ഇരിക്കല്‍ സമരം എന്തിന്?

അഥവാ എന്തുകൊണ്ട് ഞങ്ങള്‍ ഇരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്നു?

irikkal samaram1പ്രിയരെ

ഞങ്ങള്‍ തൊഴിലാളികള്‍ 2014 മെയ് 1-ാം തീയ്യതി, സാര്‍വ്വദേശീയ തൊഴിലാളി ദിനത്തില്‍ ‘ഇരിക്കല്‍ സമരം’ എന്ന പുതിയ ഒരു സമരമുഖത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളും ഷോപ് തൊഴിലാളികളുമടക്കമുള്ള അസംഘടിതമേഖലയിലെ തൊഴിലാളികള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന അതിദാരുണമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും തൊഴിലവകാശ ലംഘനങ്ങള്‍ക്കെതിരെയുമാണ് ഈ സമരം. അസംഘടിതമേഖലയിലെ വിശിഷ്യ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ ആരോഗ്യകരമായ തൊഴിലവകാശങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ സമരമെന്ന് കൂടി വ്യക്തിമാക്കട്ടെ.
ഒട്ടനവധി നിയമങ്ങള്‍ ഉള്ള നാടാണ് നമ്മുടെ ജനാധിപത്യ ഇന്ത്യ. കേരളമാകട്ടെ രാഷ്ട്രീയ പ്രബുദ്ധതയിലും തൊഴിലവകാശത്തിലും വര്‍ഷങ്ങളോളം പാരമ്പര്യമുള്ള നാടും. ഇവിടെ ഇത്തരത്തില്‍ ഒരു മേഖലയിലെ തൊഴിലാളികള്‍ ഒന്ന് ഇരിക്കാന്‍ പോലുമുള്ള മനുഷ്യാവകാശം ലഭിക്കാതെ കടന്നു പോകുന്നത് നമ്മുടെ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന ഒന്നാണ്. ലേബര്‍ ഓഫീസര്‍മാരടക്കമുള്ള അധികാരികള്‍ ഈ മനുഷ്യാവകാശലംഘനങ്ങള്‍ക്കു ചൂട്ടുപിടിക്കുകയാണ്. ടെക്‌സ്റ്റൈല്‍സ് മുതലാളിമാര്‍ നല്‍കുന്ന കൈക്കൂലിയാണ് ഇവരുടെ കണ്ണു മഞ്ഞളിപ്പിക്കുന്നത് എന്നാണ് ഇതിനോടകമുള്ള ഞങ്ങളുടെ ജീവിതാനുഭവം സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട അധികാരികളുടെ കണ്ണ് തുറപ്പിക്കാനും നീതിയും നിയമവും അനുസരിച്ചുള്ള അവകാശങ്ങള്‍ ടെക്‌സ്റ്റൈല്‍സ് തൊഴിലാളികള്‍ക്കും ഷോപ്പ് തൊഴിലാളികള്‍ക്കും നേടിയെടുക്കാനും വേണ്ടിയുള്ള അവകാശസമരമാണിത്. ഇരിക്കാ നും മിനിമം കൂലി, മാക്‌സിമം തൊഴില്‍സമയം ക്ലിപ്തപ്പെടുത്തല്‍, പ്രസവാനുകൂല്യങ്ങള്‍, മറ്റ് തൊഴിലവകാശങ്ങള്‍ എന്നീ ന്യായമായ അവകാശങ്ങള്‍ ഞങ്ങള്‍ ഈ സമരത്തിലൂടെ ഉയര്‍ത്തുകയാണ്. അസംഘടിതമേഖലയിലെ തൊഴിലാളികളെ അടിമതുല്യം ചൂഷണം ചെയ്യുന്ന മുതലാളിമാരുടെ ലാഭക്കൊതിക്കും ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയ്ക്കും സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരാണ് ഇരിക്കല്‍ സമരം.
പ്രയരെ, ജനാധിപത്യബോധമുള്ള, മനുഷ്യാവകാശ ബോധമുള്ള, രാഷ്ട്രീയ പ്രബുദ്ധതയുള്ള നല്ലവരായ നിങ്ങളേവരുടെയും സഹായസഹകരണങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കട്ടെ. ഞങ്ങളുടെ അവസ്ഥ സവിസ്തരം വിവരിക്കുന്നതാണ് ഈ കൊച്ചു ലഘുലേഖ. ഏവരും ക്ഷമയേടെ ഇത് വായിക്കാനും സമരത്തിന് എല്ലാവിധ പിന്തുണയുമറിയിക്കാനും വിജയിപ്പിക്കാനും വിനീതമായി അപേക്ഷിക്കുന്നു.

വിജി. പി.
സെക്രട്ടറി

ദിനേശ്. ബി
പ്രസിഡന്റ്

ഇരിക്കല്‍ സമരം എന്തിന്?

