സെയില്‍സ്‌ഗേളിന് ഇരിക്കാന്‍ പാടില്ലേ?
ജെന്നിസുല്‍ഫത്ത്
(മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളുടെ അവസ്ഥയെ കുറിച്ച് ജെന്നി സുല്‍ഫത്ത് എഴുതിയ ലേഖനം.)
‘വീട്ടിലെ പണികളൊക്കെ ഒരുവിധം തീര്‍ത്ത് ബസ്സില്‍ തൂങ്ങിയാടി 9.30നു മുമ്പുതന്നെ ഷോപ്പിലെത്തി. ഓണത്തിരക്ക് സമയം. ലീവെടുക്കാനും പറ്റില്ല. ഷോപ്പിലെ തിരക്കുകള്‍ക്കിടയില്‍ ‘പെണ്ണായതിന്റെ വയറുവേദനയും നടുവേദനയും’ തിരക്കില്ലെങ്കിലും നടുവളച്ചൊന്നിരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ലല്ലോ. ആളൊഴിഞ്ഞ നേരത്ത് ഒരഞ്ചുമിനിറ്റ് മേശയുടെ മൂലയില്‍ ചാരിയൊന്ന് ഇരുന്നുപോയി. വിളിവരാതിരുന്നതുകൊണ്ട് സമാധാനിച്ചു. മുതലാളി അറിഞ്ഞിട്ടില്ല. വൈകുന്നേരം ഹാന്‍ഡ്ബാഗ് എടുക്കാന്‍ ചെന്നപ്പോള്‍ കൗണ്ടറില്‍ നിന്നറിയിച്ചു. നാളെമുതല്‍ വരേണ്ട.’ ഫ്യൂഡല്‍ കാലഘട്ടത്തിലെയോ ഏതെങ്കിലും പിന്നോക്കരാജ്യത്തിലെയോ തൊഴിലാളിയുടെ അനുഭവമല്ല സംഘടിതതൊഴിലാളി പ്രസ്ഥാനങ്ങളുടെ വളക്കൂറുള്ള കോഴിക്കോട് നഗരത്തിലെ ഒരു പ്രമുഖ തുണിക്കടയിലെ സെയില്‍സ്‌ഗേളിന്റെ അനുഭവമാണിത്. ഇന്നവര്‍ മറ്റൊരു ഷോപ്പിംഗ് മാളില്‍ രാവില 9.30 മുതല്‍ രാത്രി 8 മണിവരെ ഇരിക്കാതെ പണിയെടുക്കുന്നു. പേരും സ്ഥാപനത്തിന്റെ പേരും പറഞ്ഞാല്‍ ഉള്ള പണി പോവുമെന്ന് മാത്രമല്ല ചിലപ്പോള്‍ ഇനിയൊരു സ്ഥാപനത്തിലും പണികിട്ടിയെന്നു വരില്ല എന്നവര്‍ ഭയക്കുന്നതുകൊണ്ട് പറയുന്നില്ല.പേരും മുഖവുമൊക്കെ വ്യത്യസ്ഥമാണെങ്കിലും കേരളത്തിലെ നഗരങ്ങളിലെ തുണിക്കടകളിലൊക്കെ ഇവരെ കാണാം. കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങള്‍ നമ്മുടെ മുന്നില്‍ നിവര്‍ത്തിയിടുമ്പോള്‍ ഒന്നു പാളിനോക്കുക. ഈ വില്പനക്കാരിയുടെ പിന്നില്‍ ഒരു കൊച്ചുസ്റ്റൂള്‍എങ്കിലും ഉണ്ടോ എന്ന്.
‘വലിയ തിരക്കില്ലാത്ത സെക്ഷനില്‍ പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. പിരീഡ്‌സ് ആയതു കാരണം വല്ലാത്ത അസ്വസ്ഥത. ഒന്ന് ഇരിക്കണമെന്നുണ്ട്. ഞങ്ങള്‍ക്ക് ഇരിക്കാന്‍ പാടില്ലല്ലോ. അറിയാതെ ചുമര് ചാരി നിന്നു പോയി. പെട്ടെന്നതാ വിളിവരുന്നു. തിരക്ക് കൂടിയ സെക്ഷനില്‍ ചെല്ലാന്‍. കസ്റ്റമര്‍ ഇല്ലാത്ത സമയം ഒന്നു ചാരിനിന്നതിന്റെ ശിക്ഷയാ. പിന്നെ ഈ സെക്ഷനില്‍ത്തന്നെ സ്ഥിരം പണി. ഇത് മറ്റൊരു ഷോപ്പിംഗ് മാളിലെ സെയില്‍സ്‌ഗേളിന്റെ അനുഭവം. സാമൂഹ്യപുരോഗതിയുടെയും തൊഴിലവകാശങ്ങളുടെയും സംഘടിതബോധത്തിന്റെയുമൊക്കെ പേരില്‍ ഊറ്റം കൊള്ളുന്ന പ്രസ്ഥാനങ്ങളുടെ നാട്യങ്ങള്‍ കാറ്റുനിറച്ച ബലൂണുകളാണെന്ന് സംഘടിതപ്രസ്ഥാനങ്ങളുടെയൊന്നും കണ്‍വെട്ടത്തുപോലും വരാത്ത് ഇവരുടെയൊക്കെ അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കാര്‍ഷികമേഖല തളരുകയും നഗരവല്‍ക്കരണം ധ്രുതഗതിയില്‍ മുന്നേറുകയും ചെറുകടകളില്‍ നിന്നും ഉപഭോഗം നഗരങ്ങളിലെ വന്‍ഷോപ്പിംഗ് മാളുകളിലേക്കും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും വെഡ്ഡിംഗ് സെന്ററുകളിലേക്കും സ്ഥാനം മാറുകയും ചെയ്യുമ്പോള്‍ മാറുന്ന ഉപഭോഗശീലങ്ങള്‍ക്കനുസരിച്ച് ഉപഭോക്താവിനെ സ്വീകരിക്കാനും ആനയിച്ച് ഇരുത്താനും പാകത്തിലുള്ള ഒരുതൊഴിലാളിസമൂഹവും രൂപപ്പെടുന്നുണ്ട്. കച്ചവടസ്ഥാപനങ്ങളിലെ സെയില്‍സ്മാന്‍മാരും സെയില്‍സ് വുമണ്‍മാരുമാണ് ഇവര്‍.
