്പുര സമരം നടത്തി വിജയിപ്പിക്കാനും ഇരിക്കല്‍ സമരം നടത്താനും മുന്നോട്ട് വരേണ്ടി വരുന്നത് പല രാഷ്ട്രീയമിത്തുകളെയും പൊളിച്ചെഴുതിക്കൊണ്ട് സ്ത്രീപക്ഷത്തുനില്ക്കുന്ന ബദല്‍ അന്വേഷണങ്ങളും ട്രേഡ് യൂണിയനുകളും വികസിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഇരിക്കാനുള്ള അവകാശം: സമരം ചെയ്യാതെ വനിതാ ജീവനക്കാര്‍ മടങ്ങി


തുണിക്കടകളിലെ വനിതാ ജീവനക്കാര്ക്ക് മെയ് ദിനത്തില്‍ പോലും അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാനായില്ല. ഇരിക്കല്‍ സമരത്തിനെത്തിയ വനിതകള്‍ വാര്‍ത്താ ചാനലുകള്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതോടെ സ്വന്തം കടകളിലേക്ക് മടങ്ങി. ടെലിവിഷനില്‍ മുഖം കണ്ടാല്‍ ഉള്ള ജോലി കൂടി നഷ്ടപ്പെടും എന്ന ഭയമായിരുന്നു കാരണം. രാവിലെ 10 മണിയ്ക്ക് കിഡ്‌സണ്‍ കോര്‍ണറിലായിരുന്നു ആദ്യം സമരം നിശ്ചയിച്ചത്. കടകളിലെ യൂണിഫോമിട്ട് പല വനിതാ തെഴിലാളികളും സമരത്തിനെത്തി. പക്ഷെ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ വാര്‍ത്താ ചാനലുകളിലെ ക്യാമറകള്‍ എത്തിയതോടെ കഥ മാറി. തൊഴിലാളികള്‍ എല്ലാം സ്വന്തം കടകളിലേക്ക് തിരിച്ചു നടന്നു. കാരണം ലളിതം. സമരത്തില്‍ പങ്കെടുത്തുവെന്ന് മുതലാളി അറിഞ്ഞാല്‍ ഉള്ളജോലിയും നഷ്ടപ്പെടും എന്ന ഭയം. മെയ് ദിനത്തില്‍ പോലും ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥ.

ഇതിനിടെ സമരത്തിന് പിന്തുണയുമായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ എത്തി. എഴുത്തുകാരായ എം എന്‍ കാരശ്ശേരി, ദീദി ദാമോദരന്‍, ബി എം സുഹറ, അജിത, ഗ്രോ വാസു തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടും. തുടര്‍ന്ന് പ്രതീകത്കമായ കസേരയുമെടുത്ത് മിഠായത്തെരുവിലൂടെ പ്രകടനം. പിന്നെ കടകള്‍ക്ക് മുന്നില്‍ കസേരയിട്ട് എല്ലാവരും ഇരുന്നു. ഒരിക്കല്‍ കസേരകള്‍ തൊഴിലാളികളെ തേടി എത്തുമെന്ന പ്രതീക്ഷയോടെ…

 

ഇരിക്കല്‍ സമരം എന്തിന്?

അഥവാ എന്തുകൊണ്ട് ഞങ്ങള്‍ ഇരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്നു?

irikkal samaram1പ്രിയരെ

ഞങ്ങള്‍ തൊഴിലാളികള്‍ 2014 മെയ് 1-ാം തീയ്യതി, സാര്‍വ്വദേശീയ തൊഴിലാളി ദിനത്തില്‍ ‘ഇരിക്കല്‍ സമരം’ എന്ന പുതിയ ഒരു സമരമുഖത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളും ഷോപ് തൊഴിലാളികളുമടക്കമുള്ള അസംഘടിതമേഖലയിലെ തൊഴിലാളികള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന അതിദാരുണമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും തൊഴിലവകാശ ലംഘനങ്ങള്‍ക്കെതിരെയുമാണ് ഈ സമരം. അസംഘടിതമേഖലയിലെ വിശിഷ്യ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ ആരോഗ്യകരമായ തൊഴിലവകാശങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ സമരമെന്ന് കൂടി വ്യക്തിമാക്കട്ടെ.
ഒട്ടനവധി നിയമങ്ങള്‍ ഉള്ള നാടാണ് നമ്മുടെ ജനാധിപത്യ ഇന്ത്യ. കേരളമാകട്ടെ രാഷ്ട്രീയ പ്രബുദ്ധതയിലും തൊഴിലവകാശത്തിലും വര്‍ഷങ്ങളോളം പാരമ്പര്യമുള്ള നാടും. ഇവിടെ ഇത്തരത്തില്‍ ഒരു മേഖലയിലെ തൊഴിലാളികള്‍ ഒന്ന് ഇരിക്കാന്‍ പോലുമുള്ള മനുഷ്യാവകാശം ലഭിക്കാതെ കടന്നു പോകുന്നത് നമ്മുടെ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന ഒന്നാണ്. ലേബര്‍ ഓഫീസര്‍മാരടക്കമുള്ള അധികാരികള്‍ ഈ മനുഷ്യാവകാശലംഘനങ്ങള്‍ക്കു ചൂട്ടുപിടിക്കുകയാണ്. ടെക്‌സ്റ്റൈല്‍സ് മുതലാളിമാര്‍ നല്‍കുന്ന കൈക്കൂലിയാണ് ഇവരുടെ കണ്ണു മഞ്ഞളിപ്പിക്കുന്നത് എന്നാണ് ഇതിനോടകമുള്ള ഞങ്ങളുടെ ജീവിതാനുഭവം സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട അധികാരികളുടെ കണ്ണ് തുറപ്പിക്കാനും നീതിയും നിയമവും അനുസരിച്ചുള്ള അവകാശങ്ങള്‍ ടെക്‌സ്റ്റൈല്‍സ് തൊഴിലാളികള്‍ക്കും ഷോപ്പ് തൊഴിലാളികള്‍ക്കും നേടിയെടുക്കാനും വേണ്ടിയുള്ള അവകാശസമരമാണിത്. ഇരിക്കാ നും മിനിമം കൂലി, മാക്‌സിമം തൊഴില്‍സമയം ക്ലിപ്തപ്പെടുത്തല്‍, പ്രസവാനുകൂല്യങ്ങള്‍, മറ്റ് തൊഴിലവകാശങ്ങള്‍ എന്നീ ന്യായമായ അവകാശങ്ങള്‍ ഞങ്ങള്‍ ഈ സമരത്തിലൂടെ ഉയര്‍ത്തുകയാണ്. അസംഘടിതമേഖലയിലെ തൊഴിലാളികളെ അടിമതുല്യം ചൂഷണം ചെയ്യുന്ന മുതലാളിമാരുടെ ലാഭക്കൊതിക്കും ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയ്ക്കും സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരാണ് ഇരിക്കല്‍ സമരം.
പ്രയരെ, ജനാധിപത്യബോധമുള്ള, മനുഷ്യാവകാശ ബോധമുള്ള, രാഷ്ട്രീയ പ്രബുദ്ധതയുള്ള നല്ലവരായ നിങ്ങളേവരുടെയും സഹായസഹകരണങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കട്ടെ. ഞങ്ങളുടെ അവസ്ഥ സവിസ്തരം വിവരിക്കുന്നതാണ് ഈ കൊച്ചു ലഘുലേഖ. ഏവരും ക്ഷമയേടെ ഇത് വായിക്കാനും സമരത്തിന് എല്ലാവിധ പിന്തുണയുമറിയിക്കാനും വിജയിപ്പിക്കാനും വിനീതമായി അപേക്ഷിക്കുന്നു.

വിജി. പി.
സെക്രട്ടറി

ദിനേശ്. ബി
പ്രസിഡന്റ്

ഇരിക്കല്‍ സമരം എന്തിന്?

മനുഷ്യനായി പിറന്നതുകൊണ്ട് തന്നെ മനുഷ്യനായി ജീവിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ജന്മാവകാശമാണ്. എന്നാല്‍ മനുഷ്യനായി ജീവിക്കാന്‍ അവകാശമില്ലാത്തവരായി പരിഗണിക്കപ്പെടുന്ന ഒരു വലിയ വിഭാഗമാണ് കേരളത്തിലെ (ഇന്ത്യയിലെയും) ടെക്‌സ്റ്റൈല്‍സ് മേഖയില്‍ പണിയെടുക്കുന്ന മനുഷ്യര്‍. നല്ല വസ്ത്രങ്ങളണിഞ്ഞ് സുന്ദരികളും സുന്ദരന്മാരുമായി, പണിയെടുക്കുന്ന സ്ഥാപനത്തിന്റെ ടാഗും അണിഞ്ഞ് തൊഴില്‍ശാലകളിലേയ്ക്ക് പോകുന്നു. വൈകുന്നേരം 8 മണിക്കും 9 മണിക്കും ഇടയില്‍ പണികഴിഞ്ഞ് തിരികെ വീട്ടിലേക്ക്. ഇതിനിടയില്‍ തുണിശാലയിലെ വിശ്രമമില്ലാത്ത ജോലി. ഇത്രയും കാര്യങ്ങള്‍ ടെക്‌സ്റ്റൈല്‍സ് തൊഴിലാളികളെ കുറിച്ച് ആരും സമ്മതിച്ചു തരുന്ന കാര്യങ്ങളാണ്. എന്നാല്‍ ഇതിനപ്പുറത്താണ് തൊഴിലാളികളുടെ ജീവിതാവസ്ഥ. കൊടിയ ചൂഷണവും മനുഷ്യാവകാശലംഘനങ്ങളുമാണ് ഇന്ന് ഷോപ്പ് തൊഴിലാളികളും ടെക്‌സ്റ്റൈല്‍സ് തൊഴിലാളികളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും ഭീതിതമാണ് പണിയെടുക്കുന്നത്ര സമയവും ഒന്നിരിക്കുവാനുള്ള അവകാശമില്ലാതെ നില്‍ക്കേണ്ടിവരുന്ന തൊഴിലാളികളുടെ ജീവിതം. അതുകൊണ്ട് സ്വന്തം ജീവിതം തന്നെ തകര്‍ത്തുകളയുന്ന ഒരു നീണ്ട ‘നില്‍ക്കലിന്റെ’ കഥയാണിത്. ഈ നില്‍ക്കല്‍ നമ്മുടെ ജീവിതത്തെ ഒരു വലിയ ചോദ്യചിഹ്നമാക്കി മാറ്റിയിരിക്കുന്നു.
മനുഷ്യത്വ മില്ലാത്ത നടപടി

ജനാധിപത്യ സംവിധാനത്തില്‍ എന്തിനും നീതിപൂര്‍വ്വമായ ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അതാകട്ടെ മനുഷ്യന്‍ നടത്തിയ നീണ്ട അവകാശസമരങ്ങളുടെ ഭാഗമായാണ് നടന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് തൊഴില്‍ മേഖലയില്‍ 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിശ്രമം, 8 മണിക്കൂര്‍ വിനോദം എന്ന അവകാശം സ്ഥാപിതമായത്. 8 മണിക്കൂറില്‍ കൂടുതല്‍ ഒരു തൊഴില്‍ മേഖലയിലും നിര്‍ബന്ധമായി തൊഴില്‍ ചെയ്യേണ്ട ആവശ്യമില്ല. രണ്ട് മണിക്കൂര്‍ ഓവര്‍ ടൈം കൂടി കൂട്ടിയാല്‍ 10 മണിക്കൂറില്‍ കൂടുതല്‍ തൊഴിലെടുക്കാനോ തൊഴിലെടുപ്പിക്കാനോ തൊഴില്‍ നിയമങ്ങള്‍ അനുവദിക്കുന്നുമില്ല. എന്നാല്‍ ഷോപ്പുകളിലെ തൊഴിലാളികള്‍ക്ക് പ്രത്യേകിച്ച് ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ നിയമം അനുവദിച്ച് കൊടുക്കുന്നില്ല. അവര്‍ ഏറ്റവും കുറഞ്ഞത് 10 മണിക്കൂറാണ് പണിയെടുക്കുന്നത്. കൂടാതെ സീസണ്‍ സമയങ്ങളില്‍ 11ഉം 12 മണിക്കൂര്‍ വരെ ഓവര്‍ടൈം ജോലി ചെയ്യേണ്ടിയും വരും.

