‘ഇരിക്കല്‍ സമരം 2-ാം ഘട്ടം’ തൃശ്ശൂര്‍ കല്യാണ്‍ സാരീസില്‍ – എന്ത്? എന്തിന്?

abc

(എ.എം.ടി.യു പ്രസിദ്ധീകരിച്ച നോട്ടീസ്)

സ്ഥലം മാറ്റി പകപോക്കല്‍  കല്യാണ്‍ സാരീസ്  തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍

തൃശ്ശൂര്‍ കല്യാണ്‍ സാരീസില്‍ നിന്ന് ആറ് സ്ത്രീ തൊഴിലാളികളെ ‘സ്ഥലം മാറ്റല്‍’ എന്ന പേരില്‍ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ്, ”ഇനി മുതല്‍ ഈ സ്ഥാപനത്തില്‍ പ്രവേശിക്കാന്‍ പാടില്ലെ”ന്നും പറഞ്ഞ് ഡിസംബര്‍ 11-ാം തിയ്യതി രാവിലെ 9.25 ഓടെ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തൊഴിലാളികളെ ഗേറ്റില്‍ തടഞ്ഞു നിര്‍ത്തിയത്. മാന്യതയുടെയും സഭ്യതയുടെയും എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയും തൊഴിലിടത്തില്‍ സ്ത്രീകളെ കയ്യേറ്റം ചെയ്യുകയുമായിരുന്നു ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ്.
ഭരണപരമായ സൗകര്യാര്‍ത്ഥമാണ് സ്ഥലം മാറ്റിയത് എന്ന് മാനേജ്‌മെന്റ് പറയുന്നുണ്ടെങ്കിലും ഈ തൊഴിലാളി സ്ത്രീകളോട് ശത്രുക്കളെ പോലെയാണ് പെരുമാറിയത്. അതുകൊണ്ട് തന്നെ മാനേജ്‌മെന്റിന്റെ ന്യായം സാമാന്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാവുന്നതുമല്ല. ഈ തൊഴില്‍ സ്ഥാപനം നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമാണ്. ഒരു  തൊഴിലാളിയെ സ്ഥലം മാറ്റുമ്പോള്‍ ചെയ്യേണ്ട നടപടിക്രമങ്ങളൊന്നും തന്നെ മാനേജ്‌മെന്റ് പാലിച്ചില്ല. തൊഴിലാളികള്‍ക്ക് ജോലിയില്‍ പ്രവേശിച്ചപ്പോള്‍

അപ്പോയിന്‍മെന്റ് ലെറ്റര്‍ കൊടുക്കുന്ന സമ്പ്രാദായവും  അതില്‍    ബ്രാഞ്ചുകളില്‍ പോയി ജോലി ചെയ്യണമെന്ന വ്യവസ്ഥയോ ഈ സ്ഥാപനത്തില്‍ നിലവിലുണ്ടായിരുന്നില്ല. അങ്ങനെയെങ്കില്‍  തൊഴിലാളികളുടെ സ്ഥലം മാറ്റം മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയാണെന്ന് വ്യക്തം. മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ച എന്ത് കാര്യമാണ് ഈ തൊഴിലാളി സ്ത്രീകള്‍ ചെയ്തത്. മാനേജ്‌മെന്റ് തുറന്നു പറയാന്‍ വിസമ്മതിക്കുന്ന കാര്യം മറ്റൊന്നുമല്ല. കല്യാണ്‍ സാരീസിലെ തൊഴിലാളികളെ അടിമപ്പണി ചെയ്യിക്കുന്നത് ചോദ്യം ചെയ്തു എന്നതാണ് ഇവര്‍ ചെയ്ത തെറ്റ്.