നഗരത്തിന് ഈ തൊഴില്‍ സേനയെ ലഭ്യമാവുന്നത് നഗരപാര്‍ശ്വങ്ങളിലെയും മറ്റ് പാര്‍ശ്വപ്രദേശങ്ങളിലെയും അടിസ്ഥാനജനവിഭാഗങ്ങളില്‍ നിന്നാണ്. വന്‍കിട ഷോപ്പിംഗ് മാളുകളിലും വെഡ്ഢിംഗ്‌സെന്ററുകളിലും ഒരു മുതലാളിയുടെ കീഴില്‍ ചിലപ്പോള്‍ 500തൊഴിലാളികള്‍ വരെ ഉണ്ടാകും. ഇവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീത്തൊഴിലാളികളാണ്. സ്ത്രീകള്‍ പഠിക്കണം സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു ജോലി വേണം. ഈ ത്വര ഏതെങ്കിലും തരത്തില്‍ ഒരു തൊഴില്‍ തെരഞ്ഞെടുക്കാന്‍ പെണ്ണിനെ പ്രേരിപ്പിക്കുന്നു. പ്രാഥമികവിദ്യാഭ്യാസം നേടിയ ഒന്നാം തലമുറയുടെ ‘നല്ലജോലി’ എന്ന ആഗ്രഹം നഗരങ്ങളിലേയ്ക്ക് വരാനും ഭേദപ്പെട്ടതെന്ന് തോന്നിക്കുന്ന തൊഴില്‍ തെരഞ്ഞെടുക്കാനും അവളെ തയ്യാറാക്കുന്നു. കൃഷിപ്പണി, കെട്ടിടനിര്‍മ്മാണം തുടങ്ങിയ തൊഴില്‍ മേഖലകള്‍ കൂടുതല്‍ ദിവസവരുമാനം തരുമെങ്കിലും തുടര്‍ച്ചയായ തൊഴില്‍ദിനങ്ങള്‍ ഉണ്ടാകുന്നില്ല എന്നതും മറ്റ് കൂലിത്തൊഴിലുകളെ അപേക്ഷിച്ച് പ്രത്യക്ഷത്തില്‍ തൊഴില്‍ വൈദഗ്ദ്യമോ കായികാധ്വാനമോ ആവശ്യമില്ലാത്ത് മേഖല എന്നതും വെയില്‍കൊള്ളാതെ മുറിക്കകത്ത് നിന്ന് ചെയ്യാവുന്ന പണി എന്ന നിലയിലും ഈ മേഖലയെ ആകര്‍ഷകമാക്കുന്നുണ്ട്. വെറുതെ വീട്ടിലിരിക്കുന്നതുകൊണ്ട് പണിക്കുപോകുന്നു എന്ന സാമാന്യബോധത്തിനപ്പുറം നിലനില്‍പിനുള്ള വരുമാനമാണ് മിക്കസ്ത്രീകള്‍ക്കും ഈ തൊഴില്‍. അതുകൊണ്ടാണ് ‘എന്തുകൊണ്ട് ഈ ജോലി’ എന്ന ചോദ്യത്തിന് ഗതികേടുകൊണ്ട് എന്ന് അവരില്‍ പലരും ഉത്തരം പറഞ്ഞത് ചെറുകടകളില്‍ കിട്ടുന്ന ചെറിയ ചിലസ്വാതന്ത്ര്യങ്ങള്‍ പോലും വന്‍കടകളില്‍ ലഭിക്കാറില്ലെന്ന് ഇത്തരം ഷോപ്പിംഗമാളുകളിലെ സ്ത്രീത്തൊഴിലാളികള്‍ പറയുന്നു.
ചെറുകടകളിലെ സെയില്‍സ്‌ഗേളുകള്‍ മലയാളിയുടെ ആദര്‍ശ കുടുംബസങ്കല്പത്തിനു പുറത്ത് പ്രശ്‌ന കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണെന്ന മുന്‍വിധി മലയാളി പൊതുബോധത്തിനുണ്ട്. പൊതുസ്ഥലങ്ങളില്‍ അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്ന സ്ത്രീകളോടുള്ള മലയാളിയുടെ സവര്‍ണപൊതുബോധമാണ് ഇതിനുകാരണം.
ചെറുകടകളിലേതിനെക്കാള്‍ സുരക്ഷിതരാണ് തങ്ങളുടെ സ്ത്രീകള്‍ എന്ന തോന്നല്‍ ഉള്ളതുകൊണ്ടാണ് കൃത്യസമയത്ത് വീട്ടുമുറ്റത്തെത്തുന്ന സ്ഥാപനങ്ങളുടെ വാഹനത്തില്‍ കയറ്റി ക്യാമറനിരീക്ഷണം ഉള്ള വന്‍കടകളിലേയ്ക്ക് സ്ത്രീകളെ അയയ്ക്കാന്‍ സവര്‍ണപുരുഷാധിപത്യബോധത്തിന്റെ ഉടമകള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ താരതമ്യേന മെച്ചമെന്ന് വിശ്വസിക്കപ്പെടുന്ന വന്‍ഷോപ്പിംഗ് മാളുകളിലെയും വെഡ്ഢിംഗ് സെന്ററുകളിലെയും ‘നിങ്ങളുടെ സ്വകാര്യസ്വത്ത് ഞങ്ങളുടെ കൈകളില്‍ സുരക്ഷിതം’ എന്ന് തോന്നിപ്പിക്കുന്ന തൊഴില്‍ പരിസരങ്ങള്‍ അങ്ങേയറ്റം ചൂഷണാധിഷ്ഠിതവും പീഢനാത്മകവുമാണ്. തൊഴില്‍ ചൂഷണത്തിനെതിരെ മാത്രമല്ല സമൂഹത്തിന്റെ സവര്‍ണപൊതുബോധത്തിനെതിരെയും സമരം ചെയ്യേണ്ട അവസ്ഥയാണ് ഇവര്‍ക്കുള്ളത്. ‘സര്‍വ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍. നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കൈച്ചങ്ങലകള്‍ മാത്രം കിട്ടാനുള്ളതോ പുതിയൊരുലോകവും’ സംഘടിച്ചാല്‍ നഷ്ടപ്പെടുക കൈച്ചങ്ങലകളല്ല ഉപജീവനമാര്‍ഗ്ഗമായ തൊഴില്‍തന്നെയാണെന്ന് ഭയം കൊണ്ടോ തങ്ങളെ സംഘടിപ്പിക്കാന്‍ തക്ക വര്‍ഗ്ഗബോധമുള്ളവര്‍ കൂട്ടത്തില്‍ ഇല്ലാത്തതുകൊണ്ടോ കേരളത്തിലെ ലക്ഷകണക്കിനു വരുന്ന ഈ തൊഴിലാളികള്‍ അസംഘടിതരാണ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ സ്ത്രീത്തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ മുതലാളിക്കുള്ള പ്രധാന താല്പര്യം സംഘടിക്കാനുള്ള പ്രവണത സ്ത്രീത്തൊഴിലാളികള്‍ക്ക് ഇല്ല എന്നതുതന്നെയാണ്. സംഘടിച്ച് അവകാശങ്ങള്‍ വാങ്ങാനുള്ള അവസ്ഥയില്‍ എത്താത്തതുകൊണ്ട് ചെറുത്ത് നില്പില്ലാതെ കിട്ടുന്ന വേതനത്തിന് സ്ത്രീകള്‍ പണിയെടുത്തുകൊള്ളുമെന്ന് മുതലാളിക്ക് അറിയാം. കോഴിക്കോട്ടെ ‘പെണ്‍കൂട്ട’് എന്ന സ്ത്രീസംഘടനയുടെ നേതൃത്വത്തിലുള്ള ‘അസംഘടിത മേഖലാതൊഴിലാളിയൂണിയന്‍’ ഒഴിച്ചാല്‍ പൂര്‍ണമായും അസംഘടിതരാണിവര്‍.
‘ഇരിക്കരുത’് എന്ന അലിഖിതനിയമം കേരളത്തിലെ എല്ലാ വന്‍കിട ഷോപ്പിംഗ് മാളുകളിലെയും വെഡ്ഢിംഗ് സെന്ററുകളിലെയും കര്‍ശന നിബന്ധനയാണ്. ചെറിയകടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കര്‍ശനമല്ലെങ്കില്‍ പോലും ഈ നിയമം പാലിക്കപ്പെടുന്നുണ്ട്. രാവിലെ 9മണിമുതല്‍ രാത്രി 8 മണിവരെ ഒരൊറ്റനില്പാണെന്ന് കരഞ്ഞുകൊണ്ട് ഒരു വന്‍വസ്ത്രവ്യാപാരസ്ഥാപനത്തിലെ സ്ത്രീത്തൊഴിലാളി പറയുമ്പോള്‍ രാവിലെ 9മണിമുതല്‍ രാത്രി 9മണിവരെ ഒരു യന്ത്രത്തെപ്പോലെ ഞാന്‍ തുടച്ചുകൊണ്ടേയിരിക്കുന്നു എന്ന് കോഴിക്കോട്ടെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിലെ ക്ലീനിംഗ് തൊഴിലാളി പരിതപിക്കുന്നു. തൊഴില്‍ അവകാശങ്ങളുടെ ലംഘനം മാത്രമല്ല ഗുരുതരമായ മനുഷ്യാവകാശലംഘനം കൂടിയാണ് ഇത് കേരളഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് 1960 പ്രകാരം സെയില്‍സ്മാന്‍/ സെയില്‍സ് വുമണിന്റെ ജോലി സമയം 8 മണിക്കൂര്‍ ആണ്. ഓവര്‍ടൈം അടക്കം 10 മണിക്കൂറില്‍ കൂടുതല്‍ ഒരു കാരണവശാലും ജോലി ചെയ്യിക്കരുതെന്നും നിയമത്തില്‍ പറയുന്നുണ്ട്.