ഈ സമയമത്രയും തൊഴിലാളികള്‍ നിന്നുവേണം തൊഴില്‍ ചെയ്യാന്‍ എന്നതാണ് ഇവിടത്തെ കാര്‍ക്കശ്യമായ അലിഖിത നി യമം. ഇരിക്കാന്‍ അവര്‍ക്ക് അവകാശമില്ലത്രേ!!! ഒരു 10 മിനിറ്റ് നി ന്നാല്‍ തന്നെ എവിടെയെങ്കിലും ഒന്നിരുന്നാല്‍ മതിയെന്ന് ആരും ചിന്തിച്ചുപോകും. ബസ്സുകളിലും ട്രെയിനുകളിലും നിന്ന് യാത്ര ചെയ്യുമ്പോഴത്തെ അവസ്ഥ ദുരിതാനുഭവമായി വിവരിക്കാറുള്ളവരാണ് നമ്മള്‍. അപ്പോള്‍ ഞങ്ങള്‍ ടെക്‌സ്റ്റൈല്‍സ് തൊഴിലാളികള്‍ ഈ 11-12 മണിക്കൂറും നില്‍ക്കേണ്ടിവരുമ്പോഴത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. നിന്ന് നിന്ന് തളര്‍ന്ന് ഒന്ന് ചാരി നി ന്നാല്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് (സി.സി) ക്യാമറാ ദൃശ്യങ്ങള്‍ കണ്ട് സ്ഥാപനമുതലാളിയുടെയോ അയാളുടെ ശിങ്കിടികളുടെയോ വിളിവരും. ഈ ഒരൊറ്റ കാരണത്താല്‍ പിരിച്ചുവിട്ട തൊഴിലാളികളുടെ എണ്ണവും കുറവല്ല. നമ്മളൊന്നിരുന്നാല്‍ മുതലാളിമാരുടെ ലാഭം കുറയുമത്രേ. തൊഴിലാളികളെ എന്തും ചെയ്യാമെന്ന ധാരണയാണ് മുതലാളിമാരെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. ലാഭത്തില്‍ മാത്രമാണ് അവര്‍ക്ക് നോട്ടം. നമ്മള്‍ക്ക് രോഗം വന്നാല്‍, നമ്മള്‍ മരിച്ചാല്‍, അവര്‍ക്കെന്ത്? മനുഷ്യത്വഹീനമാണ് ഈ അവസ്ഥ. എപ്പോള്‍ വേണമെങ്കിലും നമ്മളെ ജോലിയില്‍ നിന്നും പി രിച്ചുവിടാം എന്നതാണ് അവര്‍ക്ക് ഇത്തരത്തില്‍ പെരുമാറാനുള്ള ലൈസന്‍സ്.

ഇരിക്കുക എന്ന മനുഷ്യാവകാശം

‘ഇരിക്കാനുള്ള മനുഷ്യാവകാശമോ!’ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. അതെ, നീണ്ട മണിക്കൂറുകള്‍ നിന്നു കൊണ്ട് പണിയെടുക്കുമ്പോള്‍, അതിനിടയില്‍ ഇരിക്കുക എന്നത് ആരോഗ്യത്തെ നിലനിര്‍ത്താനുള്ള ഒരുപാധിയാണ്. ഷോപ്പുകളിലെ തൊഴിലാളികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള സാഹചര്യമൊരുക്കേണ്ടത് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം തന്നെ ഷോപ്പ് മുതലാളിമാര്‍ക്കാണ്. ഈ ഒരുത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നതാണ് തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള സീറ്റുകള്‍ നല്‍കുക എന്നത്. മിനിമം രണ്ട് തൊഴിലാളികള്‍ക്ക് ഒരു സീറ്റ് എന്ന അനുപാതത്തിലെങ്കിലും സീറ്റുകള്‍ അനുവദിക്കേണ്ടതാണ്. എന്നാല്‍ രണ്ട് പേര്‍ക്ക് ഒരു ഇരിപ്പിടം പോയിട്ട് മൊത്തം തൊഴിലാളികള്‍ക്കും കൂടി ഒരു ഇരിപ്പിടമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണ് തൊഴിലാളികള്‍. പലപ്പോഴും നിന്നുതളരുന്ന തൊഴിലാളികള്‍ ബാത്തുറൂമിലേയ്‌ക്കോടും. അവിടത്തെ യൂറോപ്യന്‍ ക്ലോസറ്റിന്റെ മുകളിലൊന്നിരിക്കാന്‍. അല്ലെങ്കില്‍ തുണി അറിയാതെ തറയിലിട്ടിട്ട് എടുക്കാനെന്ന മറവില്‍ ഒന്ന് കുനിഞ്ഞു നിവരും. ഇത്ര നഗ്നമായ നിയമലംഘനങ്ങള്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ ആരോഗ്യകരമായ തൊഴിലന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു. മിക്ക തൊഴിലാളികളും ഇപ്പോള്‍ നട്ടെല്ല് തേയ്മാനം, ഡിസ്‌ക് തേയ്മാനം, നിരന്തരമായ പുറം വേദന, വെരിക്കോസ്, അകാല വാര്‍ദ്ധക്യം മുതലായ രോഗങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.

അതെ, വിശ്രമവും ഒരു അവകാശമാണ്

നേരത്തെ സൂചിപ്പിച്ചതുപോലെ 8 മണിക്കൂര്‍ മാത്രം ജോലി ചെയ്യുക എന്നത് വളരെ നാളത്തെ അവകാശ പോരാട്ടങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ നേടിയെടുത്ത നിയമപരമായ അവകാശമാണ്. ഇതില്‍ തന്നെ വിശ്രമിക്കാനുള്ള അവകാശം കൂടി ഉള്‍പ്പെടുന്നുണ്ട് എന്ന് എത്ര തൊഴിലാളികള്‍ക്ക്, അല്ലെങ്കില്‍ എത്ര പേര്‍ക്കറിയാം? ഇന്ത്യന്‍ തൊഴില്‍ നിയമമനുസരിച്ച് 4 മണിക്കൂര്‍ ജോ ലി എന്നാല്‍ 1 മണിക്കൂര്‍ വിശ്രമവും കൂടി ഉള്‍പ്പെടുന്നതാണ്. അതായത് 3 മണിക്കൂര്‍ ജോലി 1 മണിക്കൂര്‍ വിശ്രമം എന്നതാണ് തൊഴില്‍ നിയമ പ്രകാരം 4 മണിക്കൂര്‍ ജോലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഷോപ്പ് മേഖലയിലും ടെക്‌സ്റ്റൈല്‍സ് മേഖലയിലും കേവലം 10 മിനിട്ടാണ് വിശ്രമിക്കാനുള്ള സമയമായി അനുവദിക്കുന്നത്. ആഹാരം കഴിക്കാന്‍ പോലും അര മണിക്കൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് സമയം അനുവദിക്കാറില്ല. 10 മിനിട്ട് ഇടവേളയില്‍ മൂത്രമൊഴിക്കാന്‍ പോയി ഓടി തിരിച്ചുവന്ന് ജോലിക്ക് കയറുന്ന തൊഴിലാളികള്‍!! മിക്ക ഷോപ്പുകള്‍ക്കും ഒന്നുകില്‍ ബാത്ത്‌റൂം സൗകര്യങ്ങളില്ല, അല്ലെങ്കില്‍ 5-6 നിലകളുള്ള കെട്ടിടത്തില്‍ ഏറ്റവും മുകളിലോ താഴെയോ വൃത്തിഹീനമായ ഒരു കക്കൂസ്. അടുത്തുള്ള ഹോട്ടലിലേയ്‌ക്കോ അല്ലെങ്കില്‍ മുകളിലത്തെ/താഴത്തെ നിലയിലേയ്‌ക്കോ മൂത്രമൊഴിക്കാനായി മൊത്തം തൊഴിലാളികളും ഓടി തിക്കിത്തിരക്കി തിരികെ 10 മിനിറ്റിനുള്ളില്‍ എങ്ങനെയാണ് എത്തിച്ചേരുക? വൈകിയെത്തുന്ന ഓരോ മിനിറ്റും രേഖപ്പെടുത്തി വെയ്ക്കുകയും ശമ്പളത്തില്‍ തതുല്യമായ കുറവു വരുത്തുകയോ, അധിക ജോലി ചെയ്യിക്കുകയോ ആണ് ഇത് പരിഹരിക്കുന്നതിനുള്ള പതിവു രീതി.

വനിതാ തൊഴിലാളികള്‍ക്കിത് ദുരിതകാലം

ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന വിഭാഗമാണ് വനിതാ തൊഴിലാളികള്‍. ഈ മേഖലയില്‍ അവരാ ണ് ഭൂരിഭാഗവും. കുറഞ്ഞ കൂലിയും പ്രതിഷേധ സ്വരങ്ങളില്ലായ്മയും ഒപ്പം സ്ത്രീ സൗന്ദര്യത്തെ മുതലാക്കാമെന്ന സമീപനവുമാണ് ഈ മേഖലയില്‍ വനിതാ തൊഴിലാളികളെ കൂടുതലായി നിയമിക്കുന്നതിനുള്ള പ്രേരണ. ഇപ്പോള്‍ നടന്നു വരുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ആന്റ് ടോക്ക് എന്ന ടി.വി. പ്രോഗ്രാമില്‍ ”ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികള്‍ക്ക് താങ്കളെന്തു ചെയ്തു?” എന്ന ചോദ്യത്തിന് പ്രമുഖമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പറഞ്ഞ മറുപടി ”ഞങ്ങള്‍ പ്രസവാവധി അസംഘടിത മേഖലാ തൊഴിലാളികള്‍ക്ക് കൊണ്ടുവന്നില്ലേ?” എന്നാണ്. ഗര്‍ഭിണിയായ ഒരു തൊഴിലാളിയെപ്പോലും ജോലിക്ക് വെയ്ക്കാത്ത ഈ മേഖലയില്‍ ‘പ്രസവാനുകൂല്യവും പ്രസവാവധിയും പ്രഖ്യാപിച്ചില്ലേ’ എന്ന ചോദ്യം കേവലം പ്രഹസനമായി തുടരുകയാണ്. ഈ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഈ മേഖലയെ പറ്റി ഒന്നും പഠിക്കുന്നതിനോ തൊഴിലാളികളുടെ പ്രശ്‌നങ്ങളെന്തെന്ന് മനസ്സിലാക്കുന്നതിനോ ഇനിയും സമയം ലഭിച്ചിട്ടില്ല. ഇവിടെ നിലനില്‍ക്കുന്ന നിയമ പ്രകാരം തന്നെ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാവധി ശമ്പളത്തോടുകൂടി 12 ആഴ്ചകളാണ്. എന്നാല്‍ ഗര്‍ഭിണിയാണെന്നറിയുമ്പോഴെ വനിതാ തൊഴിലാളികളെ പിരിച്ചു വിടുന്നു. പിരീഡ്‌സ് (ആര്‍ത്തവം) പോലുള്ള സ്ത്രീ സഹജമായ ശാരീരിക പ്രശ്‌നങ്ങളുള്ളപ്പോഴാണ് ജോലി സമയം മുഴുവനും നിന്നുള്ള ജോലി എന്നത് നരകമാണ്. തുല്യ ജോലിക്ക് തുല്യ വേദനമെന്നത് ഈ തൊഴിലാളികള്‍ കേട്ടിട്ടുപോലുമില്ല. പുരുഷ തൊഴിലാളികളേക്കാള്‍ വളരെ തുച്ഛമാണ് ഈ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ ശമ്പളം. കൂടാതെ സ്ത്രീകളായതുകൊണ്ട് തന്നെ അശ്ലീല ചുവയൊടെയുള്ള പെരുമാറ്റവും. ഒരു കുടുംബം മുഴുവനും തങ്ങളുടെ ശമ്പളത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നതെന്ന ചിന്തയും സ്വന്തം കാലില്‍ നില്‍ക്കണമെന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് സ്ത്രീ തൊഴിലാളികള്‍ ഈ ഗതികെട്ട തൊഴില്‍ ജീവിതം അനുഭവിക്കാന്‍ തയ്യാറാവുന്നത്.

ഇതു കൂടാതെ സ്ത്രീ തൊഴിലാളികള്‍ക്ക് ഇരട്ടി അദ്ധ്വാനമാണ് ഇതിലൂടെ സംഭവിക്കുന്നത്. അതിരാവിലെ 5 മണിമുതല്‍ ഇവരുടെ ഒരു ദിവസം ആരംഭിക്കുന്നുവെന്ന് പറയാം. മക്കളുടേതടക്കം വീട്ടുജോലികള്‍ 7 മണിക്കു മുമ്പായി ചെയ്തുതീര്‍ക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കൃത്യ സമയത്തിന് തൊഴില്‍ സ്ഥാപനത്തിലെത്താന്‍ സാധിക്കുകയുള്ളു. പിന്നെ വൈകുന്നേരം വീട്ടിലെത്തിയാല്‍ വിശ്രമിക്കാനുള്ള സമയം പോലും ലഭിക്കാതെ വീണ്ടും വീട്ടു ജോലികളിലും അടുക്കളയുടെ അകത്തളങ്ങളിലുമായി അര്‍ദ്ധരാത്രിയോളം പണികളില്‍. ഉറങ്ങുന്ന സമയം പോലും തീരെ കുറവ്. ഞായറാഴ്ചകളിലും മിക്കപ്പോഴും തൊഴില്‍ ശാലകളില്‍ പണിക്ക് വരണം. കാരണം നിയമപരമായ ലീവ് ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ നില്‍ക്കുന്നില്ല.