അസംഘടിത മേഖലാ തൊഴിലാളി യൂണിയന്റെ (AMTU) നേതൃത്വത്തില്‍ 2014 മെയ് 1 ന് തുടക്കം കുറിച്ച  ”ഇരിക്കല്‍ സമരത്തെ” തുടര്‍ന്നാണ് ടെക്‌സ്റ്റൈല്‍ മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ അനുഭവിച്ച  നരകതുല്യമായ ജീവിതം ചര്‍ച്ച ചെയ്യപ്പെട്ടത്. കല്യാണ്‍ സാരീസ് മാനേജ്‌മെന്റിന്റെ സ്ഥാപനങ്ങളിലാണ് ഏറ്റവും കുറച്ച് ശബളത്തില്‍ സ്ത്രീകളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നത്. ഇരിക്കല്‍ സമരത്തെ തുടര്‍ന്ന് സാമൂഹ്യവും സര്‍ക്കാര്‍ തലത്തിലുമുള്ള സമ്മര്‍ദ്ധത്തെ തുടര്‍ന്ന് നാലായിരവും അയ്യായിരവുമായിരുന്ന ശബളം കഴിഞ്ഞ നാല് മാസമായി ചില  ജില്ലകളില്‍ 7000 രൂപയും മറ്റ് ജില്ലകളില്‍ 7400 യുമായി പ്രസ്തുത സ്ഥാപനം വര്‍ദ്ധിപ്പിച്ചിരിക്കയാണ്.

എന്നാല്‍ ഇപ്പോഴും തൊഴിലാളികളെക്കൊണ്ട് അടിമപ്പണിയാണ് ചെയ്യിക്കുന്നത്. 9.30 മുതല്‍ രാത്രി 8 മണി വരെയാണ് മിക്കവരുടെയും ജോലിസമയം. ഉദ്ദേശം 10 1/2 മണിക്കൂര്‍. ഇതിനിടയില്‍ ഒന്ന് ഇരിക്കാന്‍ പോലും കഴിയില്ല, ഒരേ നില്‍പ്പ്. ഭക്ഷണം കഴിക്കാന്‍ കിട്ടുന്ന 20 മിനിട്ട്, അതാണ് ഏക ആശ്വാസം. രണ്ടോ മൂന്നോ മിനിട്ട് വൈകിയാണ്  ജോലിക്കു  വന്നതെന്തില്‍, ഒരു  മാസത്തില്‍  രണ്ടു  തവണ ആവര്‍ത്തിച്ചാല്‍ ഹാഫ് ഡേ ലീവ് രേഖപ്പെടുത്തും. പക്ഷേ ലീവാണെങ്കിലും അവിടെ ജോലി ചെയ്തിരിക്കണം. അങ്ങനെ കൂലി ഇല്ലാത്ത ജോലി.

പി.എഫിലും  ക്ഷേമനിധിയിലും ഇടാന്‍ ശമ്പളത്തില്‍ നിന്നും കാശ്  പിടിക്കുന്നുണ്ടെങ്കിലും  അതിന്   യാതൊരു രേഖയും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. മകളുടെ വിവാഹത്തിന്  ധന സഹായത്തിന് ക്ഷേമനിധി ഓഫീസില്‍ അപേക്ഷിക്കാന്‍ പോയ കല്യാണ്‍ സാരീസിലെ  ഒരു തൊഴിലാളി സ്ത്രീക്ക് പൊട്ടിക്കരയുകയല്ലാതെ നിവൃത്തിയുണ്ടായില്ല. ഒരു തൊഴിലാളിക്കും പി.എഫ്. നമ്പരോ ക്ഷേമ നിധിയില്‍ കാശടക്കുന്നതിന്റെ രേഖയോ നല്‍കിയിട്ടില്ല.

ഇതിനെ ചോദ്യം ചെയ്തു എന്ന തെറ്റാണ് ഈ ആറുപേരെ സ്ഥലം മാറ്റാന്‍ കാരണമായത്. അതുകൊണ്ടാണ് മാനേജ്‌മെന്റിന്റെ നടപടി പ്രതികാര ബുദ്ധിയാലുളളതാണെന്ന് പറയുന്നത്. അതിനാല്‍ മാനേജ്‌മെന്റിന്റെ  ഈ നടപടി ഒരിക്കലും നമ്മുക്ക് അനുവദിച്ചു കൊടുക്കാനാവില്ല. ജനാതിപത്യ കേരളത്തിന്റെ എല്ലാ    പിന്തുണയും ഈ തൊഴിലാളികള്‍ക്കൊപ്പമുണ്ട്.