കോഴിക്കോട് നഗരത്തിലെ വന്‍കടകളില്‍ 8മണിക്കൂര്‍ ജോലിസമയം ഉള്ള ഒരു കടപോലും ഇല്ല. 10മണിക്കൂറില്‍ കുറഞ്ഞ് തൊഴിലെടുക്കുന്ന ഒരു തൊഴിലാളിയുമില്ല. വര്‍ഷങ്ങളായി ഈ തൊഴില്‍ രംഗത്തുള്ള പലരും 10 മണിക്കൂറും അതിലധികവും നില്ക്കുന്നതുകൊണ്ട് സ്ഥിരമായി നടുവേദനയും കാലുവേദനയും അനുഭവിക്കുന്നവരാണ്. ക്യാമറയുടെ നിരീക്ഷണത്തിലായതുകൊണ്ട് എവിടെയെങ്കിലും ചാരിനിന്നാല്‍പോലും എക്സ്റ്റന്‍ഷന്‍ ഫോണില്‍ വിളിവരികയും നടപടികള്‍ ഉണ്ടാവുകയും ചെയ്യുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഒരു സെക്കന്റ് സമയമെങ്കിലും ഒന്ന് ഇരിക്കാനായി തുണി നിലത്തേക്കിട്ട് കുനിഞ്ഞെടുക്കുന്ന അനുഭവം ചില സ്ത്രീകള്‍ പറഞ്ഞു. ഉപഭോക്താവ് ഇല്ലാത്ത സമയത്ത് ഇരുന്നതിനോ ചാരിനിന്നതിനോ പണിയെടുത്തുകൊണ്ടിരുന്ന സെക്ഷന്‍ മാറ്റുക,മാനസികമായി പീഡിപ്പിക്കുക, മറ്റ് പണികള്‍ ചെയ്യിക്കുക എന്നിവയൊക്കെ സാധാരണമാണ്. യൂറോപ്യന്‍ ക്ലോസറ്റുകള്‍ 5 മിനുട്ട് ഇരിക്കാനുള്ള അവസരമായി വിനിയോഗിക്കുന്നവരും ഉണ്ട്. കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സെക്ഷന്‍ 8 പ്രകാരം തുടര്‍ച്ചയായി 8മണിക്കൂര്‍ സെയില്‍സ്മാന്‍/ വുമണ്‍മാരെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പാടില്ല. 4 മണിക്കൂര്‍ അധ്വാനത്തിന് 1മണിക്കൂര്‍ ഇടവേള നിര്‍ബന്ധമായും നല്‍കിയിരിക്കണം. നിയമം നിലനില്‌ക്കെയാണ് ഉപഭോക്താവ് ഇല്ലാത്തപ്പോള്‍ പോലും ഇവര്‍ക്ക് ഇരിക്കാന്‍ അനുവാദമില്ലാത്തത് ഈ തൊഴിലാളികള്‍ പറയുന്നു ക്യാമറക്കുമുന്നില്‍ തുണികള്‍ എടുത്തുവെച്ചും മടക്കിവെച്ചും ഞങ്ങള്‍ പണിചെയ്ത്‌കൊണ്ടേയിരിക്കും പഴയ മുത്തശ്ശിക്കഥയിലെ ഭൂതത്തെപ്പോലെ ഇരിക്കരുത്. എന്നത് ഫ്യൂഡല്‍ വിധേയത്വത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുമ്പോള്‍ ആധുനിക മൂലധനത്തിന്റെ മര്‍ദ്ദനത്തിനു വിധേയരായി അച്ചടക്കം ചെയ്‌തെടുക്കപ്പെടുകയാണ് ഇരിക്കാന്‍ അനുവദിക്കപ്പെടാത്ത ഇവരും.
തൊഴില്‍ സ്ഥലത്തെ ഏറ്റവും പ്രധാനപ്രശ്‌നമായി വന്‍ ഷോപ്പിംഗ് സെന്ററുകളിലെ തൊഴിലാളികള്‍ പറയുന്നത് തങ്ങളുടെ ചലനങ്ങളെ നിരീക്ഷിച്ചു നിയന്ത്രിക്കുന്ന ക്യാമറകളെക്കുറിച്ചാണ് ചെറിയകടകളില്‍ മുതലാളിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവര്‍ എങ്കില്‍ വന്‍ഷോപ്പിംഗ് സെന്ററുകളില്‍ ഓരോഫ്‌ളോറുകളിലും ഫ്‌ളോര്‍മാനേജര്‍മാരും സൂപ്പര്‍വൈസര്‍മാരും മുഴുവന്‍സമയവും തൊഴിലാളികളെ വീക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. മുക്കിലും മൂലയിലും വെച്ചിട്ടുള്ള ക്യാമറകള്‍ സ്ഥാപന മുതലാളിയുടെ സ്വകാര്യലാപ്‌ടോപ്പുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും തൊഴിലാളികള്‍ നിരീക്ഷിക്കപ്പെടുന്നു. കടകളിലെ മോഷണങ്ങള്‍ നിരീക്ഷിക്കാന്‍ എന്ന് കരുതുന്ന ക്യാമറകള്‍ പലപ്പോഴും തൊഴിലാളികളെ നിരീക്ഷിക്കാനും ശിക്ഷാ നടപടികള്‍ സ്വീകരിക്കാനുമാണ് ഉപയോഗിക്കപ്പെടുന്നത്. അടിയന്തരസമയങ്ങളില്‍ ഉപയോഗിക്കാനായി തങ്ങളുടെ ബാഗുകളില്‍ സൂക്ഷിച്ചിട്ടുള്ള സാനിട്ടറിപാഡുകള്‍പോലും രഹസ്യമായി എടുക്കാന്‍ പറ്റാറില്ലെന്ന് അവര്‍ പറയുന്നു.