കുടിവെള്ളം പോലും നിഷേധിക്കപ്പെടുമ്പോള്‍

കുടിവെള്ളമെന്നത് അടിസ്ഥാന ആവശ്യമാണല്ലോ മനുഷ്യന്, ജീവവായു പോലെ. എന്നാല്‍ മിക്ക സ്ഥാപനങ്ങളും കുടിവെള്ളം പോലും നല്‍കാതെയാണ് തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിക്കുന്നത്. തൊഴിലാളികള്‍ കൊണ്ട് വരുന്ന ചെറിയ കുപ്പി വെള്ളമാണ് ഈ വേനല്‍ക്കാലത്തും അവരുടെ തൊണ്ടകള്‍ നനയ്ക്കുന്നത്. എല്ലാ തൊഴില്‍ ശാലകളിലും കുടിവെള്ളം സൂക്ഷിക്കണമെന്നത് നിയമപരമായ തൊഴിലാളികളുടെ അവകാശമാണ്.

സി.സി.ക്യാമറകളെന്ന ചാരക്കണ്ണുകള്‍

ഇന്ന് മുതലാളിമാരെ സഹായിക്കുന്ന ഏറ്റവും വലിയ തൊഴിലാളി വിരുദ്ധ നടപടിയായി സി.സി. ക്യാമറകള്‍ മാറിയിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സാധനങ്ങള്‍ വാങ്ങന്‍ വരുന്നവര്‍ മോഷണം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനെന്ന പേരിലാണ് ഇവ സ്ഥാപിക്കുന്നതെങ്കിലും തൊഴിലാളികളെ നിരീക്ഷിക്കുന്നതിനാണ് ഇന്ന് ഇവ കൂടുതലും ഉപയോഗിച്ച് വരുന്നത്. ഏതെങ്കിലും തൊഴിലാളി ഇരിക്കുന്നുണ്ടോ എന്നാണ് ഇവര്‍ ഇതിലൂടെ പരിശോധിക്കുന്നത്. തൊഴിലാളികള്‍ നിന്ന് തളര്‍ന്നൊന്ന് ചാരി നിന്നാല്‍ ഈ ക്യാമറകള്‍ വഴി മനസ്സിലാക്കുന്ന മുതലാളി സ്ഥാപനത്തിനുള്ളിലിരുന്നോ, എന്തിന് വിദേശത്തു നിന്നോ പോലും വിളിക്കുന്നു. ഇന്നത്തെ സങ്കേതിക വിദ്യ അത്ര കണ്ട് വളര്‍ന്നിട്ടുണ്ട്. ഫേസ്ബുക്കും വാട്‌സ് ആപും ഒക്കെ ഇത്തരത്തില്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നു. തൊഴിലാളികള്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളും ഇടപെടലുകള്‍ പോലും ഇത്തരത്തില്‍ നി രീക്ഷിക്കപ്പെടുന്നു. ഇത്തരത്തിലുള്ള സ്വകാര്യ ക്യാമറകളുടെ ചാരക്കണ്ണുകള്‍ക്ക് കീഴിലാണ് ടെക്സ്റ്റല്‍സ് തൊഴിലാളികളുടെ ജീവിതം. പോരാത്തതിന് ബാത്ത്‌റൂമിനടുത്തുപോലും ഇത്തരം ക്യാമറകള്‍ വെയ്ക്കുന്നു. സ്ത്രീകള്‍ക്ക് വസ്ത്രങ്ങളൊന്ന് അയഞ്ഞാല്‍ ശരിയാക്കിയുടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഏറെയായതുകൊണ്ട് വനിതാ തൊഴിലാളികളുടെ ജീവിതം വളരെ കഷ്ടത്തിലാവുകയാണ്.

സ്ഥാപനത്തിന്റെ സ്റ്റാറ്റസ് നിലനിര്‍ത്താനും തൊഴിലാളികളുടെ ശമ്പളം!

വളരെ വൃത്തിയുള്ള യൂണിഫോം വസ്ത്രങ്ങള്‍ ധരിച്ച് മോഡലുകള്‍ക്ക് സമാനമായി അണിഞ്ഞൊരുങ്ങിവേണം ടെക്‌സ്റ്റൈല്‍സ് തൊഴിലാളികള്‍, ആണും പെണ്ണും, സ്ഥാപനത്തിലെത്താന്‍. മക്കള്‍ക്ക് പോലും നല്ല വസ്ത്രം വാങ്ങാന്‍ ശമ്പളം തികയാത്ത പാവങ്ങളായ ഈ തൊഴിലാളികള്‍ തൊഴില്‍ നില നിര്‍ത്താന്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്ന് വകമാറ്റിവെയ്‌ക്കേണ്ടി വരുന്നു. അതും ഭീമമായ തുക തന്നെ വേണ്ടി വരും. ആദ്യത്തെ യൂണിഫോം ഒഴികെ തുടര്‍ന്നുള്ള കാലങ്ങളില്‍ യൂണിഫോം വാങ്ങേണ്ട ചുമതല തൊഴിലാളികളിള്‍ നിക്ഷിപ്തമാണ്. പച്ചരി വാങ്ങാന്‍ പോലും ശമ്പളം തികയില്ലെന്നിരിക്കേ തൊഴിലാളികള്‍ യൂണിഫോം വാങ്ങുന്നത് തൊഴില്‍ സ്ഥാപനത്തിന്റെ സ്റ്റാറ്റസ് നി ലനിര്‍ത്താന്‍ വേണ്ടിയാണ്. ഇതുകൊണ്ട് തൊഴിലാളികള്‍ക്ക് ഒരു ഗുണവുമില്ലെങ്കിലും തൊഴിലില്‍ നിന്ന് പിരിച്ചുവിടുമോ എന്ന ഭയം കാരണം അവര്‍ ഇത്തരത്തിലുള്ള അതിക ഭാരവും പേറുന്നു.

മൂത്രം പോലും ഒഴിക്കാനാവാത്ത നീണ്ട 11 മണിക്കൂറുകള്‍

ടെക്‌സ്റ്റൈല്‍സ് മേഖലയിലെ മിനിമം തൊഴില്‍ സമയം 11 മണിക്കൂറായാണ് മുതലാളിമാര്‍ നിശ്ചയിച്ചിരിക്കുന്നത്. ”ഞങ്ങളുടെ ഇവിടത്തെ രീതി ഇതാണ്. മിനിമം 10 മണിക്കൂറാണ് ജോ ലി. പിന്നീട് 8 മണിക്കൂറാണ് നിയമം എന്നൊന്നും പറഞ്ഞോണ്ട് വന്നേക്കരുത്. വേണമെങ്കില്‍ ജോലി ചെയ്താല്‍ മതി. ഇല്ലെങ്കില്‍ സ്ഥലം വിടാം. ഇവിടെ ധാരാളം തൊഴിലാളികളെ കിട്ടാനുണ്ട്.” ഇതാണ് ഓരോ മുതലാളിമാരും തൊഴിലാളികളെ നിയമിക്കുമ്പോഴെ പറയുന്ന വാക്കുകള്‍. സ്വാഭാവികമായി ഈ ഭയത്തിലാണ് തൊഴിലാളികള്‍ മുതലാളിമാര്‍ക്കു വേണ്ടി അടിമകളെ പോലെ അധികം സമയം തൊഴിലെടുക്കുന്നത്. ഓവര്‍ ടൈം ജോലി കൂടി ചേര്‍ത്താല്‍ 11 മുതല്‍ 12 മണിക്കൂറുകള്‍ വരെ തൊഴിലാളികള്‍ പണിയെടുക്കേണ്ട ഗതികേടാണ്.

വളരെയടുത്തകാലത്താണ് ‘പെണ്‍കൂട്ട്’ എന്ന സ്ത്രീതൊഴിലാളികളുടെ പ്രസ്ഥാനവും എ.എം.ടി.യുവും ചേര്‍ന്ന് മൂത്രമൊഴിക്കാനുള്ള അവകാശത്തിനുള്ള സമരം കോഴിക്കോട് മുട്ടായിത്തെരുവ് കേന്ദ്രീകരിച്ചുകൊണ്ട് നടത്തുകയും കോര്‍പ്പറേഷനെ കൊണ്ട് കക്കൂസ് നിര്‍മിപ്പിക്കുകയും ചെയ്തത്. ഇനിയും ഈ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. കെട്ടിട നിര്‍മ്മാണ റൂള്‍സ് പ്രകാരം തന്നെ ഓരോ കെട്ടിടവും നിശ്ചിത എണ്ണം കക്കൂസുകളും മറ്റ് ശുചീകരണ സൗകര്യങ്ങളും നല്‍കേണ്ടതാണ്. എന്നാല്‍ കോഴിക്കോട്ടെ മിക്ക സ്ഥാപനങ്ങളിലും കക്കൂസ് ഇല്ല എന്നു തന്നെ പറയാം. ചില സ്ഥാപനങ്ങളില്‍ ഏറ്റവും താഴെത്തയോ മുകളിലത്തെയോ നിലയില്‍ ഇടിഞ്ഞുപൊളിഞ്ഞ ഒരു കക്കൂസ് കണ്ടെന്നു വരാം. ഇത് അനുഭവം മാത്രമല്ല. മറിച്ച് വിവരാവകാശപ്രകാരം കോര്‍പ്പറേഷനില്‍ നിന്നും ലഭിച്ച രേഖകള്‍ തന്നെ വ്യക്തമാക്കുന്ന കാര്യമാണ്. ഇത്തരം സൗകര്യങ്ങളില്ലാതെ കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആരാണ് അനുമതി നല്‍കിയിരിക്കുന്നത് എന്ന ചോദ്യം ഇവിടെ നിലനില്‍ക്കുന്ന വലിയ അഴിമതിയിലേയ്ക്കാണ് വെളിച്ചം വീശുന്നത്. കോഴിക്കോട് മുട്ടായ്‌ത്തെരുവിലെ യൂണിറ്റി ടവര്‍, കൊയന്‍കോ ബസാറുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഉള്ള കക്കൂസുകള്‍ പൊളിച്ച് കടകളാക്കി മാറ്റിയിരിക്കുകയാണ്. ഏറ്റവും താഴത്തെ ഡ്രെയ്‌നേജ് ഭാഗം പോലും കടകളാക്കി നല്‍കി കൊള്ളലാഭമടിക്കുകയാണ് ഇത്തരം സ്ഥാപനങ്ങളുടെ മുതലാളിമാര്‍. ഇതില്‍ നിന്നുള്ള നേരിയ ഒരു വിഹിതം മതി ഇത് മറയ്ക്കാനുള്ള കൈക്കൂലി നല്‍കാന്‍.

ഇത് ആരെയാണ് പ്രതികൂലമായി ബാധിക്കുന്നത്? തൊഴിലാളികളെ. പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളെ. കാരണം നീണ്ട മണിക്കൂറുകള്‍ വിശ്രമമില്ലാതെ നില്‍ക്കുക മാത്രമല്ല മൂത്രം പോലും ഒഴിക്കാന്‍ കഴിയാത്ത ഭീകരാവസ്ഥ. രാവിലെ 7 മണിക്കെങ്കിലും ഇവര്‍ വീടുകളില്‍ നിന്നും പുറപ്പെടും. രാത്രി പത്തു മണിയാവും തിരികെ വീട്ടിലെത്തുമ്പോള്‍. ഈ നേരമത്രയും തൊഴിലാളികള്‍ മൂത്രമൊഴിക്കാതെ കഴിച്ചുകൂട്ടുന്നു. പുരുഷ തൊഴിലാളികള്‍ അടുത്തുള്ള ഹോട്ടലുകളിലെ ബാത്ത്‌റൂമുകളെങ്കിലും ഉപയോഗിക്കുന്നു. സ്ത്രീ തൊഴിലാളികള്‍ക്ക് അതും സാധിക്കുകയില്ല. മൂത്രമൊഴിക്കുന്ന കാര്യം പറയുമ്പോഴേയ്ക്കും മുതലാളിമാര്‍ അശ്ലീലം കലര്‍ന്ന സംസാരങ്ങള്‍ തുടങ്ങുന്നു. ‘ബേബി നാപ്കിനു’ള്‍പ്പെടെ അവരുടെ നാവുകളില്‍ തത്തിക്കളിക്കും. ഇത് ഭയന്ന് സ്ത്രീ തൊ ഴിലാളികള്‍ ഇക്കാര്യം അവരെ അറിയിക്കുകപോലും ചെയ്യില്ല. കിഡ്‌നിയിലെ സ്റ്റോണ്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തൊഴിലാളികളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

മിനിമം കൂലി ഇവര്‍ക്ക് അന്യം

ടെക്‌സ്റ്റൈല്‍സ് തൊഴിലാളികള്‍ക്ക് മിനിമം കൂലിയെന്നത് അറിയുക പോലുമില്ല. ഓരോ മാസവും മിനിമം വേതന നിയമ പ്രകാരം സര്‍ക്കാര്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഗവണ്‍മെന്റ് ഓര്‍ഡറുകളിലൂടെ പ്രഖ്യാപിക്കുന്നു. ഈ മിനിമം കൂലി എന്നത് ഓരോ മേഖലയിലെയും ഏറ്റവും കുറഞ്ഞ കൂലിയാണ്. തൊഴിലാളിക്ക് നല്‍കുന്ന കൂലി മിനിമം കൂലിയേക്കാള്‍ എത്രവേണമെങ്കിലും വര്‍ദ്ധിക്കാം. എന്നാല്‍ അതിലും താഴെ തൊഴിലാളിക്ക് കൂലിയായി നല്‍കാന്‍ പാടില്ല. തൊഴില്‍ വ്യത്യാസമനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം. വിശ്രമമടക്കമുള്ള 8 മണിക്കൂര്‍ അദ്ധ്വാനത്തിന് 7500 രൂപയാണ് ഡി.എ. അടക്കം തുടക്കത്തിലെ ഒരു മാസത്തെ മിനിമം വേതനം. 5 ശതമാനം വെയ്‌റ്റേജും. ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേജ് ഇതാണെന്നിരിക്കെ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ മേഖലയില്‍ 4000 രൂപ മുതലാണ് പ്രതിമാസ ശമ്പളം (എല്ലാം അടക്കം). 5 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് പരമാവധി 8500 രാപവരെ മുതലാളിമാര്‍ നല്‍കും.