മനുഷ്യനായി പിറന്നതുകൊണ്ട് തന്നെ മനുഷ്യനായി ജീവിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ജന്മാവകാശമാണ്. എന്നാല്‍ മനുഷ്യനായി ജീവിക്കാന്‍ അവകാശമില്ലാത്തവരായി പരിഗണിക്കപ്പെടുന്ന ഒരു വലിയ വിഭാഗമാണ് കേരളത്തിലെ (ഇന്ത്യയിലെയും) ടെക്‌സ്റ്റൈല്‍സ് മേഖയില്‍ പണിയെടുക്കുന്ന മനുഷ്യര്‍. നല്ല വസ്ത്രങ്ങളണിഞ്ഞ് സുന്ദരികളും സുന്ദരന്മാരുമായി, പണിയെടുക്കുന്ന സ്ഥാപനത്തിന്റെ ടാഗും അണിഞ്ഞ് തൊഴില്‍ശാലകളിലേയ്ക്ക് പോകുന്നു. വൈകുന്നേരം 8 മണിക്കും 9 മണിക്കും ഇടയില്‍ പണികഴിഞ്ഞ് തിരികെ വീട്ടിലേക്ക്. ഇതിനിടയില്‍ തുണിശാലയിലെ വിശ്രമമില്ലാത്ത ജോലി. ഇത്രയും കാര്യങ്ങള്‍ ടെക്‌സ്റ്റൈല്‍സ് തൊഴിലാളികളെ കുറിച്ച് ആരും സമ്മതിച്ചു തരുന്ന കാര്യങ്ങളാണ്. എന്നാല്‍ ഇതിനപ്പുറത്താണ് തൊഴിലാളികളുടെ ജീവിതാവസ്ഥ. കൊടിയ ചൂഷണവും മനുഷ്യാവകാശലംഘനങ്ങളുമാണ് ഇന്ന് ഷോപ്പ് തൊഴിലാളികളും ടെക്‌സ്റ്റൈല്‍സ് തൊഴിലാളികളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും ഭീതിതമാണ് പണിയെടുക്കുന്നത്ര സമയവും ഒന്നിരിക്കുവാനുള്ള അവകാശമില്ലാതെ നില്‍ക്കേണ്ടിവരുന്ന തൊഴിലാളികളുടെ ജീവിതം. അതുകൊണ്ട് സ്വന്തം ജീവിതം തന്നെ തകര്‍ത്തുകളയുന്ന ഒരു നീണ്ട ‘നില്‍ക്കലിന്റെ’ കഥയാണിത്. ഈ നില്‍ക്കല്‍ നമ്മുടെ ജീവിതത്തെ ഒരു വലിയ ചോദ്യചിഹ്നമാക്കി മാറ്റിയിരിക്കുന്നു.
മനുഷ്യത്വ മില്ലാത്ത നടപടി

ജനാധിപത്യ സംവിധാനത്തില്‍ എന്തിനും നീതിപൂര്‍വ്വമായ ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അതാകട്ടെ മനുഷ്യന്‍ നടത്തിയ നീണ്ട അവകാശസമരങ്ങളുടെ ഭാഗമായാണ് നടന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് തൊഴില്‍ മേഖലയില്‍ 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിശ്രമം, 8 മണിക്കൂര്‍ വിനോദം എന്ന അവകാശം സ്ഥാപിതമായത്. 8 മണിക്കൂറില്‍ കൂടുതല്‍ ഒരു തൊഴില്‍ മേഖലയിലും നിര്‍ബന്ധമായി തൊഴില്‍ ചെയ്യേണ്ട ആവശ്യമില്ല. രണ്ട് മണിക്കൂര്‍ ഓവര്‍ ടൈം കൂടി കൂട്ടിയാല്‍ 10 മണിക്കൂറില്‍ കൂടുതല്‍ തൊഴിലെടുക്കാനോ തൊഴിലെടുപ്പിക്കാനോ തൊഴില്‍ നിയമങ്ങള്‍ അനുവദിക്കുന്നുമില്ല. എന്നാല്‍ ഷോപ്പുകളിലെ തൊഴിലാളികള്‍ക്ക് പ്രത്യേകിച്ച് ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ നിയമം അനുവദിച്ച് കൊടുക്കുന്നില്ല. അവര്‍ ഏറ്റവും കുറഞ്ഞത് 10 മണിക്കൂറാണ് പണിയെടുക്കുന്നത്. കൂടാതെ സീസണ്‍ സമയങ്ങളില്‍ 11ഉം 12 മണിക്കൂര്‍ വരെ ഓവര്‍ടൈം ജോലി ചെയ്യേണ്ടിയും വരും.