പഞ്ചിംഗ്
കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട ഷോപ്പിംഗ് മാളുകളിലെല്ലാം 9 മണിക്കോ 9.30നോ സെയില്‍സ്മാന്‍/ വുമണ്‍ സ്ഥാപനത്തില്‍ കയറണം തങ്ങളുടെ ബാഗുകള്‍ നിശ്ചിതസ്ഥലത്ത് സൂക്ഷിക്കാന്‍ ഏല്പിച്ച് തങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട സ്ഥലത്ത് എത്തുമ്പോള്‍ മുതല്‍ ഇവര്‍ക്യാമറയുടെ നിരീക്ഷണത്തിലാണ്. പ്രധാനപ്പെട്ട എല്ലാ വന്‍കടകളിലും പഞ്ചിംഗ് മെഷീന്‍ ഉണ്ട്. കൃത്യസമയത്തുതന്നെ മെഷീനില്‍ പഞ്ചുചെയ്യണം. കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട ഒരു തുണിക്കടയിലെ തൊഴിലാളികള്‍ പറഞ്ഞത് 9.30ന് സ്ഥാപനത്തില്‍ കയറണം 10 മണിക്കാണ് പഞ്ച്‌ചെയ്യാന്‍അനുവദിക്കുന്നത്. മിക്കകടകളിലും കയറുമ്പോള്‍ തന്നെ പഞ്ച് ചെയ്യിക്കും. നാലോ അഞ്ചോ മിനുട്ടിലുള്ള വ്യത്യാസം പോലും യന്ത്രത്തില്‍ രേഖപ്പെടുത്തുന്നതുകൊണ്ട് മുതലാളിക്ക് നഷ്ടപ്പെട്ട മിനുട്ടുകള്‍ ഒന്നിച്ചുകൂട്ടി അധികസമയം പണിയെടുപ്പിക്കും. എന്നാല്‍ യന്ത്രത്തകരാറുകള്‍മൂലം തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്താതെപോവുകയും പിന്നീട് നാലോഅഞ്ചോ ദിവസങ്ങള്‍ വരെ ഇതുമൂലം അധികം അധ്വാനിക്കേണ്ടി വരികയും ചെയ്ത അനുഭവവും ചില തൊഴിലാകള്‍ക്കുണ്ട്. നിയമപ്രകാരം 4 മണിക്കൂര്‍ തുടര്‍ച്ചയായ അധ്വാനത്തിന് 1 മണിക്കൂര്‍ വിശ്രമം നല്‍കണം. എന്നാല്‍ മിക്കസ്ഥാപനങ്ങളിലും 10 മണിക്കൂര്‍ വരെ പണിയെടുപ്പിക്കുമ്പോള്‍ 20 മിനുട്ട് ഭക്ഷണത്തിനും 10 മിനുട്ട് ടോയ്‌ലെറ്റില്‍ പോകാനും അനുവദിക്കുന്നു. മൂത്രമൊഴിക്കാന്‍ പോകുന്നതും ഭക്ഷണം കഴിക്കാന്‍ പോകുന്നതും പഞ്ചിംഗ് മെഷീനില്‍ പഞ്ച് ചെയ്തിട്ടായിരിക്കും. ടോയ്‌ലെറ്റുകള്‍ താഴെയാണെങ്കില്‍ അഞ്ചാം നിലയിലോ, ആറാം നിലയിലോ ഉള്ള തൊഴിലാളി താഴെ വന്ന് ടോയ്‌ലറ്റില്‍ പോയി തിരിച്ചെട്ടുമ്പോഴേക്ക് അനുവദിച്ച 10 മിനുട്ട് സമയം തീര്‍ന്നിരിക്കും. അധികമെടുത്ത ഓരോ മിനുട്ടും പിന്നീട് അധികസമയം പണിയെടുത്ത് തീര്‍ക്കണം. ഒരു ദിവസം ഒരു തൊഴിലാളിയില്‍ നിന്ന് 1 മിനിട്ട് കിട്ടിയാല്‍ പോലും 300 തൊഴിലാളികളുള്ള ഒരു സ്ഥാപനത്തിന് അധികഅധ്വാനം കിട്ടുന്നത് മാസത്തില്‍ 150 മണിക്കൂര്‍ വരെയാണ്.അധികസമയത്തെ പേടിച്ചോ സൗകര്യങ്ങളില്ലാത്തതുകൊണ്ടോ മൂത്രമൊഴിക്കുകപോലും ചെയ്യാത്ത പലതൊഴിലാളികളില്‍ നിന്നായി കിട്ടുന്ന 10 മിനുട്ടുകള്‍ ഒന്നിച്ചു വെക്കുമ്പോള്‍ മുതലാളിക്ക് ലഭിക്കുന്നതാകട്ടെ വന്‍തോതിലുള്ള കൂലിയില്ലാത്ത അധ്വാനമാണ്. വൃക്കതകരാറുകളും ഗര്‍ഭാശയരോഗങ്ങളുമടക്കം പലഅസുഖങ്ങളുള്ളവര്‍ ഈ യാന്ത്രികതകള്‍ക്കിടയില്‍ പരിഗണിക്കപ്പെടാതെ പോകുന്നു. കേരളത്തിലെ നഗരങ്ങളിലെ പല സ്ഥാപനങ്ങളിലും മൂത്രപ്പുരകളില്ലാത്തതുകൊണ്ട് 10 മണിക്കൂറിലധികം മൂത്രമൊഴിക്കാതെ പിടിച്ചുവെക്കുന്ന സ്ത്രീകളാണധികവും. ഭാവിയില്‍ മൂത്രാശയ-ഗര്‍ഭാശയരോഗങ്ങള്‍ക്കു കൂടി ഈ സ്ത്രീകള്‍ വിധേയരാകും.
മൂത്രപ്പുര സമരം.
മൂത്രമൊഴിക്കാനുള്ള സ്ഥലത്തിനും സമയത്തിനും വേണ്ടി 2008ല്‍ സമരം ചെയ്തവരാണ് കോഴിക്കോട്ടെ പെണ്‍കൂട്ടിന്റെ നേതൃത്വത്തിലുള്ള അസംഘടിതമേകല തൊഴിലാളി യൂണിയന്‍. മുതലാളിയുടെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങി ഏതെങ്കിലും ഹോട്ടലുകളില്‍ ചായകുടിക്കാനെന്ന പേരിലോ പൊതുമൂത്രപ്പുരകളിലോ പോകണമായിരുന്നു.സ്ഥാപനത്തിലെ സ്ത്രീതൊഴിലാളികള്‍ക്ക് പലപ്പോഴും മുതലാളിമാരുടെ അശ്ലീലച്ചുവയുള്ള കമന്റുകളെ നേരിടാന്‍ ഭയന്നും ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടും തിരിച്ചു വീട്ടിലെത്തുന്നതുവരെ മൂത്രമോഴിക്കാതിരിക്കുയായിരുന്ന തൊഴിലാളി സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്നസമരം വിജയമായിരുന്നു. കളക്ടറുടെ നേരിട്ടുള്ള ഇടപെടലും സ്‌ക്വാഡുകള്‍ രൂപീകരിച്ച് നടത്തിയ പരിശോധനയും ഇന്ന് കോഴിക്കോട് നഗരത്തിലെ എല്ലാ കെട്ടിടങ്ങളോടനുബന്ധിച്ചും മൂത്രപ്പുരകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തിയിരിക്കുകയാണ്. എന്നാല്‍ കേരളത്തിലെ മറ്റുനഗരങ്ങളും ചെറുപട്ടണങ്ങളും ഈ സ്ഥിതിയില്‍ എത്തിയിട്ടില്ല. മൂത്രക്കടച്ചില്‍ പോലെയുള്ള രോഗങ്ങള്‍ ഉള്ളവരാണ് ബഹുഭൂരിപക്ഷം സെയില്‍സ്‌ഗേളുകളും. മൂത്രമൊഴിക്കുക എന്നത് ജൈവികമായ ഒരാവശ്യമാണെന്ന് അംഗീകരിക്കാന്‍പോലും തയ്യാറാകാതിരുന്ന മുതലാളിമാര്‍ സ്ത്രീകള്‍ ട്യൂബിട്ട് സഞ്ചിഫിറ്റുചെയ്യമണമെന്നും മൂത്രമൊഴിക്കാനല്ല കുത്തിയിരിക്കാനാണ് പോകുന്നത് എന്നുമൊക്കെ ആക്ഷേപിക്കുമായിരുന്നു എന്ന് സ്ത്രീകള്‍ ഓര്‍ക്കുന്നു.
സേവനവേതനവ്യവസ്ഥകള്‍
150 വര്‍ഷം മുമ്പ് ചിക്കാഗോവിലെ തൊഴിലാളികള്‍ രക്തം ചിന്തിനേടിയെടുത്ത 8 മണിക്കൂര്‍ അധ്വാനം തന്നെയാണ് നിയമപ്രകാരം ഷോപ്പുകളിലെ തൊഴിലാളികളും ചെയ്യേണ്ടത്. കേരളഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, 1960 (Kerala shops and commercial establishments act, 1960. Chapter II) അധ്യായം 2 തൊഴിലാളിയുടെ തൊഴില്‍ സമയത്തെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ദിവസം 8 മണിക്കൂറാണ് ജോലി സമയം ആഴ്ചയില്‍ 48 മണിക്കൂര്‍ അതായത് 6 ദിവസം 8 മണിക്കൂര്‍ വീതം. താല്കാലിക ജീവനക്കാര്‍ക്കും സ്ഥിരജീവനക്കാര്‍ക്കും ഈ നിയമം ഒരു പോലെ ബാധകമാണ്.ഓവര്‍ടൈം അടക്കം 10മണിക്കൂറില്‍ കൂടുതല്‍ ഒരു കാരണവശാലും ജോലിചെയ്യിക്കരുതെന്നും നിയമത്തിലുണ്ട്. 8 മണിക്കൂറിലധികം ചെയ്യുന്ന ജോലിക്ക് വേതനത്തിന്റെ ഇരട്ടി കൂലിക്ക് അര്‍ഹതയുണ്ട്. 6 മണിക്കൂറിനു ശേഷം സ്ത്രീത്തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതിന് തൊഴില്‍ വകുപ്പിന്റെ പ്രത്യേകഅനുമതിയും വാങ്ങേണ്ടതുണ്ട്.