ആനുകൂല്യങ്ങള്‍ ലഭ്യമാകാത്ത തൊഴില്‍ മേഖല

തൊഴിലാളികള്‍ ദീര്‍ഘകാലമായി പണിയെടുക്കുന്നവരാണെങ്കിലും ഓരോ 6 മാസം തികയുമ്പോഴും ഇവരെ പിരിച്ച് വിടുകയും പുതുതായി നിയമിക്കുകയും ചെയ്തുകൊണ്ട് തൊഴില്‍ സ്ഥാപനങ്ങള്‍ രേഖകള്‍ ഉണ്ടാക്കുന്നു. സ്വാഭാവികമായി തൊഴിലാളികളില്‍ ഭൂരിപക്ഷവും താല്‍ക്കാലിക ജീവനക്കാരായി തന്നെ തുടരുന്നു. തൊഴില്‍ സുരക്ഷ ഇവര്‍ക്ക് ലഭിക്കുന്നില്ല. കൂടാതെ യാതൊരു വിധ തൊഴില്‍ ആനുകൂല്യങ്ങളും ഇവിടത്തെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുമില്ല. ഇ.എസ്.എ. സൗകര്യം, ബോണസ്, അഡ്വാന്‍സ്, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, പ്രൊവിഡന്റ് ഫണ്ട് മുതലായ എല്ലാവിധ നിയമപരമായ ആനുകൂല്യങ്ങള്‍ക്കും തൊ ഴിലാളികള്‍ അര്‍ഹരാണെങ്കിലും ഇതൊന്നും തന്നെ ഇവര്‍ക്ക് ലഭ്യമാകുന്നില്ല. എന്തിന് തൊഴില്‍ രജിസ്റ്റര്‍ പോലും രണ്ടെണ്ണം തൊഴില്‍ സ്ഥാപനങ്ങള്‍ സൂക്ഷിക്കുന്നു. ഒന്ന് ലേബര്‍ ഓഫീസറെ പറ്റിക്കുന്നതിനും മറ്റൊന്ന് തൊഴിലാളികളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും. ഇത് പരസ്യമായി അവര്‍ വെയ്ക്കാറില്ല.

ഇനി പഞ്ചിങ് മെഷീന്റെ കാര്യമെടുക്കാം. രാവിലെ 9.30 മണിക്കാണ് തൊഴിലാളികള്‍ പഞ്ച് ചെയ്യേണ്ടത്. എന്നാല്‍ തൊഴിലാളികള്‍ കൃത്യം 9 മണിക്കേ ഹാജരാകണം. അതില്‍ അരമണിക്കൂര്‍ രേഖപ്പെടുത്താതെ നഷ്ടമാകുന്നു. തുടര്‍ന്ന് വൈകുന്നേരവും 9.30 മുതല്‍ 8 മണിക്കൂര്‍ കണക്കാക്കി തൊഴിലാളികള്‍ പഞ്ച് ചെയ്യണം. തുടര്‍ന്നുള്ള മണിക്കൂറുകള്‍ അന്യായമായി ഇവരെ കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്യുന്നു.
ലീവിന്റെ കാര്യം പറയുകയും വേണ്ട. നിയമപരമായ ഒരു ലീവും ഇവര്‍ക്ക് ലഭിക്കുന്നില്ല. മാസം രണ്ട് ലീവുകള്‍ മാത്രം. അതും ഓഫ് ദിവസങ്ങളായി എടുക്കാം. പ്രസവാവധി ഇവര്‍ക്ക് ശമ്പളത്തോടുകൂടിയ 12 ആഴ്ചകളാണെങ്കിലും അതിനു മുമ്പേ ഇവരെ പിരിച്ചുവിടുന്നു. ഇതാണ് ടെക്‌സ്റ്റൈല്‍സ് ഉള്‍പ്പെടെയുള്ള ഷോപ് തൊഴിലാളികളുടെ ആനുകൂല്യങ്ങളുടെ അവസ്ഥ.

പ്രതിമാസം 4 പൂര്‍ണ്ണ അവധിയും തൊഴില്‍ നിയമങ്ങള്‍ തൊഴിലാളിക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. വര്‍ഷം ശമ്പളത്തൊടുകൂടിയ 12 അവധി, 12 ദിവസത്തെ രോഗാവധി, വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് സ്‌പെഷ്യല്‍ അവധി എന്നിങ്ങനെ തൊഴിലാളികളികള്‍ക്ക് അവകാശപ്പെട്ട അവധികളുണ്ടെങ്കിലും കേവലം മാസത്തില്‍ 2 അവധി മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് എന്നത് എത്രമാത്രം ക്രൂരമാണ്!!!

രോഗഗ്രസ്ഥമായ ജീവിതങ്ങള്‍

ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികള്‍ ഇന്ന് രോഗഗ്രസ്ഥമായ ജീവിതമാണ് നയിക്കുന്നത്. തുടര്‍ച്ചയായ നിന്നുള്ള ജൊ ലി, മൂത്രമൊഴിക്കാനും മറ്റുമുള്ള സൗകര്യമില്ലായ്മ, അനാരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങള്‍ മുതലായവ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സ്ഥിരം നടുവേദന ഇല്ലാത്ത തൊഴിലാളികളില്ല. ഒപ്പം ഡിസ്‌ക് തേയ്മാനം, അസ്ഥി തേയ്മാനം, വെരിക്കോസ്, മൂത്രത്തില്‍ കല്ല് മുതലായ രോഗങ്ങളുമായാണ് ഇന്ന് തൊഴിലാളികള്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്.

ലൈംഗികവും വംശീയവുമായ ചൂഷണങ്ങള്‍

എന്തുകൊണ്ട് ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളില്‍ അതും വസ്ത്രങ്ങള്‍ എടുത്തുകൊടുക്കുന്ന മേഖലയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതലായി എന്നതു തന്നെ ഈ മേഖലയിലെ ലൈംഗികമായ ചൂഷണം മുഴച്ചു നില്‍ക്കുന്നുവെന്ന് കാണാം. സ്ത്രീകള്‍ സെയില്‍സ് ഗേളുകളായി ഇല്ലാത്ത ഒരു സ്ഥാപനവും ഇല്ല. ഇതില്‍ തന്നെ വെളുത്ത നിറമുള്ള സ്ത്രീ തൊഴിലാളികള്‍ക്കാണ് ഉടമകള്‍ മുന്‍ഗണന കൊടുക്കുന്നത്. അവരുടെ സൗന്ദര്യവും ആരോഗ്യവുമാണ് ഇവിടെ കച്ചവടം ചെയ്യപ്പെടുന്നത്. ഒപ്പം ഇത്തരം മേഖലയില്‍ നിലനില്‍ക്കുന്ന വംശീയതയെയും ഇത് പ്രതിഫലിപ്പിക്കുന്നു. തൊലിനിറം കുറഞ്ഞ തൊഴിലാളികളെ അവഗണനയോടെയാണ് ഈ മേഖല കാണുന്നതു തന്നെ. അവര്‍ക്ക് തൊഴില്‍ സംരക്ഷിക്കാന്‍ കൂടുതല്‍ അദ്ധ്വാനിക്കേണ്ടിയും വരുന്നുണ്ട്.
ആരാണ് ഇതിനുത്തരവാദി?

ഒരുഭാഗത്ത് മുതലാളിമരുടെ ഹുങ്കും ലാഭക്കൊതിയുമാണ് ഇതിനുത്തരവാദി. തൊഴിലാളികളെ അടിമകളായാണ് ഇവര്‍ കാണുന്നത്. എന്തുപറഞ്ഞാലും എന്തൊക്കെ ചെയ്താലും ഈ മേഖലയിലെ തൊഴിലാളികള്‍ മറ്റൊരു ജോലി തേടി പോകാത്ത വിധം നിസ്സഹായരാണെന്ന് ഇവര്‍ക്ക് നന്നായറിയാം. മാത്രവുമല്ല ഷോപ്പ് മുതലാളിമാര്‍ സംഘടിതരുമാണ്. അവര്‍ക്ക് ഒരുമിച്ച് ഏത് തൊഴിലാളി വിരുദ്ധ നയവും സ്വീകരിക്കാന്‍ കഴിയുന്നു.

മറ്റൊരുത്തരവാദി നമ്മള്‍ തൊഴിലാളികള്‍ തന്നെയാണ്. ഇതുവരെയും നമ്മള്‍ അസംഘടിതരായി തന്നെ തുടരുന്നു. നമുക്കുവേണ്ടി ആരും ചോദിക്കാനോ പറയാനോ ഇല്ലെന്ന അവസ്ഥ. നമ്മള്‍ സംഘടിക്കാത്തിടത്തോളം നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടി ആരും മുന്നോട്ട് വരികയുമില്ല. രാഷ്ട്രീയക്കാര്‍ പോലും. കാരണം രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം സംഭാവനകളായും മറ്റും നല്‍കി അവരെ തീറ്റി പോറ്റുന്നത് ഈ മേഖലയിലെ മുതലാളിമാര്‍ തന്നെയാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ അന്നദാതാക്കള്‍ക്കെതിരെ ഈ രാഷ്ട്രീയ നേതൃത്വം വിരലനക്കുകയില്ലല്ലോ. ഒപ്പം മുഖ്യധാരാ ട്രേഡുയൂണിയനുകളും. അവരാകട്ടെ പല സമരങ്ങളും നടത്തി മുതലാളിമാര്‍ക്കനുകൂലമയ വിധത്തില്‍ തൊഴിലാളികളുടെ ജീവിതാവസ്ഥ കൊണ്ടെത്തിക്കുന്നതായാണ് നമ്മുടെയൊക്കെ അനുഭവം. അവര്‍ക്കും മുതലാളിമാരില്‍ നിന്നും ലഭിക്കുന്ന ചില്ലറക്കാശുകള്‍ മതി.

അഴിമതിയുടെ കേന്ദ്രമായ ലേബര്‍ ഓഫീസ്

തൊഴിലാളികളുടെ ഈ ദുരിതക്കടലിന് വലിയൊരുത്തരവാദി നമ്മുടെ ലേബര്‍ ഓഫീസര്‍മാരാണ്. നമ്മുക്ക് ലഭിക്കുന്ന തൊഴില്‍ സാഹചര്യങ്ങള്‍, ശമ്പളം, മറ്റാനുകൂല്യങ്ങളൊക്കെയും പരിശോധിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ട ചുമതല അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഓഫീസിനുമാണ്. എന്നാല്‍ വലിയൊരു അഴിമതി കൂമ്പാരമായി തീര്‍ന്നിരിക്കുകയാണ് പ്രസ്തുത ഓഫീസറും അദ്ദേഹത്തിന്റെ ഓഫീസും. ഇവിടത്തെ അഴിമതിയും സ്വജന പക്ഷപാ തവും തൊഴിലാളികളുടെ ശബ്ദത്തെ തകര്‍ത്തുകളയുകയാണ്. ഇരിക്കാനുള്ള ഇരിപ്പിടമുണ്ടോ എന്ന് മാസം ആദ്യ ആഴ്ചകളില്‍ തന്നെ വന്ന് ആക്രോശിക്കുന്ന ഉദ്യോഗസ്ഥന്‍ പിന്നീട് സ്ഥാപനത്തിലേക്കൊന്ന് എത്തി നേക്കുക കൂടി ചെയ്യുന്നില്ല. തൊഴിലാളികളുടെ കണക്കെടുക്കേണ്ട ഉദ്യോഗസ്ഥന്‍ അത് എടുത്തിട്ടുണ്ടോ എന്നു ചോദിച്ചാല്‍, ”അത് മുതലാളിമാര്‍ തരുന്നില്ല, തൊഴിലാളിയായി നില്‍ക്കുന്നവര്‍ മുതലാളിമാരുടെ ബന്ധുമിത്രാതികളാണ്” എന്നീ ഉത്തരങ്ങളാണ് പലപ്പോഴും പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. മുതലാളിമാരുടെ കനിവിനായി ഇദ്ദേഹം നില്‍ക്കുകയാണെന്ന് തോന്നും!! മാത്രവുമല്ല, ഏതെങ്കിലും തൊഴിലാളി പരാതി നല്‍കിയാലോ, ആ തൊഴിലാളിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് തന്നെ മുതലാളിയെ വിളിക്കും. ഓഫീസര്‍ക്ക് മുതലാളിയില്‍ നിന്ന് കിട്ടാനുള്ളത് കിട്ടുകയും തൊഴിലാളി പിരിച്ചുവിടപ്പെടുകയും ചെയ്യുന്നു. ഇത് ഭയന്ന് ഒരു തൊഴിലാളിയും ഇപ്പോള്‍ ലേബര്‍ ഓഫീസിലേയ്ക്ക് വിളിക്കുന്നില്ല. പരാതിയെക്കാളും വലുതാണല്ലൊ കുടുംബത്തിനു ലഭിക്കുന്ന പച്ചരിക്കാശ്. അത് കൂടി നഷ്ടമായാല്‍ പിന്നെങ്ങനെ ജീവിക്കും?