മാനേജ്‌മെന്റ്  ഇപ്പോള്‍ പറയുന്നത് തൊഴിലാളികള്‍ക്ക് വേണ്ടങ്കില്‍ ഞങ്ങള്‍  സ്ഥാപനം പുട്ടുമെന്നാണ്.  ജോലി വേണമെങ്കില്‍ മിണ്ടാന്‍ പാടില്ലപോലും. തൊഴിലാളികളെ ഉദ്ധരിക്കാന്‍ വേണ്ടിയല്ല ഒരാളും കച്ചവടം നടത്തുന്നത്. ലാഭം ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ്.   എന്താണ് കല്യാണ്‍ സാരീസ്  മാനേജ്‌മെന്റിന്റെ നിജസ്ഥിതി ? ഇവര്‍ കോയമ്പത്തൂര്‍ ബ്രാഞ്ച് കഴിഞ്ഞ മാസം പൂട്ടി.

തൊഴിലാളികള്‍ക്ക് യാതൊരാനുകൂല്യവും അവിടെ നല്‍കിയിട്ടില്ല.  കേരളത്തിലെ ബ്രാഞ്ചുകളുടെ കെട്ടിടങ്ങളുടെ വാടക കാലാവധി വെട്ടിക്കുറച്ചു.  ഇതില്‍ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്. കിട്ടിയ ലാഭം കയ്യിലാക്കി തൊഴിലാളികളെ വഴിയാധാരമാക്കാം എന്ന കണക്കുകൂട്ടല്‍. തൊഴിലാളികള്‍ സംഘടിച്ചാല്‍ ഈ കണക്കുകൂട്ടല്‍ തെറ്റും. തൊഴിലാളികള്‍ സംഘടിതമായി വിലപേശും. അതുകൊണ്ട് എതിര്‍ ശബ്ദങ്ങളെ മുളയിലെ നുളളിക്കളഞ്ഞാല്‍ തുടര്‍ന്ന് സംഗതി എളുപ്പമായി.

ഇപ്പോള്‍ മാനേജ്‌മെന്റ് മറ്റൊരു ഫോര്‍മുല ഇറക്കിയിരിക്കുകയാണ്. തൊഴിലാളികളാണ് സ്ഥാപനം പൂട്ടാന്‍ കാരണമെന്ന് വരുത്തി തീര്‍ക്കുക. തുച്ഛമായ കൂലിക്ക് രാവന്തിയോളം അടിമപ്പണി ചെയ്യിപ്പിച്ച് അതിന്റെ ലാഭവും കൊണ്ട് തടിച്ചു കൊഴുത്ത് പിന്നീട്  തൊഴിലാളികളെ പെരുവഴിയിലാക്കാനുളള മാനേജ്‌മെന്റിന്റെ വ്യാമോഹം എന്തായാലും നടക്കാന്‍ പോകുന്നില്ല. അന്യായമായ പിരിച്ചു വിടലും സ്ഥലംമാറ്റവും  നമുക്ക്  അംഗീകരിക്കാനാവില്ല. മാനേജ്‌മെന്റ് നീതി പാലിച്ച് തൊഴിലാളികളെ തിരിച്ചെടുക്കുന്നതുവരെ ശക്തമായ പ്രക്ഷോഭത്തിന് അങഠഡ  തുടക്കം കുറിക്കുകയാണ്. എല്ലാ   സുമനസ്സുകളുടെയും പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

പി. വിജി
സെക്രട്ടറി
സംസ്ഥാന കമ്മിറ്റി
9387050302

കെ.പി. ലിജുകുമാര്‍
പ്രസിഡണ്ട്,
സംസ്ഥാന കമ്മിറ്റി
9645482908

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s