സെയില്‍സ്മാന്‍/ വുമണിന്റെ ജോലിസമയം 8 മണിക്കൂറുള്ള ഒരു സ്ഥാപനം പോലും കോഴിക്കോട് നഗരത്തില്‍ ഇപ്പോള്‍ ഇല്ല. 10ഉം 11ഉം മണിക്കൂര്‍ വരെയാണ് ജോലിസമയം. ചിലസ്ഥാപനങ്ങള്‍ ഓവര്‍ടൈം എന്ന പേരില്‍ നാമമാത്രമായ തുകകൊടുക്കുന്നുമുണ്ട്.
ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും തൊഴിലാളിക്ക് അവധികൊടുക്കണം. കോഴിക്കോട് നഗരത്തിലെ ബഹുഭൂരിപക്ഷം കടകളിലും ആഴ്ചയില്‍ 7 ദിവസവും തൊഴിലാളികള്‍ എത്തണം. ആഴ്ചയില്‍ ഒരു ദിവസം അടച്ചിടാത്ത കടകള്‍ക്ക് പിഴ ഈടാക്കാന്‍ നിയമമുണ്ട്. നാമമാത്രപിഴ അടച്ചുകൊണ്ട് തുറന്നുപ്രവര്‍ത്തിക്കുവയാണ് ഈ കടകള്‍ എല്ലാം. കേരളത്തിലെ എല്ലാ നഗരങ്ങളിലെയും സ്ഥിതി ഇതു തന്നെയാണ്.കേരളഷോപ്പസ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ ആക്ടിന്റെ മൂന്നാം അദ്ധ്യായത്തില്‍ അവധികളെയും ലീവിനെയും കുറിച്ച് പ്രതിപാദിക്കുന്ന മൂന്നാം അധ്യായത്തില്‍ തുടര്‍ച്ചയായി 12മാസം പൂര്‍ത്തിയാക്കിയ ഒരു തൊഴിലാളിക്ക് ഓരോ ആഴ്ചയിലെ ഒരു നിര്‍ബന്ധിത അവധി ദിവസം കൂടാതെ വര്‍ഷത്തില്‍ 12 ദിവസത്തേക്ക് ശമ്പളത്തോടൂകൂടിയ അവധിക്ക് അക്തഹതയുണ്ട് . അപകടമോ രോഗങ്ങളോ ഉണ്ടായാല്‍ ശമ്പളത്തോടുകൂടി 12 ദിവസത്തെ സിക്ക് ലീവിനും സ്ത്രീ തൊഴിലാളികള്‍ക്ക് 12 ആഴ്ച ശമ്പളത്തോടുകൂടിയ പ്രസവാവധിക്കും അര്‍ഹതയുണ്ട്. (6 ആഴ്ച പ്രസവത്തിനുമുമ്പും 6 ആഴ്ച പ്രസവത്തിനുശേഷവും). കൂടാതെ ഗര്‍ഭനിരോധന ശസ്ത്രക്രിയയ്ക്ക് 14 ദിവസത്തെ സ്‌പെഷല്‍ കാഷ്വല്‍ ലീവും ഉണ്ട്.1 കൊല്ലം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് 12 ദിവസം ആര്‍ജ്ജിതഅവധിയുമുണ്ട്. എന്നാല്‍ നഗരത്തിലെ പ്രധാനകടകള്‍ മിക്കതിലുംമാസത്തില്‍ 2 ദിവസം മാത്രമാണ് ആകെ അവധി നല്‍കുന്നത് .പലര്‍ക്കും ഇങ്ങനെയൊരു നിയമമുള്ളതുപോലും അറിയില്ല. അവധിയെടുത്താല്‍ പിരിച്ചുവിടുമോ എന്ന് ഭയന്ന് മക്കളോ ബന്ധുക്കളോ ആശുപത്രിയില്‍ അഡ്മിറ്റായാല്‍പോലുംഅവധിയെടുക്കാത്തവരാണ് ഈ തൊഴിലാളികള്‍. കാരണമില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ 6ദിവസത്തിനകം ഡെപ്യൂട്ടിലേബര്‍ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കാനും ഈ നിയമത്തിന്റെ സെക്ഷന്‍ 8 അനുശാസിക്കുന്നു.അവധിയെടുത്തതുകൊണ്ടും അവകാശങ്ങള്‍ ചോദിച്ചതുകൊണ്ടും പിരിച്ചുവിടപ്പെട്ട ധാരാളം തൊഴിലാളികള്‍ ഈമേഖലയില്‍ ഉണ്ട് . തുടര്‍ച്ചയായി 6മാസംവരെ ഒരു തൊഴിലുടമയുടെ കീഴില്‍ പണിയെടുത്ത തൊഴിലാളിക്ക് ചുരുങ്ങിയത് ഒരുമാസം മുമ്പെങ്കിലും നോട്ടീസ് നല്‍കിയതിനുശേഷം മാത്രമെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ നിയമം അനുവദിക്കുന്നുളളൂ.സ്വഭാവദൂഷ്യം ആരോപിക്കപ്പെടുകയാണെങ്കില്‍ അന്യേഷണം നടത്തി വ്യക്തമായ തെളിവിന്റെ പിന്‍ബലത്തില്‍ മാത്രം നോട്ടീസ് നല്കാതെ പിരിച്ചുവിടാന്‍ വകുപ്പുമുണ്ട്. മിനിമം വേജസ് ആക്ട് പ്രകാരം ഒരുദിവസം പണിയെടുത്താല്‍ പോലും മിനിമം വേതനം നല്കിയിരിക്കണം. ജി.ഒ .(എം.എസ്) നമ്പര്‍ 100/2009 തൊഴില്‍ പ്രകാരം ഒരുസെയില്‍സ്മാന്‍- വുമണിന്റെ ഇപ്പോഴത്തെ അടിസ്ഥാന ശമ്പളം 3954 രൂപയും ഡി എ യുംഉള്‍പ്പെടെ തുടക്കത്തില്‍ മിനിമം കൂലി 7500രൂപയ്ക്കടുത്തുവരും. ശമ്പളത്തില്‍ ഓരോകൊല്ലവും 5ശതമാനം വെയിറ്റേജിനും അക്തഹതയുണ്ട്. എന്നാല്‍ വന്‍കിട ഷോപ്പുകളില്‍ 10 മണിക്കൂറിലധികം ജോലിചെയ്യുന്നസെയില്‍സ് ഗേളിന് 4000രുപ മുതലാണ് പ്രതിമാസ ശമ്പളം. 3വര്‍ഷം കഴിഞ്ഞവര്‍ക്ക് പരമാവധി ലഭിക്കുന്നത് 8500 രുപയാണ് 400 തൊഴിലാളികള്‍ വരെയുളള വന്‍കിട ഷോപ്പിംഗ് സെന്ററുകളില്‍പ്പോലും നിയമപരമായി സ്ഥിരം തൊഴിലാളിയായി രേഖപ്പെടുത്തിയിരിക്കുന്നവര്‍ ചുരുക്കം മാത്രമാണ് . അതിനാല്‍ ഈനിയമത്തില്‍ വെളളംചേര്‍ക്കാന്‍ മുതലാളിക്ക് എളുപ്പമാണ്. രേഖപ്രകാരമുളള തൊഴിലാളികള്‍ക്കുപോലും 8 മണിക്കൂര്‍ ജോലിക്കുമാത്രമുളള മിനിമം കൂലി മാത്രമേ ലഭിക്കാറുളളൂ തൊഴിലാളിയെ നിയമിക്കുമ്പോള്‍ പ്രബേഷന്‍ കാലാവധി എന്ന് രേഖപ്പെടുത്തി നിയമന ഉത്തരവ് നല്കിയിരിക്കണമെന്ന് നിര്‍ബന്ധനിയമമുണ്ട്. കൂടാതെ തൊഴിലാളികളെ സംബന്ധിച്ച തൊഴില്‍ രജിസ്റ്റര്‍, സര്‍വ്വീസ് റെക്കോഡ് , അവധിദിന രജിസ്റ്റര്‍ , ലീവ് രജിസ്റ്റര്‍ , ഹാജര്‍പ്പട്ടിക ,വേതനരജിസ്റ്റര്‍ ഓവര്‍ടൈം രജിസ്റ്റര്‍ , വേജ്സ്ലിപ്പ് തുടങ്ങിയവയൊക്കെ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കണം .കേരളഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടിന്റെ പ്രസക്ത ഭാഗങ്ങളുടെ മലയാളം പരിഭാഷയും ഓരോകടയിലും പ്രദര്‍ശിപ്പിക്കേണ്ടതുമുണ്ട്.12 മാസം പൂര്‍ത്തിയാക്കിയാല്‍ തൊഴിലാളിക്ക് ലഭിക്കേണ്ട നിയമസംരക്ഷണവും ആനുകൂല്യങ്ങളും ഒഴിവായികിട്ടാന്‍ അതിനുമുമ്പ് തൊഴിലാളിയെ തെറ്റായ കാരണം പറഞ്ഞോ സര്‍വ്വീസ്‌ബ്രേക്ക് വെച്ചോ പിരിച്ചുവിടുന്നു.തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന എല്ലാ പ്രതികരണങ്ങള്‍ക്കും തടയിടാന്‍ പിരിച്ചുവിടല്‍ ഭീഷണി മുതലാളിയുടെ പ്രധാന ആയുധമാണ്.ലേബര്‍ ഓഫീസര്‍മാര്‍ കടകള്‍ സന്ദര്‍ശിക്കണമെന്നും തൊഴിലാളകളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ക്ഷേമം ഉറപ്പുവരുത്തണമെന്നുമാണ് നിയമം . പലപ്പോഴും കൈക്കൂലിക്കിടയില്‍ ഒതുങ്ങിപ്പോവുകയാണ് നിയമം. ചിലപ്പോള്‍ ഓഫീസര്‍മാരുടെ കൈയിലെ ലറ്റര്‍പാഡുവരെ ഏതെങ്കിലും സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ ഷിപ്പായിരിക്കും സ്ത്രീതൊഴിലാളികളും തൊഴില്‍മാനേജ്‌മെന്റ് ടെക്‌നിക്കുകളും തൊഴില്‍സ്ഥാപനത്തിനകത്ത് ആന്തരീകമായ ഒരു വികേന്ദ്രീകരണം സൃഷ്ടിച്ചും ലേബര്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും കൂടുതല്‍ കച്ചവടസാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്നവര്‍ക്ക് റിവാര്‍ഡുകള്‍ നല്കിയും കൂടുതല്‍ അച്ചടക്കം സൃഷ്ടിച്ചെടുക്കുന്ന ഒരു പ്രവര്‍ത്തന തന്ത്രമാണ് മാനേജ്‌മെന്റ് നടപ്പിലാക്കുന്നത് . തൊഴിലാളികള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന മത്സരസ്വഭാവം അവര്‍ തമ്മിലുള്ളഐക്യത്തിന് പലപ്പോഴും തടസ്സമാകുന്നു. പരസ്പരമുള്ള ആശയസംവേദം തടയാനുള്ള മൂലധനത്തിന്റെ മാര്‍ഗ്ഗങ്ങളാണ് തൊഴിലാളികള്‍ക്ക് വ്യത്യസ്ഥസമയങ്ങളിലെ ഇടവേളകള്‍ നിരീക്ഷണക്യാമറകള്‍ എന്നിവ.
ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്ന പരിചരണം, ഉപഭോക്താവിനെക്കൊണ്ട് സാധനങ്ങള്‍ വാങ്ങിപ്പിക്കല്‍ തുടങ്ങിയ കച്ചവടതന്ത്രത്തില്‍ പാളിച്ച വന്നാല്‍, തൊഴില്‍ സ്ഥലത്ത് ക്ഷീണിതയായി ഒന്നു ചാരിനിന്നാല്‍ പോലും ക്യാമറസംവിധാനം വഴിയും ഇന്റര്‍നെറ്റ് സംവിധാനം വഴിയും അത് നിരീക്ഷിക്കാനും ലോകത്തെവിടെയാണെങ്കിലും വിളിച്ച് ശകാരിക്കാനും കഴിയുന്ന തരത്തില്‍ സാങ്കേതികവിദ്യനല്കുന്ന ഒരുപുറം കേന്ദ്രീകരണവും (External cetnralisation) ഇവിടെ പ്രവര്‍ത്തനക്ഷമമാണ്.
തൊഴിലും കുടുംബസാമൂഹ്യബന്ധങ്ങളും
കുടുംബത്തിനുപുറത്ത് തൊഴില്‍ ചെയ്യുന്ന സ്ത്രീയ്ക്ക് ഇരട്ടി അധ്വാനവും ഇരട്ടിചൂഷണവുമാണ് ഇന്ന് വ്യവസ്ഥ നല്‍കുന്നത്. 10-12 മണിക്കൂര്‍ തൊഴില്‍ ചെയ്യുന്ന സെയില്‍സ്‌ഗേളിന് ഗാര്‍ഹികഅധ്വാനവും കൂടി കണക്കിലെടുത്താല്‍ ഉറക്കം 4-5 മണിക്കൂര്‍ മാത്രമാണ്, രാവിലെ 8.30 ഓടെയെങ്കിലും വീട്ടില്‍ നിന്ന് പുറപ്പെടേണ്ടിവരുന്ന ഇവര്‍ രാത്രി 9 മണിയോടെയാണ് തിരിച്ചെത്തുന്നത്. നിലനില്ക്കുന്ന ഔപചാരികത്തൊഴില്‍ മേകലകളില്‍ നിന്ന് വ്യത്യസ്തമായി നീണ്ടതൊഴില്‍ മണിക്കൂറുകള്‍ കുടുംബ സാമൂഹ്യബന്ധങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതവും പഠന വിധേയമാക്കണം. കുടുംബബന്ധങ്ങള്‍ പരിചരണബന്ധങ്ങളായാണ് ഇന്ന് നിലനില്‍ക്കുന്നത്. ഭര്‍ത്താവ്, കുട്ടികള്‍, മുതിര്‍ന്നവര്‍ ഒക്കെ ഈ കുടുംബത്തിനകത്ത് സ്ത്രീ പരുചരണം കാത്തിരിക്കുന്നവരാണ്. ഈ പരിചരണത്തിലുണ്ടാകുന്ന വിള്ളലുകള്‍ കുടുംബബന്ധങ്ങള്‍ക്ക് പലവിധ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ദീര്‍ഘനേരം വിട്ടുനില്‍ക്കുന്നതുകൊണ്ടുള്ള മാതൃപരിചരണത്തിന്റെ അഭാവം കുട്ടികളില്‍ നീണ്ടുനില്‍ക്കുന്ന അസുഖബാധ ഉണ്ടാക്കുന്നതായും രോഗാതുരതകൂടുന്നതായും ഇവര്‍ പറയുന്നു. കുട്ടികളുടെ സാമൂഹ്യവല്‍ക്കരണത്തിനും മാനസിക വളര്‍ച്ചയ്ക്കും മാതൃപരിചരണത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ആഘാതം കുട്ടികളുടെ സ്വഭാവരൂപവല്‍ക്കരണത്തെത്തന്നെ ബാധിക്കുന്നതായും ഇവര്‍പറയുന്നു.