നിയമമെന്ന നോക്കുകുത്തി

ഏറ്റവും തൊഴിലാളി വിരുദ്ധമായതാണ് 1960ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്. തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും അതില്‍ എണ്ണിയെണ്ണി വിവരിക്കുമ്പോഴും അവ സംരക്ഷിക്കാനുള്ള ഒരു നടപടിയും അതിലില്ല. ഒരു തൊഴിലാളിയുടെ കൂലി പോലും വരില്ല ഈ തുക എന്നതുകൊണ്ട് തന്നെ നിര്‍ലോഭം നിയമം ലംഘിക്കാന്‍ മുതലാളിമാര്‍ തയ്യാറാവുന്നു. ഈ ഒരവസ്ഥ മാറിയേ പറ്റൂ.

ഇതിനൊരറുതി വരുത്തണ്ടേ?

പ്രിയ സുഹൃത്തുക്കളെ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളുടെ ഈ ദുരിതാവസ്ഥ ഇങ്ങനെ തുടര്‍ന്നാല്‍ മതിയോ? ഇത് സാംസ്‌കാരികമായി ഉയര്‍ന്നു എന്നവകാശപ്പെടുന്ന കേരളത്തിന് അപമാനമല്ലേ? ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് തൊഴിലാളികള്‍ക്ക്, അവരുടെ സംരക്ഷണത്തിന് നിരവധി നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അവര്‍ അരക്ഷിതരായി ജീവിക്കേണ്ട അവസ്ഥ മാറേണ്ടതല്ലേ? ഇതിന് ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗം തൊഴിലാളികള്‍ സംഘടിക്കുക എന്നതു തന്നെയാണ്. തൊഴിലാളികള്‍ ഭയം മാറ്റിവെയ്ക്കുകയും ഐക്യപ്പെടുകയും തങ്ങളുടെ അവകാശങ്ങള്‍ക്കായി സമരം ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്. ഒട്ടനവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എ.എം.ടി.യുവിന്റെ തന്നെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ തന്നെ അസംഘടിതമേഖലയിലെ അവകാശങ്ങള്‍ക്കായുള്ള ഒത്തൊരുമയോടെയുള്ള പോരാട്ടങ്ങള്‍ക്ക് വിജയം സുനിശ്ചിതമാണെന്ന് വെളിവാക്കുന്നതാണ്. കോഴിക്കോട് കൂപ്പണ്‍ മാളില്‍ നടന്ന സമരം തന്നെ ഉദാഹരണം.

കോഴിക്കോട് കൂപ്പണ്‍ മാളില്‍ എന്താണ് സംഭവിച്ചത്? കോഴിക്കോട്ടെ പ്രമുഖ തുണി വ്യപാരശൃംഘലയാണ് കൂപ്പണ്‍ മാള്‍. പ്രതീക് അപ്പാരല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കൂപ്പണ്‍ മാളിന്റെ ഉടമ സ്ഥാപനം. കോഴിക്കോട് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവന്ന ഒരു സ്ഥാപനമാണ് ഇത്. ഇവിടെ തൊഴിലാളികളെ നിയമിച്ചിരിക്കുന്നതാകട്ടെ അഡീക്കോ എന്ന ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏജന്‍സിയും. അങ്ങേയറ്റം നി യമവിരുദ്ധമായാണ് ഇവിടെ അഡീക്കോ തൊഴിലാളികളെ നി യമിച്ചിരിക്കുന്നത്. അത് വഴിയെ വിവരിക്കാം. പെട്ടെന്നൊരു ദിവസം സ്ഥാപനത്തിന്റെ മാനേജ്‌നെന്റ് സ്ഥാപനം പൂട്ടുന്ന വിവരം തൊഴിലാളികളെ അനൗദ്യോഗികമായി അറിയിക്കുകയും 5 ദിവസത്തിനുള്ളില്‍ പൂട്ടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തൊഴിലാളികളോട് മറ്റൊരു തൊഴില്‍ കണ്ടെത്താനും പിരിഞ്ഞുപോ കാനും ആവശ്യപ്പെട്ടു. 5 വര്‍ഷത്തില്‍കൂടുതല്‍ ജോലിചെയ്ത തൊഴിലാളികളടക്കം നാല്‍പ്പതില്‍പരം തൊഴിലാളികള്‍ പെരുവഴിയിലാകുന്ന അവസ്ഥ. ആനുകൂല്യങ്ങളുടെ കാര്യം ചോദിച്ചപ്പോള്‍ മാനേജ് കൈമലര്‍ത്തുകയാണ് ചെയ്തത്.

ഈ ഒരവസരത്തിലാണ് തൊഴിലാളികള്‍ എ.എം.ടി.യുവിന് പരാതി നല്‍കിയത്. തുടര്‍ന്ന് എ.എം.ടി.യു സമരമേറ്റെടുക്കുകയും തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരം ആരംഭിക്കുകയും ചെയ്തു. റീജേണല്‍ മാനേജറെ തടഞ്ഞുവെയ്ക്കുക വരെ ചെയ്തുകൊണ്ട് മൂന്ന് ദിവസം കൊണ്ട് സമരം കേരളത്തിലങ്ങോളമിങ്ങോളം ചര്‍ച്ച ചെയ്യുന്ന അവസ്ഥയിലേക്കെത്തി. ഒരു സ്ഥാപനം പൂട്ടിയാല്‍ 1 മാസം മുമ്പ് തന്നെ തൊഴിലാളികളെ രേഖാമൂലം അറിയിക്കണമെന്ന് നിയമമുള്ളപ്പോഴാണ് അപ്രതീക്ഷിതമായ കൂപ്പണ്‍മാള്‍ അടച്ചുപൂട്ടല്‍. ഇത്തരം പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ട് ഏജന്‍സി കമ്പനിയായ അഡീക്കൊ നിയമ വിരുദ്ധമായ കാര്യമാണ് ചെയ്തിരുന്നത്. അതായത് തൊഴിലാളികളെ കൊണ്ട് ആരംഭത്തില്‍ തന്നെ നിയമവിരുദ്ധമായ ഒരു എഗ്രീമെന്റ്/കോണ്‍ട്രാക്ട് ഒപ്പിടിയിക്കുക. തുടര്‍ന്ന് ആ എഗ്രിനെന്റിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ ഭയപ്പെടുത്തുക. ഇതൊരു നിയമവിരുദ്ധ എഗ്രിമെന്റാണെന്നും അതിന് നിയമപരമായി പ്രാബല്യമില്ലെന്നും അറിഞ്ഞുകൂടാത്ത തൊഴിലാളി ഭയന്ന് അഡീക്കൊ പറയുന്നതുപോലെ ചെയ്യും. ഇതാണ് ഇവിടത്തെ കീഴ്‌വഴക്കം. എന്നാല്‍ എ.എം.ടി.യുവിന്റെ നേതൃത്വത്തിലുള്ള സമരത്തില്‍ അഡീക്കോയുടെ തനിനിറം പുറത്താകുകയും പ്രസ്തുത എഗ്രിനെന്റ് അവര്‍ പിന്‍വലിക്കുകയും ചെയ്യേണ്ട അവസ്ഥയിലെത്തുകയും ചെയ് തു. തുടര്‍ന്ന് പ്രതീക് അപ്പാരല്‍സ് എന്ന യഥാര്‍ത്ഥ മുതലാളി പ്രത്യക്ഷപ്പെടുകയും തൊഴിലാളികള്‍ക്ക് മാസശമ്പളം, പ്രോവിഡന്റ് ഫണ്ട്, ബോണസ്, പെന്‍ഷന്‍, ഗ്രാറ്റിവിറ്റി, ഒരുമാസം മുന്നേ നോട്ടീസ് നല്‍കാത്തതുകൊണ്ടുള്ള ഫൈന്‍ ആയി നഷ്ടപരിഹാരം, തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനുള്ള നഷ്ടപരിഹാരം എന്നിവ നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ഭൂരിപക്ഷം പേര്‍ക്കും 1 മാസത്തിനുള്ളില്‍ പ്രസ്തുത തുകയെല്ലാം ലഭിക്കുകയും ചെയ്തു. അഡീക്കോ എന്ന ഏജന്‍സിക്ക് തൊഴിലാളികളുടെ മുന്‍പാകെ മാപ്പുപറയേണ്ട അവസ്ഥയും സംജാതമായി.

ഈ വിജയം ഉണ്ടായത് കൂപ്പണ്‍ മാളിലെ തൊഴിലാളികള്‍ ശക്തമായി ഐക്യപ്പെടുകയും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയും ഒപ്പം എ.എം.ടി.യു എന്ന നിങ്ങളുടെ തൊഴില്‍ പ്രസ്ഥാനത്തെ വിശ്വസിക്കുകയും നഞ്ചോട് ചേര്‍ത്തു പിടിക്കുകയും ചെയ് തതുകൊണ്ട് മാത്രമാണ്. സംഘടിത ശക്തിയാണ് നമ്മുടെ ആയുദ്ധം. അതില്ലാത്തിടത്തോളം നമ്മുക്ക് അവകാശങ്ങള്‍ ലഭ്യമാകാന്‍ പോകുന്നില്ല. നമ്മുക്ക് നമ്മുടെ അദ്ധ്വാനത്തിന് മൂല്യമുണ്ട്. വിലയുണ്ട്. അതാണ് മുതലാളിമാര്‍ക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നത്. നമ്മള്‍ക്ക് വില നല്‍കാത്ത മുതലാളിമാര്‍ നമ്മള്‍ ഒരുമിച്ച് പണിമുടക്ക് നടത്തി നോക്കട്ടെ, പിന്നീട് നെട്ടോട്ടമോടാന്‍ തുടങ്ങുന്നു. കാരണം നമ്മുടെ അദ്ധ്വാനമില്ലാതെ അവര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയില്ല എന്ന് നമ്മളെക്കാള്‍ അവര്‍ക്ക് ബോധ്യമുണ്ട്. അതുകൊണ്ട് നമ്മള്‍ സംഘടിച്ചുകൊണ്ട് നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സന്നദ്ധമാകണം. സുഹൃത്തുക്കളെ നമുക്ക് നഷ്ടപ്പെടാന്‍ എന്താണുള്ളത്?കുറച്ച് ഭയം മാത്രമല്ലാതെ. നമ്മളൊരുമിച്ചു നിന്നാല്‍ നമ്മളെ ആര്‍ക്കും ഭയപ്പെടുത്താനോ പരാജയപ്പെടുത്താനോ കഴിയില്ല.

ഇരിക്കല്‍ സമരം നമ്മുടെ സമരം

പ്രിയ സുഹൃത്തുക്കളെ ഇരിക്കാനുള്ള അവകാശത്തിനും ഒപ്പം നിയമം നമുക്കുറപ്പു നല്‍കുന്ന ഒട്ടനവധിയായ മറ്റ് അവകാശങ്ങള്‍ക്കും വേണ്ടിയാണ് നമ്മള്‍ സമരം ചെയ്യുന്നത്. AMTUവിന്റെ നേതൃത്വത്തില്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ എല്ലാ തൊഴിലാളികളും ഇരിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനായി ഒരു പുതിയ സമരമുഖം തുറക്കുകയാണ്. മണിക്കൂറുകള്‍ നീണ്ടു നി ന്നുള്ള ജോലിക്കിടയില്‍ ഇരിക്കുക എന്നത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്, മനുഷ്യാവകാശമാണ്. നമ്മളെ മനുഷ്യരായി കാണാന്‍ മുതലാളിമാര്‍ക്ക് കഴിയുന്നില്ല എന്നതാണിതിനു കാരണം. ലാഭക്കൊതി മൂത്ത് നമ്മളെ അടിമകളായി കാണുന്ന മുതലാളിമാരുടെ സമീപനത്തിനെതിരായി ആരോഗ്യകരമായ തൊഴില്‍ സാഹചര്യത്തിനുവേണ്ടിയുള്ള തൊഴിലാളികളുടെ അവകാശ സമരമാണ് ‘ഇരിക്കല്‍ സമരം’!

