യാമിനി പരമേശ്വരന്‍
സമരത്തിന്റെ നാലാം ദിവസമായ ഇന്ന് അന്വേഷി പ്രസിഡണ്ട് കെ.അജിത സമരപ്പന്തലില്‍ സംസാരിക്കുന്നു.
തൃശൂരിലെ കല്യാണ്‍ സാരീസ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലെ 6 സ്ത്രീ തൊഴിലാളികളെ യാതൊരു കാരണവും കൂടാതെ കേരളത്തിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുള്ള സ്ഥാപനത്തിന്റെ ശാഖകളിലേക്ക് സ്ഥലം മാറ്റി. കല്യാണ്‍ സാരീസിലെ സ്ത്രീ തൊഴിലാളികളെ അടിമപ്പണി ചെയ്യിക്കുന്നതിനെ ചോദ്യം ചെയ്തതിനുള്ള ശിക്ഷയാണ് മാനേജ്‌മെന്റ് ഈ 6 പേര്‍ക്ക് നല്കിയത്.
രാവിലെ 9.30 മുതല്‍ രാത്രി 8.00 മണി വരെ ജോലി ചെയ്യുന്ന ഇവര്‍ക്ക് ലഭിക്കുന്ന വേതനം 5000 മുതല്‍ 7400 രൂപ വരെയാണ്. ഒരു നിമിഷം പോലും ഇരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്ത ഇവര്‍ക്ക് ഭക്ഷണം കഴിച്ചോ മൂത്രമൊഴിച്ചോ തിരിച്ചെത്താന്‍ വൈകുന്ന ഓരോ മിനിറ്റിനും പിഴയും ഏര്‍പ്പെടുത്തുന്നുണ്ട് മാനേജ്‌മെന്റ്. അങ്ങിനെ മാനേജ്‌മെന്റ് ഓരോ പിച്ചച്ചട്ടിയില്‍ നിന്നും ഒരു മാസം ശരാശരി 1500 രൂപയാണ് കയ്യിട്ട് വാരുന്നത്.
പി.എഫിലും ക്ഷേമനിധിയിലും അടക്കാനെന്ന പേരില്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന പണം വേറെയാണ്. ഈ അടയ്ക്കുന്നതിന്റെ യാതൊരു രേഖകളും തൊഴിലാളികള്‍ക്ക് നല്കിയിട്ടുമില്ല.
ഇത്തരം അനീതികള്‍ക്കും ദ്രോഹങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ട് ഈ സ്ത്രീ തൊഴിലാളികള്‍ സംഘടിക്കുകയും സമരം തുടങ്ങുകയുമാണ് എന്നറിയിക്കുവാനായി തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ഒരു പത്രസമ്മേളനം വിളിച്ചു. ഈ പിച്ചച്ചട്ടികളില്‍ നിന്ന് 1500 രൂപ ഒരു ഉളുപ്പുമില്ലാതെ വാങ്ങി വച്ച് ഒരു പത്രത്തിലും ഒരു വരിപോലുമെഴുതാതെ നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ പരസ്യം തരുന്ന മുതലാളിക്ക് വാലാട്ടി നന്ദി കാട്ടി.
അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ എന്ന സംഘടനയാണ് കഴിഞ്ഞ മൂന്നു ദിവസമായി കല്യാണ്‍ സാരീസിന് മുന്നില്‍ സമരം ചെയ്യുന്നത്. സ്ഥലം മാറ്റപ്പെട്ട സ്ത്രീകള്‍ ഇരിക്കല്‍ സമരം രണ്ടാംഘട്ടം എന്ന പേരില്‍ നടത്തുന്ന ഈ സമരം തീര്‍ച്ചയായും ഈ ആറുപേരെ തിരിച്ചെടുക്കാനല്ല. മറിച്ച്, കേരളത്തില്‍ സമാനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടിയുള്ളതാണ്.
ഈ സമരം വിജയിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമ കൂടെയാണ്.