ഒരു സെയില്‍സ്‌ഗേളിന് വ്യവസ്ഥാപിതതൊഴില്‍ സമയത്തിലുമധികം അധ്യാനിക്കേണ്ടി വരുമ്പോള്‍ അവളുടെ കുട്ടികളും ചില മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ബോധ്യപ്പെട്ട സന്ദര്‍ഭങ്ങളുമുണ്ട്. സ്‌കൂളിലെ ക്ലാസ്സ് പി.ടി.എ യോഗത്തിന് ചെല്ലാതിരുന്നതിന് ഒരു തൊഴിലാളി സ്ത്രീയുടെ മകളോട് ‘രാത്രി 9 മണിവരെയും നിന്റമ്മയ്ക്ക് പണിയാണോ’ എന്ന അദ്ധ്യാപകന്റെ ചോദ്യത്തിന് ഒരുപാട് മാനങ്ങളുണ്ട്. 9 മണി എന്നത് തൊഴിലാളിയുടെ തെരഞ്ഞെടുക്കലല്ലെന്നും കുട്ടി ആ ചോദ്യമുണ്ടാക്കുന്ന മാനസികസംഘര്‍ഷം എത്ര വലുതാണെന്നും പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. മൂലധനതാല്പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍നന്നായി വസ്ത്രം ധരിക്കേണ്ടത് ഒരനിവാര്യതയാകയാല്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളേക്കാള്‍ നല്ല വസ്ത്രമോ ചെരിപ്പോ ധരിച്ചാലും അമ്മ നല്ല ഗ്ലാമറില്‍ ഒരുങ്ങിപ്പോകുമ്പോള്‍ നീ എന്താ ഇങ്ങനെ വരുന്നതെന്ന ചോദ്യം കുട്ടികള്‍ പൊതുവേ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് വളരെ ലളിതമെന്ന് പൊതുവേ തോന്നുമെങ്കിലും ഒരു സേയില്‍സ്‌ഗേളില്‍ നിന്നുള്ള ഈ അനുഭവവിവരണവും പ്രസക്തമാണ്.
തൊഴില്‍സ്ഥലത്തേക്കുള്ള യാത്രകള്‍ തൊഴിലുടമയുടെ തന്നെ വാഹനത്തിലാണെങ്കില്‍ വീടിനു പുറത്തുള്ള സാമൂഹ്യബന്ധങ്ങള്‍ക്കുള്ള സാധ്യതകൂടി ഈ സ്ത്രീത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുകയാണ്. തൊഴിലിടങ്ങള്‍ പരസ്പരം സൗഹൃദബന്ധങ്ങള്‍പോലും സാധ്യമല്ലാത്തവിധം മൂലധനതാല്പര്യങ്ങള്‍സംരക്ഷിക്കപ്പെടുന്ന ഇടവുമാണ്. വീടിന്റെയും തൊഴില്‍ സ്ഥലത്തിന്റെയും അടഞ്ഞലോകത്ത് ആവശ്യമായ വിശ്രമവും ഉറക്കവുമില്ലാത്ത നാമമാത്രമായ കൂലിക്കുവേണ്ടി സ്വന്തം ശാരീരികാരോഗ്യം പോലും അവഗണിക്കേണ്ടി വരുന്ന ഗതികേടിലാണിവര്‍.
സ്ത്രീകളുടെ വസ്തുവല്‍ക്കരണം
സ്ത്രീശരീരത്തെ പരസ്യങ്ങളിലൂടെ സാധനങ്ങള്‍ വിറ്റഴിക്കാനുള്ള ലൈംഗികശരീരവസ്തു പോലെ കച്ചവടസ്ഥാപനങ്ങളെ ആകര്‍ഷകമാക്കാനുള്ള ഒരു ഉപകരണമെന്നനിലയില്‍ കൂടി സെയില്‍സ്‌ഗേളുകളെ മൂലധനം ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രായമായവരോ, കറുത്തവരോ നിര്‍വചിതമായ സൗന്ദര്യസങ്കല്‍പങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്നവരോ ആയ സ്ത്രീകളെ കഴിവതും ഒഴിവാക്കാനുള്‌ല പ്രവണത സ്ഥാപനങ്ങള്‍ക്കുണ്ട്. വിവാഹം, പ്രസവം പോലുള്ള അവസരങ്ങള്‍ തൊഴിലാളികളെ പിരിച്ചുവിടാനുള്ള സന്ദര്‍ഭമായി ഉപയോഗപ്പെടുത്താനും ഉപയോഗിക്കാനും ചെറുപ്പക്കാരികളെ റിക്രൂട്ട് ചെയ്യാനുള്ള അവസരമാക്കാനും ഇവര്‍ക്ക് കഴിയുന്നു. മുതിര്‍ന്ന സ്ത്രീകളുടെ മേല്‍ പ്രയോഗിക്കുന്നതിനെക്കാള്‍ പുരുഷാധികാരം യുവതികളുടെമേല്‍ പ്രയോഗിക്കാനും സ്ഥാപനമേധാവികള്‍ക്ക് കഴിയുന്നു.
തൊഴിലിടത്തിന്റെ സ്ത്രീവല്‍ക്കരണം.
1990 കള്‍ക്കുശേഷം നവഉദാരീകരണസാമ്പത്തികനയങ്ങളുടെ ഭാഗമായി ലോകത്താകമാനം വര്‍ധനമായിക്കൊണ്ടിരിക്കുന്നഒരു പ്രവണതയാണ് തൊഴില്‍ വിപണിയിലെ സ്ത്രീ പങ്കാളിത്തം. ഫ്യൂഡല്‍ഗാര്‍ഹികാടിമത്തത്തില്‍നിന്ന് മോചനം നേടി ഉല്‍പ്പാദനപ്രവര്‍ത്തനത്തിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടുന്നതും സ്വന്തമായി വരുമാനമുണ്ടാക്കുന്ന തൊഴില്‍ചെയ്യുന്നതും പൊതുവില്‍ സാമൂഹികപുരോഗതിയായാണ്.വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കാനും തുല്യപങ്കാളിത്തവും സാമൂഹിക പദവിയും നേടാനും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഏറെ സാധ്യത നല്‍കുന്നുവെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍ കേരളം പോലെ സ്ത്രീ പുരുഷ അധികാരബന്ധങ്ങളില്‍ ഇപ്പോഴും ഫ്യൂഡല്‍മനോഭാവം നിലനില്‍ക്കുന്ന സമൂഹത്തില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ലൈംഗികവിവേചനത്തില്‍നിന്നുമുക്തിയുണ്ടാക്കാനോ കൂലിയില്ലാ വീട്ടുവേലയിലും കുട്ടികളുടെയും മുതിര്‍ന്നവരുടേയും പരിചരണ പ്രവര്‍ത്തനങ്ങളിലും സ്ത്രീ പുരുഷതുല്യത ഉറപ്പാക്കാനുള്ള ചെറിയ സാധ്യതപോലും സൃഷ്ടിച്ചെടുക്കാനോ ഇടയാക്കിയിട്ടില്ല എന്നതാണ് ഖേദകരമായ വസ്തുത. കുറഞ്ഞ വരുമാനം മാത്രം ലഭിക്കുന്ന തൊഴില്‍ സുരക്ഷിതത്വം തീരെയില്ലാത്ത മേഖലകളിലാണ് സ്ത്രീകള്‍ കൂടുതലും പ്രവേശിക്കപ്പെടുന്നത്. ആഗോളവത്ക്കരണത്തിന്റെ ഭാഗമായി ഉല്പാദനത്തിന്റെയും വിതരണത്തിന്റെയുമൊക്കെ മേഖലകളില്‍ വന്ന മാറ്റത്തിന്റെ ഫലമായി ഏറ്റവും കുറഞ്ഞ ചെലവില്‍ അധ്വാനത്തെ ഉപയോഗപ്പെടുത്തുക എന്ന പദ്ധതിയുടെ ഭാഗമായിട്ടു കൂടിയാണ് സ്ത്രീകളുടെ വര്‍ദ്ധിച്ച തോതിലുള്ള തൊഴില്‍ പ്രവേശം നടക്കുന്നത്.