ഒപ്പം മിനിമം വേതനം നടപ്പാക്കുക, അവശ്യമായ ബാത്ത് റൂം സൗകര്യം നടപ്പാക്കുക, സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുക, കുടിവെള്ളം നല്‍കുക, തൊഴില്‍ സുരക്ഷിതത്വം നല്‍കുക, യൂണി ഫോമിന് തൊഴില്‍ സ്ഥാപനം ചെലവുവഹിക്കുക, ലിഫ്റ്റ് സൗകര്യം തൊഴിലാളികള്‍ക്കും അനുവദിക്കുക, അനിയന്ത്രിതമായ ക്യാമറകളുടെ എണ്ണം നിയന്ത്രിക്കുക, ബാത്ത് റൂം പരിസരത്തുള്ള ക്യാമറകള്‍ നീക്കം ചെയ്യുക, നിയമപരമായി നിശ്ചയിക്കപ്പെട്ട തൊഴില്‍ സമയം ഉറപ്പുവരുത്തുക, അമിത അദ്ധ്വാനം അവസാനിപ്പിക്കുക,അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവിധം നിയമഭേദഗതി വരുത്തുക മുതലായ ഷോപ്പ് തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളും ഈ സമരത്തില്‍ നമ്മള്‍ ഉന്നയിക്കുകയാണ്.

സുഹൃത്തേ ഇത് നമ്മള്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ മനുഷ്യാവകാശങ്ങളാണ്. നമ്മള്‍ സംഘടിക്കപ്പെട്ടിട്ടില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇവയെല്ലാം നമുക്ക് നി ഷേധിക്കപ്പെടുന്നത്. നമുക്ക് ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി ഇത് നേടിയെടുക്കാനുള്ള സമരത്തിലണിചേരാം. അവകാശ ബോധമുള്ള, മനുഷ്യത്വമുള്ള, പ്രബുദ്ധരായ കേരള ജനത നമ്മുടെ ഈ സമരത്തെ നിര്‍ലോഭം പിന്തുണയ്ക്കുമെന്ന് നമുക്കുറപ്പുണ്ട്. മറക്കണ്ട, മെയ് 1, സാര്‍വ്വദേശീയ തൊഴിലാളിദിനമാണ്. അന്ന് ഈ സമരത്തോട് നമുക്ക് ഐക്യപ്പെടാം.

പി.ഡി.എഫില്‍ കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇരിക്കല്‍ സമരം വിജയിപ്പിക്കുക

AMTU Irikkal samaram notice

AMTU Irikkal samaram notice 2

(10-04-2014 ന് എ.എം.ടി.യു. ഇറക്കിയ നോട്ടീസ്)

ടെക്‌സ്റ്റൈല്‍സ് തൊഴിലാളികളുടെ ഇരിക്കല്‍ സമരം വിജയിപ്പിക്കുക

10-04-2014
കോഴിക്കോട്

പ്രിയ സുഹൃത്തേ,

നമ്മള്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികള്‍, ചെറുതും വലുതുമായ പൊതുജനങ്ങളുടെ ആഘോഷ മുഹൂര്‍ത്തങ്ങളില്‍ തുണിശാലകളില്‍ വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ഒന്നൊന്നായി ഡിസ്‌പ്ലേ ചെയ്യുന്നവരോ, സഹായിക്കുന്നവരോ ആണ്. അതും കരുതലോടെ, വളരെ ക്ഷമയോടെ, അതിനുമപ്പുറം വാങ്ങാന്‍ വരുന്നയാളിന്റെ അഭിരുചിയനുസരിച്ച്.

എന്തിനാണിതൊക്കെ ഓര്‍മ്മിപ്പിക്കുന്നത് എന്നല്ലെ? വളരെ പ്രസരിപ്പോടെ, ചിരിച്ചുകൊണ്ട് അവരുടെ സന്തോഷ മുഹൂര്‍ത്തത്തിന് പറ്റിയ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിച്ചുകൊണ്ട് വിശ്രമമന്യേ ജോലിചെയ്യുമ്പോള്‍, നമ്മുടെ ജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കൂ. നമ്മുടെ ജീവിതം ഒരു മനുഷ്യനെന്ന പരിഗണനപോലും കിട്ടാതെ കടന്നുപോകുകയാണ്, കൂലിയുടെ കാര്യത്തിലായാലും, തൊഴില്‍ സാഹചര്യത്തിന്റെ കാര്യത്തിലായാലും, വിശ്രമമുള്‍പ്പെടെയുള്ള നിയമപരമായ അവകാശങ്ങളുടെ കാര്യത്തിലായാലും.

കുറഞ്ഞ കൂലിയേക്കാള്‍ ഭീതിതമാണ് ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ നി ലനില്‍ക്കുന്ന മനുഷ്യാവകാശലംഘനങ്ങളും അനാരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങളും. ഇതില്‍ ഏറ്റവും ഭയമുളവാക്കുന്നതാണ് ഷോപ്പിനുള്ളില്‍ നമുക്ക് ഇരിക്കാനുള്ള അവകാശം ഇല്ല എന്നത്.
ഇതൊക്കെ മറ്റുള്ളവരില്‍ അത്ഭുതമായിരിക്കും ഉണര്‍ത്തുക. എന്നാല്‍ മുതലാളിമാരെ സംബന്ധിച്ചിടത്തോളം നമ്മളെ അടിമകള്‍ പോലെ പണിയെടുപ്പിക്കുന്നതിനും ലാഭം കുന്നുകൂട്ടുന്നതിനുമുള്ള ഒരു ഉപാധിയും. ബസ്സില്‍ യാത്രചെയ്യുമ്പോള്‍ അരമണിക്കൂര്‍ നില്‍ക്കാന്‍ കഴിയാതെ ഒഴിവാകുന്ന സീറ്റ് എങ്ങനെയും നേടിയെടുക്കാന്‍ ശ്രമിക്കുന്നവരാണ് എല്ലാവരും. അപ്പോള്‍ ഏകദേശം 11 മണിക്കൂറുകളോളം ഒറ്റ നില്‍പ്പില്‍ നില്‍ക്കേണ്ടിവരുന്ന ടെക്‌സ്റ്റൈല്‍സ് തൊഴിലാളികളുടെ അവസ്ഥ എന്തായിരിക്കും!! മറ്റുള്ളവര്‍ക്കുണ്ടാകുന്ന കൗതുകത്തിനപ്പുറം നമ്മുടെ ജീവിതം തന്നെ തകര്‍ത്തുകളയുകയാണ് ഈ ‘നില്‍പ്പ്’!

നമ്മളില്‍ ഭൂരിപക്ഷം പേരും സ്ത്രീകളാണ്. സ്വാഭാവികമായി പീരീഡ്‌സ് (ആര്‍ത്തവം) പോലുള്ള ശാരീരിക പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ നരകതുല്യമാവുകയാണ് ജീവിതം. നട്ടെല്ല് ഡിസ്‌ക് തേയ്മാനം, സ്ഥിരം നടുവേദന, വെരിക്കോസ് മുതലായ രോഗങ്ങള്‍ നിരന്തരം തൊഴിലാളികള്‍ക്കിടയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു.

നിന്ന് ജോലിചെയ്യുന്ന മറ്റു മേഖലകള്‍ നോക്കൂ. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കാന്‍ അവര്‍ക്കവകാശമുണ്ട്. പറമ്പ് കിളക്കുന്ന തൊഴിലാളിക്ക് നല്ല വേദനവും ഇടയ്ക്ക് വിശ്രമിക്കാനും കഴിയുന്നു എന്നുമാത്രമല്ല കുറഞ്ഞ സമയം മാത്രം അവര്‍ അധ്വാനിച്ചാല്‍ മതിയാകും. ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാര്‍ക്ക് ഷിഫ്റ്റ് സമ്പ്രദായമാണ്. 8 മണിക്കൂറിനുള്ളില്‍ മൂന്നുപേരാണ് മാറിമാറി ജോലി ചെയ്യുന്നത്.

അപ്പോള്‍ നമ്മളനുഭവിക്കുന്ന നരകയാതനകള്‍ക്ക് ഇനിയും ഒരറുതി വരുത്തണ്ടേ? നിലവിലുള്ള നിയമപ്രകാരം 4 മണിക്കൂര്‍ ജോലിക്ക് ഒരു മണിക്കൂര്‍ വിശ്രമവുമാണ്. മാറിമാറി ഇരിക്കാനും വിശ്രമിക്കാനും തൊഴിലാളികള്‍ക്കവകാശമുണ്ടെന്നിരിക്കെയാണ്, ‘കീഴ്‌വഴക്ക’ത്തിന്റെ മറവില്‍ ഒരു നിമിഷം പോലും ഒന്നിരിക്കാന്‍ അനുവദിക്കാതെ മുതലാളിമാര്‍ നമുടെ രക്തമൂറ്റിക്കുടിക്കുന്നത്. അതിനുവേണ്ടിയാണ് ‘സുരക്ഷ’ കാരണങ്ങള്‍ പറഞ്ഞ് ഷോപ്പിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടാണല്ലോ നിന്നു നിന്ന് തളര്‍ന്ന് നമ്മളിലാരെങ്കിലും ഒന്ന് ചാരി നിന്നാല്‍ പോ ലും ക്യാമറ ദൃശ്യം കണ്ട് മുതലാളിയോ അയാളുടെ ശിങ്കിടികളോ നമ്മളെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത്. നമ്മള്‍ സ്വകാര്യമായൊന്ന് വസ്ത്രങ്ങള്‍ ശരിയാക്കി ഉടുക്കാന്‍ ചെന്നാലോ ബാത്ത് റൂമിനു സമീപത്തുപോലും ക്യാമറാക്കണ്ണുകള്‍. സാംസ്‌കാരിക കേരളത്തിന് ഇത് എങ്ങനെയാണ് കണ്ണടച്ച് അനുവദിക്കാന്‍ സാധിക്കുന്നത്?

കൂടാതെ ഇപ്പോള്‍ ഇടനിലക്കാരും തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. ഓരോ ഷോപ്പിലും തൊഴിലാളികളെ സപ്ലേ ചെയ്യുന്നത് അഡീക്കോ തുടങ്ങിയ ഏജന്‍സികളാണ്. ഇവരാകട്ടെ എല്ലാ തൊഴില്‍ നിയമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടാണ് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇവര്‍ തൊഴിലാളികളെ കൊണ്ട് എഗ്രിമെന്റുകളില്‍ ഒപ്പിടിയിക്കുകയും ആ എഗ്രിമെന്റ് വെച്ച് തൊ ഴിലാളികളെ ഭയപ്പെടുത്തുകയും ചെയ്യുന്നു.

ഈ ഒരു സാഹചര്യത്തിലാണ് AMTUവിന്റെ നേതൃത്വത്തില്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ എല്ലാ തൊഴിലാളികളും ഇരിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനായി ഒരു പുതിയ സമരമുഖം തുറക്കുന്നത്. മണിക്കൂറുകള്‍ നീണ്ടു നിന്നുള്ള ജോലിക്കിടയില്‍ ഇരിക്കുക എന്നത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്, മനുഷ്യാവകാശമാണ്. നമ്മളെ മനുഷ്യരായി കാണാന്‍ മുതലാളിമാര്‍ക്ക് കഴിയുന്നില്ല എന്നതാണിതിനു കാരണം. ലാഭക്കൊതി മൂത്ത് നമ്മളെ അടിമകളായി കാണുന്ന മുതലാളിമാരുടെ സമീപനത്തിനെതിരായി ആരോഗ്യകരമായ തൊഴില്‍ സാഹചര്യത്തിനുവേണ്ടിയുള്ള തൊഴിലാളികളുടെ അവകാശ സമരമാണ് ‘ഇരിക്കല്‍ സമരം’!

ഒപ്പം മിനിമം വേതനം നടപ്പാക്കുക, ആവശ്യമായ ബാത്ത് റൂം സൗകര്യം നടപ്പാക്കുക, സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുക, കുടിവെള്ളം നല്‍കുക, തൊഴില്‍ സുരക്ഷിതത്വം നല്‍കുക, യൂണിഫോമിന് തൊഴില്‍ സ്ഥാപനം ചെലവുവഹിക്കുക, ലിഫ്റ്റ് സൗകര്യം തൊഴിലാളികള്‍ക്കും അനുവദിക്കുക, അനിയന്ത്രിതമായ ക്യാമറകളുടെ എണ്ണം നിയന്ത്രിക്കുക, ബാത്ത് റൂം പരിസരത്തുള്ള ക്യാമറകള്‍ നീക്കം ചെയ്യുക മുതലായ ഷോപ്പ് തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളും ഈ സമരത്തില്‍ ഞങ്ങള്‍ ഉന്നയിക്കുകയാണ്.