തൊഴില്‍ സുരക്ഷിതത്വമുള്ള പല തൊഴില്‍ മേഖലകളിലും ദിവസക്കൂലിക്കാരെ നിയമിക്കുമ്പോള്‍ പോലും ആണ്‍പെണ്‍ തെരഞ്ഞെടുപ്പിന് അവസരമുണ്ടെങ്കില്‍ സ്ത്രീകളെ തഴയാനുള്ള പ്രവണതയാണ് തൊഴിലുടമ പ്രകടിപ്പിക്കുന്നത്. പ്രസവാനുകൂല്യങ്ങള്‍ നല്‍കേണ്ടി വരിക. ഗാര്‍ഹികാധ്വാനബാധ്യതയുള്ളവരായതുകൊണ്ട് തൊഴിലിടങ്ങളില്‍ Etxra time ലഭ്യമാവാതിരിക്കുക. സ്ത്രീകള്‍ കഴിവില്ലാത്തവരാണെന്ന മുന്‍വിധി തുടങ്ങിയവയൊക്കെ ഇതിന് കാരണമാണ്. എന്നാല്‍ അസംഘടിത മേഖലകളില്‍ സ്ത്രീത്തൊഴിലാകള്‍ക്കാണ് മുന്‍ഗണന. തൊഴില്‍ ഉടമകള്‍ തന്നെ പറയുന്നതുപോലെ സ്ത്രീകളാകുമ്പോള്‍ സംഘടിച്ച് അവകാശങ്ങള്‍ ചോദിക്കില്ല. കിട്ടുന്ന കൂലിക്ക് പണിയെടുക്കും. ചായകുടിക്കാന്‍, മൂത്രമൊഴിക്കാന്‍ എന്നിങ്ങനെ ഇടവേളകള്‍ ചോദിക്കില്ല.അവധി ആവശ്യപ്പെടില്ല. തുടങ്ങിയവയൊക്കെ ഈ മുന്‍ഗണനയ്ക്ക്കാരണങ്ങളാണ് തൊഴിലവകാശങ്ങളൊന്നും നല്കാതെ ദീര്‍ഘിച്ചതൊഴില്‍ മണിക്കൂറുകള്‍ സ്ത്രീത്തൊഴിലാളികളില്‍ നിന്ന് പിഴിഞ്ഞെടുക്കാന്‍ മുതലാളിക്ക് എളുപ്പമാണ്. തൊഴില്‍ വിപണിയെ വഴക്കമുള്ളതാക്കാനും ഒരു പരിധിവരെ ട്രേഡ് യൂണിയന്‍ മുക്തമാക്കാനും ഇതുവഴി സാധിക്കുന്നു. ജോലിക്കൊരു സ്ഥിരസ്വഭാവമില്ലാത്തതിനാലും സ്ത്രീയെന്ന നിലയിലുള്ള പ്രത്യുത്പാദന- കുടുംബ സാമൂഹ്യബാധ്യതകള്‍ നിറവേറ്റാന്‍ നിര്‍ബന്ധിതമായതിനാലും പലപ്പോഴും ചുരുങ്ങിയ കാലം മാത്രമാണ് ഒരു സ്ത്രീത്തൊഴിലാളി ഒരു സ്ഥാപനത്തില്‍ പണിയെടുക്കുക. വിവാഹവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും പരിചരണവുമെല്ലാം സ്ത്രീകള്‍ക്ക് അധിക ബാധ്യത സൃഷ്ടിക്കുന്നതിനാല്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ തൊഴില്‍ ഉപേക്ഷിക്കാന്‍ സ്ത്രീത്തൊഴിലാളികളിലൊരു വലിയ വിഭാഗം നിര്‍ബന്ധിതരാകുന്നു.
ഗാര്‍ഹികച്ചുമതലകള്‍ മുഴുവന്‍ സ്ത്രീകളിലേല്പിച്ചാണ് ഒരു പുരുഷത്തൊഴിലാളിയുടെ തൊഴില്‍വിപണിയിലെ അധ്വാനം. എന്നാല്‍ സ്ത്രീകള്‍ വീട്ടുജോലിയുടെയും പുറം ജോലിയുടെയും ഇരട്ടഭാരം പേറേണ്ടി വരുന്നു. ഗാര്‍ഹികാധ്വാനവും കുട്ടികളുടെയും വൃദ്ധരുടേയും പരിചരണവും കുടുംബത്തിലെ പുരുഷനും പങ്കുവെക്കുകയോ ബദല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തുകൊണ്ടല്ലാതെ പരിഹരിക്കപ്പെടാന്‍ കഴിയുന്ന ഒന്നല്ല ഇത്.
ഭൗതികപുരോഗതി ഉണ്ടാവുമ്പോഴോ തൊഴില്‍ പങ്കാളിത്തം ഉണ്ടാവുമ്പോഴോ സ്ത്രീ പദവി യാന്ത്രികമായി ഉയരില്ല. തുല്യതയ്ക്കും നീതിയ്ക്കും വേണ്ടിയുള്ള സ്ത്രീസമരങ്ങളുടെ സാഹചര്യത്തിലേ അത് ഉയരൂ. എന്നാല്‍ പുരുഷത്തൊഴിലാളികളുടെ bread winner മാതൃകയെ ആസ്പദമാക്കി രൂപം കൊണ്ട ട്രേഡ് യൂണിയന്‍ സംവിധാനങ്ങള്‍ വേതനവര്‍ധനവിനായും തൊഴിലവകാശസംരക്ഷണത്തിനായിപ്പോലും സ്ത്രീതൊഴിലാളികളെ ഉള്‍ക്കൊണ്ട് സമരം നടത്താന്‍ അപര്യാപ്തമാണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. അംഗത്വസ്വഭാവത്തിലൂന്നിയ നിലപാടുകളാല്‍ നയിക്കപ്പെടുന്ന വ്യവസ്ഥാപിത ട്രേഡ് യൂണിയനുകള്‍ക്ക് സ്ഥിരസ്വഭാവമില്ലാത്ത അസംഘടിത തൊഴിലാളികളില്‍ താല്പര്യക്കുരവ് സ്വാഭാവികവുമാണ്. ഒരേ കൊടിക്കു താഴെ മുതലാളികളും തൊഴിലാളികളും അംിനിരക്കുമ്പോള്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കപ്പെടുക എന്ന ചോദ്യം തൊഴിലാളികള്‍ ഉന്നയിക്കുന്നത് പ്രസക്തവുമാണ്. തൊഴിലാളിസ്തരീകള്‍ അനുഭവിക്കുന്നത് കേവലം തൊഴില്‍ പ്രശ്‌നം മാത്രമല്ലെന്നും മിറച്ച് തൊഴിലാളികള്‍ സ്ത്രീകള്‍ ആകുന്നതുകൊണ്ട് കൂടിയുള്ള പ്രശ്‌നങ്ങളാണെന്നുമുള്ള തിരിച്ചറിവ് വ്യവസ്ഥാപിതട്രേഡ് യൂണിയനുകള്‍ക്ക് അന്യമാണ്. അതുകൊണ്ടാണ് സ്ത്രീകളുടെ മുന്‍കയ്യിലുള്ള അസംഘടിതമേഖലതൊഴിലാളി യൂണിയന്‍ അംഗബലത്തില്‍ മറ്റ് യൂണിയനുകളെക്കാണ്‍ പിന്നിലാണെങ്കിലും മൂത്രപ്പുര സമരം നടത്തി വിജയിപ്പിക്കാനും ഇരിക്കല്‍ സമരം നടത്താനും മുന്നോട്ട് വരേണ്ടി വരുന്നത് പല രാഷ്ട്രീയമിത്തുകളെയും പൊളിച്ചെഴുതിക്കൊണ്ട് സ്ത്രീപക്ഷത്തുനില്ക്കുന്ന ബദല്‍ അന്വേഷണങ്ങളും ട്രേഡ് യൂണിയനുകളും വികസിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.