ഈ മേഖലയിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കും തൊഴിലവകാശലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നതാകട്ടെ സംസ്ഥാനത്തെ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റും ലേബര്‍ ഓഫീസര്‍മാരുമാണ്. ലേബര്‍ ഓഫീസുകള്‍ ഇപ്പോള്‍ കൈക്കൂലിയുടെ കൂമ്പാരങ്ങളായി മാറിയിരിക്കുകയാണ്. അതിനാ ല്‍ തന്നെ തൊഴിലാളികള്‍ക്ക് ആരോഗ്യകരമായ തൊഴില്‍സാഹചര്യവും മിനിമം വേതനവും ഉറപ്പാക്കേണ്ട ഇവര്‍ മുതലാളിമാര്‍ക്കുവേണ്ടി കണ്ണടയ്ക്കുകയാണ്. ഇതിനെ തുറന്നു കാണിക്കുന്നതിനും തൊഴിലാളികള്‍ക്ക് നി യമം മൂലം അര്‍ഹമായ അവകാശങ്ങള്‍ ലേബര്‍ ഓഫീസര്‍മാരെ കൊണ്ട് സ്ഥാപിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഈ അവകാശ സമരം.

സുഹൃത്തേ ഇത് നമ്മള്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ മനുഷ്യാവകാശങ്ങളാണ്. നമ്മള്‍ സംഘടിക്കപ്പെട്ടിട്ടില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇവയെല്ലാം നമുക്ക് നിഷേധിക്കപ്പെടുന്നത്. നമുക്ക് ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി ഇത് നേടിയെടുക്കാനുള്ള സമരത്തിലണിചേരാം. അവകാശ ബോധമുള്ള, മനുഷ്യത്വമുള്ള, പ്രബുദ്ധരായ കേരള ജനത നമ്മുടെ ഈ സമരത്തെ നിര്‍ലോഭം പിന്തുണയ്ക്കുമെന്ന് നമുക്കുറപ്പുണ്ട്. മറക്കണ്ട, മെയ് 1, സാര്‍വ്വദേശീയ തൊഴിലാളിദിനമാണ്. അന്ന് ഈ സമരത്തോട് നമുക്ക് ഐക്യപ്പെടാം.

പി. വിജി

സെക്രട്ടറി
09387050302

ദിനേശന്‍
പ്രസിഡന്റ്
09847699226

പെണ്ണിനെ പരിഗണിക്കാത്ത നഗരം

 ‘പെണ്‍കൂട്ട്’ പ്രവര്‍ത്തക വിജിയുമായുള്ള അഭിമുഖം

വി. ഗാര്‍ഗി

കോഴിക്കോട് നഗരത്തില്‍ സ്ത്രീകള്‍ക്ക് ടോയ് ലറ്റ് സംവിധാനത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തിയ ഗ്രൂപ്പ് ആണ് പെണ്‍കൂട്ട്

കോഴിക്കോട് നഗരത്തില്‍ അടുത്തിടെ കേട്ടാല്‍ അല്‍പം വിചിത്രമെന്ന് തോന്നുന്ന ഒരു അവകാശ സമരം നടക്കുകയുണ്ടായി. ഇരിപ്പിടത്തിനുവേണ്ടിയുള്ള സമരം!! അപ്പോള്‍ ആര്‍ക്ക്? എവിടെ ഇരിക്കാന്‍ എന്ന ചോദ്യം ഉയരുക സ്വാഭാവികം. നഗരങ്ങളിലെ ടെക്‌സ്‌റ്റൈല്‍ ഷോപുകള്‍ അടക്കം തിരക്കു പിടിച്ച നൂറുകണക്കിന് കടമുറികളില്‍ രാവിലെ മുതല്‍ നേരമിരുട്ടും വരെ ഒരേ നില്‍പില്‍ തൊഴിലെടുക്കുന്ന സ്ത്രീകളെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? വര്‍ഷം തോറും വനിതാ ദിനങ്ങള്‍ കൊണ്ടാടുമ്പോള്‍ ആരാലും എവിടെയും പരാമര്‍ശിക്കപ്പെടാതെ പോവുന്ന, ഒരു തൊഴിലാളി സംഘടക്കും വേണ്ടാത്ത,ഒരു കൊടിക്കൂറക്കു കീഴിലും അണിനിരക്കാത്ത ഇവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആദ്യം തയാറായ ഒരു പെണ്‍കൂട്ടമുണ്ട് ഈ നഗരത്തില്‍. ഇവര്‍ വലിയ വലിയ കാര്യങ്ങള്‍ പറയാറില്ല. ഇവര്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ പറയാത്തതുമാണ്. പ്രതികരിക്കാനുള്ള ഇച്ഛാശക്തികൊണ്ട് നഗരത്തെ അമ്പരപ്പിച്ച ഈ കൂട്ടായ്മക്ക് പേര് ‘പെണ്‍കൂട്ട്’.
മിഠായിത്തെരുവ് കോര്‍ട്ട് റോഡിലെ വസന്തഭവന്‍ ഹോട്ടലിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന തയ്യല്‍ക്കടയുടെ അകത്തളത്ത് സജ്ജീകരിച്ച കുടുസ്സു മുറിയിലിരുന്ന് പെണ്‍കൂട്ടിന്റെ അമരക്കാരി പി. വിജി സംസാരിച്ചു തുടങ്ങി. കേരളം വികസനത്തില്‍ കുതിക്കുമ്പോഴും ഒരു നഗരവും പരിഗണിക്കാത്ത പെണ്ണിന്റെ ആകുലതകളും തൊഴിലിടങ്ങളില്‍ പ്രാഥമിക ആവശ്യംപോലും നിഷേധിക്കപ്പെടുന്ന ചൂഷണ വ്യവസ്ഥിതിയുടെ ചീഞ്ഞു നാറ്റങ്ങളും പ്രതിഫലിപ്പിക്കുന്നു ആ വാക്കുകള്‍.

viji

ചരിത്രമായി മാറിയ ‘മൂത്രപ്പുര സമരം’

മിഠായിത്തെരുവിലെ കടകളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് പെണ്‍കൂട്ട് അരങ്ങിലത്തെിയത്. ഇന്നിപ്പോള്‍ നഗരത്തില്‍ ജോലിചെയ്യുന്ന ഏതു പെണ്ണിനും തന്റെ എന്തു പ്രശ്‌നവും പെണ്‍കൂട്ടിനെ അറിയിക്കാം. മൂത്രപ്പുരക്കു വേണ്ടിയുള്ള സമരമായിരുന്നു ആദ്യമായി ‘പെണ്‍കൂട്ട് ‘ ഏറ്റെടുത്തത്. കോയന്‍കോ ബസാറിലെ പേ ബാത്‌റൂമില്‍ മൂത്രമൊഴിക്കാന്‍ ചെന്ന സ്ത്രീയെ ചില്ലറയുമായി ചെന്നില്ല എന്ന കാരണത്താല്‍ ആവശ്യം നിര്‍വഹിക്കാന്‍ സമ്മതിച്ചില്ല നടത്തിപ്പുകാര്‍. ഒരുപാട് കടകളുണ്ട് മിഠായിത്തെരുവില്‍. എല്ലായിടത്തും സ്ത്രീ തൊഴിലാളികളുമുണ്ട്. എന്നിരുന്നാലും ഒരിടത്തും മൂത്രപ്പുരയില്ല. മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ തൊട്ടടുത്ത ഹോട്ടലുകളിലെ ബാത്‌റൂം ഉപയോഗിക്കാനായി അവിടെ ചെന്ന് ചായകുടിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഹോട്ടലുകളിലെ ബാത്‌റൂമുകള്‍ പോലും സുരക്ഷിതമല്ലാതാവുന്ന കാലത്ത് ഈ പ്രാഥമികാവശ്യംപോലും നിര്‍വഹിക്കാനാവാതെ അത്യധികം പ്രയാസപ്പെട്ടു ഇവരെല്ലാം.

ഈ ആവശ്യത്തിനുവേണ്ടി പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ ശക്തമായി രംഗത്തുവന്നു. ഒപ്പുശേഖരണം നടത്തി. ലേബര്‍ ഓഫിസര്‍, വ്യാപാരി വ്യവസായി, സര്‍ക്കാര്‍ എന്നിവക്കെല്ലാം പരാതി നല്‍കി. പ്രത്യക്ഷ സമരത്തിനിറങ്ങി. ‘മിഠായിത്തെരുവ് മുഴുവന്‍ മൂത്രപ്പുരയാക്കാമെന്ന്’ മുതലാളിമാര്‍ കളിയാക്കിയെങ്കിലും പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടയാനാകില്‌ളെന്നു വ്യക്തമായപ്പോള്‍ വ്യാപാരി വ്യവസായി സമിതി തന്നെ മുന്‍കൈയെടുത്ത് എല്ലാ കടകളിലും മൂത്രപ്പുര തയാറാക്കി. ഇന്നിപ്പോള്‍ ഈ തെരുവിലെ എല്ലാ സ്ഥാപനങ്ങളിലും ബാത്‌റൂമുണ്ട്. ഇത് പെണ്‍കൂട്ടിന്റെ ആത്മവിശ്വാസമുയര്‍ത്തി. ഈ സമരത്തിന് പുരുഷന്‍മാരായ സഹപ്രവര്‍ത്തകരും പിന്തുണ നല്‍കിയിരുന്നു.

എന്നാല്‍, വിജയിച്ച ഒരു സമരം കൊണ്ട് അടങ്ങിയിരിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല. പെണ്‍കൂട്ട് പുതിയൊരു യുദ്ധമുഖത്തേക്കിറങ്ങുകയാണ്. ഇരിക്കാനുള്ള അവകാശം നേടാനുള്ള സമരത്തിന്. സ്ത്രീ പുരുഷ ഭേദമന്യേ കടകളില്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് നിലവില്‍ ഇരിക്കാന്‍ അനുവാദമില്ല. രാവിലെ ഷോപ്പുകളില്‍ ജോലിക്ക് കയറുന്നവര്‍ വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങും വരെ നില്‍ക്കുകയാണ്. നാലു ജീവനക്കാര്‍ക്ക് രണ്ടിരിപ്പിടം എന്ന കണക്ക് ലേബര്‍ ഓഫിസര്‍ക്കറിയാമെങ്കിലും കടയുടമകള്‍ അറിഞ്ഞ മട്ടില്ല. വിശ്രമ സമയവും കുറവാണ്. മൂത്രമൊഴിക്കാന്‍ 10 മിനിറ്റ്. ഭക്ഷണം കഴിക്കാന്‍ 20 മിനിറ്റ്. ഇതില്‍ കൂടുതല്‍ സമയമെടുത്താല്‍ കൂലി വെട്ടികുറക്കും. മിക്കവരും ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരായിരിക്കും. എന്തു പ്രയാസം സഹിച്ചാണെങ്കിലും എത്ര ചൂഷണത്തിനിരകളായാലും ഇവര്‍ ഈ തൊഴില്‍ വിടില്ല എന്ന ‘ആത്മ വിശ്വാസം’ ആണ് കടയുടമകളുടെ കൈമുതല്‍. എങ്കിലും തങ്ങളുടെ അവകാശത്തെകുറിച്ച് സ്ത്രീകളെ ബോധവല്‍ക്കരിക്കാനും അതു നേടുന്നതിന് അവരെ അണിനിരത്താനുമുള്ള ശ്രമത്തില്‍ നിന്ന് ഒരടി പിറകോട്ട് മാറാന്‍ ‘പെണ്‍കൂട്ട്’ ഒരുക്കമല്ല. ഇരിക്കാന്‍ അനുവദിക്കും വരെ സമരം ചെയ്യാനാണ് യൂനിയന്‍ തീരുമാനം. ഇതിനായി വനിതാ ദിനമായ മാര്‍ച്ച് എട്ടു മുതല്‍ മെയ് ഒന്നുവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുക, ജീവനക്കാരില്‍നിന്ന് ഒപ്പുശേഖരണം നടത്തുക, പോസ്റ്റര്‍ പ്രചരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുകയാണ്. മെയ് ഒന്നു വരെയും പരിഹാരമായില്‌ളെങ്കില്‍ അന്നേ ദിവസം മുതല്‍ ശക്തമായ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് വിജി പറഞ്ഞു.

ഇതിനു പുറമെ, വന്‍കിട ഷോപ്പുകളില്‍ വനിതാ ജോലിക്കാരെ കൊടിയ ചൂഷണത്തിരകളാക്കുന്നുണ്ട്. 9.30ന് തൊഴിലാളികള്‍ ജോലിക്കത്തെണം. എന്നാല്‍,10 മണിക്ക് മാത്രമേ ഹാജര്‍ പഞ്ച് ചെയ്യാന്‍ പാടുള്ളൂ. ഇതുപോലെ രാത്രി 7.30ന് പോകാനുള്ള പഞ്ച് ചെയ്യണം. എട്ടുമണിക്കേ ഇറങ്ങാന്‍ അനുവാദമുള്ളൂ. വന്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലാണ് ഈ ചൂഷണം കൂടുതല്‍. ജോലിയെടുക്കുന്ന അധികസമയമായ ഒരു മണിക്കൂര്‍ കണക്കില്‍പ്പെടുന്നില്ല. ഇതറിഞ്ഞ മനുഷ്യാവകാശ കമീഷന്‍ അനീതിക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

പെണ്‍കൂട്ടിന്റെ വഴികള്‍ ഇങ്ങനെ…

2008ല്‍ അസംഘടിത മേഖലാ തൊഴിലാളികളുടെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ബില്ല് പാസാക്കിയതോടെ ആണുങ്ങള്‍ മാത്രം പണിയെടുത്തിരുന്ന മിഠായിത്തെരുവിലെ പല കടകളിലും സ്ത്രീകളെ കാണാന്‍ തുടങ്ങി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മുതലാളിമാരില്‍നിന്ന് ലഭിച്ച മറുപടിയാണ് പെണ്‍കൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമായതെന്ന് വിജി. ആ മറുപടി ഇതായിരുന്നു.. ‘ആണുങ്ങള്‍ക്ക് ചായകുടിക്കാന്‍, സിഗററ്റ് വലിക്കാന്‍ എന്നിങ്ങനെ നൂറാവശ്യങ്ങള്‍ക്ക് ഇടക്കിടെ പുറത്തുപോകണം. സ്ത്രീകളായാല്‍ ആ പ്രശ്‌നമില്ല. കുറഞ്ഞ കൂലി കൊടുത്താല്‍ മതി. എന്തു പറഞ്ഞാലും അനുസരിക്കും സംഘടിച്ച് ശക്തരാകാനും സമരം ചെയ്യാനുമൊന്നും പോകില്ല.’ തൊഴില്‍ സ്ഥലത്ത് പെണ്ണനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങളുടെ ഉപരിതല ഘടനയായിരുന്നു ഇത്. ഇതുകേട്ടപ്പോള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് തോന്നി.

മുമ്പ് അജിത ‘അന്വേഷി’ക്ക് മുമ്പ് ‘ബോധന’ നടത്തിയിരുന്ന കാലത്ത് അതില്‍ പ്രവര്‍ത്തിച്ച പരിചയമാണ് മുതല്‍ക്കൂട്ട്. പാവകളെപ്പോലെ എന്തുപറഞ്ഞാലും അനുസരിക്കുന്ന സ്ത്രീകളെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ സജ്ജരാക്കണമെന്ന് തോന്നിയാണ് ഇറങ്ങിത്തിരിച്ചത്. തൊട്ടടുത്ത കടകളിലെ സ്ത്രീ ജീവനക്കാരുമായി ചേര്‍ന്ന് അസംഘടിത തൊഴിലാളി ക്ഷേമബില്ല് സ്ത്രീ തൊഴിലാളികള്‍ക്ക് എത്തരത്തില്‍ ഉപകാര പ്രദമാക്കാം എന്ന് ചിന്തിക്കാന്‍ തുടങ്ങി. സ്ത്രീ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലത്തെിക്കാന്‍ അങ്ങനെ 2009 കാലഘട്ടത്തില്‍ തുടങ്ങിയതാണ് ‘പെണ്‍കൂട്ട’്.

നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിയുടെ നേതൃത്വത്തില്‍ സുഹൃത്തിന്റെ തയ്യല്‍ക്കടക്കകത്തെ മുറി ഓഫിസാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. സാധാരണ സംഘടനാ സംവിധാനത്തില്‍നിന്നും തികച്ചും വ്യത്യസ്തമായി പെണ്‍കൂട്ടിന് മെമ്പര്‍ഷിപ്പോ രജിസ്റ്റര്‍ ചെയ്ത സംഘടനാ സംവിധാനമോ ഇല്ല. പ്രവര്‍ത്തനങ്ങള്‍ പ്രസ്ഥാനവത്കരിക്കപ്പെടാന്‍ ഇഷ്ടപ്പെടാത്ത,സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന ഒരു കൂട്ടം സ്ത്രീകളാണ് ഇതിന്റെ നെടും തൂണുകള്‍. എന്നാല്‍, പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ അസംഘടിത മേഖലാ തൊഴിലാളി യൂനിയന്‍ എന്നൊരു തൊഴിലാളി സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ 600 പേര്‍ സംഘടനയില്‍ അംഗങ്ങളാണ്. ഇതിന് രജിസ്‌ട്രേഷനും മെമ്പര്‍ഷിപ്പുമെല്ലാമുണ്ട്.

ആവശ്യം ന്യായമെങ്കില്‍ എല്ലാവരും കൂടെ നില്‍ക്കുമെന്നും വിജയം നേടാനാകുമെന്നും മൂത്രപ്പുര സമരം പഠിപ്പിച്ചു. പുരുഷനെ അകറ്റി നിര്‍ത്തേണ്ടതില്ല. സ്ത്രീയും പുരുഷനും ലോകത്ത് ആവശ്യമാണ്. സ്ത്രീകള്‍ക്ക് മാത്രമായി ബസ്, പൊലീസ് സ്റ്റേഷന്‍, പാര്‍ക്ക് എന്നിവയൊന്നും ആവശ്യമില്ല. ഇവ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകറ്റി പാര്‍ശ്വവത്കരിക്കുകയേയുള്ളൂ. സര്‍ക്കാര്‍ കൊണ്ടുവന്ന ‘ജെന്‍ഡര്‍ പാര്‍ക്ക്’ പോലുള്ള സംവിധാനങ്ങളൊന്നും നടപ്പിലാകില്ല. അത് പണം തട്ടാന്‍ വേണ്ടി മാത്രമുള്ളതാണെന്നാണ് വിജി പറയുന്നത്.

‘ആണുങ്ങളെ തല്ലിയ പെണ്ണുങ്ങള്‍’

പുരുഷനെ നേരിടാനുള്ള മാനസിക ആര്‍ജവം മാത്രമല്ല, ശാരീരിക കരുത്തും കൂടിയുണ്ട് തങ്ങള്‍ക്കെന്ന് പെണ്‍കൂട്ട് രണ്ടുവര്‍ഷം മുമ്പുതന്നെ തെളിയിച്ചിട്ടുണ്ട്. മിഠായിത്തെരുവില്‍ ജോലികഴിഞ്ഞു വരുന്ന ഒരു പെണ്‍കുട്ടിയെ ഒരുവന്‍ കയറിപ്പിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പെണ്‍കുട്ടി നിലവിളിച്ച് രക്ഷപ്പെട്ടോടി. തൊട്ടടുത്ത കടക്കാര്‍ ഇയാളെ പിടിച്ച് പെണ്‍കൂട്ടിനെ അറിയിച്ചു. സംഘടനാ ഭാരവാഹികള്‍ ചെന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ച് പരാതിയും നല്‍കി. എന്നാല്‍, പൊലീസ് ഇയാളെ വെറുതെവിട്ടു. ഇതോടെയാണ് സംഘടന നേരിട്ടു പ്രതികരിക്കാന്‍ തീരുമാനിച്ചത്. പുതിയ സ്റ്റാന്റില്‍നിന്ന് സ്ത്രീകളെ ശാരീരികമായി അതിക്രമിച്ചവരെ സംഘം ചേര്‍ന്ന് കൈകാര്യം ചെയ്തു. എന്നാല്‍, പൂവാലന്മാരെ കൈകാര്യം ചെയ്തുവെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പൂവാലന്മാരെയല്ല ശരീരികമായി സ്ത്രീകളെ അക്രമിച്ചവരെയാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്ന് വിജി പറയുന്നു.

ജോലിയില്‍ നിന്ന് അകാരണമായി പിരിച്ചുവിട്ട സ്ത്രീയെ സമരം ചെയ്ത് തിരിച്ചെടുവിപ്പിച്ച ചരിത്രവും പെണ്‍കൂട്ടിനുണ്ട്. ആറു കെട്ടിടങ്ങളില്‍ അടിച്ചുവാരുന്ന ഗിരിജയെന്ന സ്ത്രീയുടെതാണ് ഈ അനുഭവം. ഇവര്‍ക്ക് ആറുകെട്ടിടം വൃത്തിയാക്കിയാല്‍ 1000 രൂപ കിട്ടും. അടിച്ചുകൂട്ടിയ മാലിന്യം കോര്‍പ്പറേഷന്‍ വണ്ടിയില്‍ കയറ്റാന്‍ കോര്‍പ്പറേഷന്‍ തൊഴിലാളിക്ക് ഇവര്‍ 200 രൂപ കൈക്കൂലി നല്‍കണം. ഈ പരാതി പെണ്‍കൂട്ടിന് ലഭിച്ചപ്പോള്‍ കൈക്കൂലി നല്‍കേണ്ടെന്ന് പെണ്‍കൂട്ട് നിര്‍ദേശിച്ചു. കൈകൂലി ലഭിക്കാത്തതിനാല്‍ മാലിന്യമെടുക്കാന്‍ കോര്‍പ്പറേഷന്‍ തൊഴിലാളി തയാറായില്ല. ഗിരിജയെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടു. തുടര്‍ന്ന് സമീപ കടകളിലെ സ്ത്രീകളെല്ലാം ചേര്‍ന്ന് ഗിരിജയെ തിരിച്ചെടുക്കാന്‍ കടയടച്ച് സമരം നടത്തി. ഒടുവില്‍ ഗിരിജയെ തിരിച്ചെടുക്കുകയും കൈക്കൂലി വാങ്ങിയയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

മറ്റു സംഘടനകള്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമെന്ന് കാത്തിരിക്കേണ്ടതില്ല. തൊഴിലാളികള്‍ക്ക് വേണ്ടി രൂപം കൊണ്ടതെന്ന അവകാശമുന്നയിക്കുന്ന ഇടതുപക്ഷ സംഘടനകള്‍ പോലും അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നേരം പോക്കാന്‍ വരുന്നവരാണെന്നഭിപ്രായപ്പെട്ടിരുന്നു. അതിനാല്‍ മറ്റു സംഘടനകളെ മുഴുവന്‍ വിളിച്ചുകൂട്ടി ഫെബ്രുവരിയില്‍ ഒരു ചര്‍ച്ച നടത്തി. സ്ത്രീ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റിലേക്ക് ഉന്നയിക്കാമെന്ന തീരുമാനമെടുത്തു. അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും വിജി പറയുന്നു.

സമൂഹത്തില്‍ മുതലാളിത്തം മാത്രം എതിര്‍ക്കപ്പെട്ടിട്ട് കാര്യമില്ല. പുരുഷാധിപത്യത്തോടും ഒരു പോലെ യുദ്ധം ചെയ്യേണ്ടതുണ്ട്. ആണും പെണ്ണും ഒരു പോലെയോ അതില്‍ കൂടുതലോ പണിയെടുക്കുന്നു. ആണ് കൊണ്ടുവരുന്ന കൂലിയില്‍ പാതിയും മദ്യപാനത്തിനും മറ്റു ധൂര്‍ത്തിനും ചെലവഴിക്കുന്നു. പെണ്ണിന് കഷ്ടപ്പെട്ട് കിട്ടുന്ന കുറഞ്ഞ കൂലിയില്‍ മുഴുവന്‍ വീട്ടാവശ്യങ്ങള്‍ക്ക് ചെലവാക്കുന്നു. ഈ ആണുങ്ങള്‍ വീട്ടിലത്തെിയാല്‍ പെണ്ണിന് സൈ്വര്യവും നല്‍കുന്നുമില്ല. എന്നിട്ടും ‘തൊഴിലാളി വര്‍ഗ സംഘടനകള്‍ക്ക്’ വോട്ട് നല്‍കുന്നു. ഇവിടെ വോട്ടു ബാങ്ക് പുരുഷന്‍ ആണ്. ഈ ആധിപത്യം തകര്‍ക്കപ്പെടുമ്പോഴേ പെണ്ണിന് രക്ഷയുള്ളൂ. സമൂഹത്തിന്റെ കാണാക്കയറുകള്‍ പൊട്ടിച്ച് മുന്‍ നിരയില്‍ ഇറങ്ങി പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള കരുത്ത് പെണ്ണുങ്ങള്‍ നേടണം പെണ്‍കൂട്ടിന്റെ കുടുസ്സുമുറി ഓഫിസിലിരുന്ന് വിജി ഇതു പറയുമ്പോള്‍ അവരുടെ മുഖത്ത് ആത്മവിശ്വാസവും ശുഭ പ്രതീക്ഷയുമായിരുന്നു നിറഞ്ഞത്.

കടപ്പാട്: മാധ്യമം