ഈ സമയമത്രയും തൊഴിലാളികള്‍ നിന്നുവേണം തൊഴില്‍ ചെയ്യാന്‍ എന്നതാണ് ഇവിടത്തെ കാര്‍ക്കശ്യമായ അലിഖിത നി യമം. ഇരിക്കാന്‍ അവര്‍ക്ക് അവകാശമില്ലത്രേ!!! ഒരു 10 മിനിറ്റ് നി ന്നാല്‍ തന്നെ എവിടെയെങ്കിലും ഒന്നിരുന്നാല്‍ മതിയെന്ന് ആരും ചിന്തിച്ചുപോകും. ബസ്സുകളിലും ട്രെയിനുകളിലും നിന്ന് യാത്ര ചെയ്യുമ്പോഴത്തെ അവസ്ഥ ദുരിതാനുഭവമായി വിവരിക്കാറുള്ളവരാണ് നമ്മള്‍. അപ്പോള്‍ ഞങ്ങള്‍ ടെക്‌സ്റ്റൈല്‍സ് തൊഴിലാളികള്‍ ഈ 11-12 മണിക്കൂറും നില്‍ക്കേണ്ടിവരുമ്പോഴത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. നിന്ന് നിന്ന് തളര്‍ന്ന് ഒന്ന് ചാരി നി ന്നാല്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് (സി.സി) ക്യാമറാ ദൃശ്യങ്ങള്‍ കണ്ട് സ്ഥാപനമുതലാളിയുടെയോ അയാളുടെ ശിങ്കിടികളുടെയോ വിളിവരും. ഈ ഒരൊറ്റ കാരണത്താല്‍ പിരിച്ചുവിട്ട തൊഴിലാളികളുടെ എണ്ണവും കുറവല്ല. നമ്മളൊന്നിരുന്നാല്‍ മുതലാളിമാരുടെ ലാഭം കുറയുമത്രേ. തൊഴിലാളികളെ എന്തും ചെയ്യാമെന്ന ധാരണയാണ് മുതലാളിമാരെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. ലാഭത്തില്‍ മാത്രമാണ് അവര്‍ക്ക് നോട്ടം. നമ്മള്‍ക്ക് രോഗം വന്നാല്‍, നമ്മള്‍ മരിച്ചാല്‍, അവര്‍ക്കെന്ത്? മനുഷ്യത്വഹീനമാണ് ഈ അവസ്ഥ. എപ്പോള്‍ വേണമെങ്കിലും നമ്മളെ ജോലിയില്‍ നിന്നും പി രിച്ചുവിടാം എന്നതാണ് അവര്‍ക്ക് ഇത്തരത്തില്‍ പെരുമാറാനുള്ള ലൈസന്‍സ്.

ഇരിക്കുക എന്ന മനുഷ്യാവകാശം

‘ഇരിക്കാനുള്ള മനുഷ്യാവകാശമോ!’ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. അതെ, നീണ്ട മണിക്കൂറുകള്‍ നിന്നു കൊണ്ട് പണിയെടുക്കുമ്പോള്‍, അതിനിടയില്‍ ഇരിക്കുക എന്നത് ആരോഗ്യത്തെ നിലനിര്‍ത്താനുള്ള ഒരുപാധിയാണ്. ഷോപ്പുകളിലെ തൊഴിലാളികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള സാഹചര്യമൊരുക്കേണ്ടത് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം തന്നെ ഷോപ്പ് മുതലാളിമാര്‍ക്കാണ്. ഈ ഒരുത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നതാണ് തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള സീറ്റുകള്‍ നല്‍കുക എന്നത്. മിനിമം രണ്ട് തൊഴിലാളികള്‍ക്ക് ഒരു സീറ്റ് എന്ന അനുപാതത്തിലെങ്കിലും സീറ്റുകള്‍ അനുവദിക്കേണ്ടതാണ്. എന്നാല്‍ രണ്ട് പേര്‍ക്ക് ഒരു ഇരിപ്പിടം പോയിട്ട് മൊത്തം തൊഴിലാളികള്‍ക്കും കൂടി ഒരു ഇരിപ്പിടമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണ് തൊഴിലാളികള്‍. പലപ്പോഴും നിന്നുതളരുന്ന തൊഴിലാളികള്‍ ബാത്തുറൂമിലേയ്‌ക്കോടും. അവിടത്തെ യൂറോപ്യന്‍ ക്ലോസറ്റിന്റെ മുകളിലൊന്നിരിക്കാന്‍. അല്ലെങ്കില്‍ തുണി അറിയാതെ തറയിലിട്ടിട്ട് എടുക്കാനെന്ന മറവില്‍ ഒന്ന് കുനിഞ്ഞു നിവരും. ഇത്ര നഗ്നമായ നിയമലംഘനങ്ങള്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ ആരോഗ്യകരമായ തൊഴിലന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു. മിക്ക തൊഴിലാളികളും ഇപ്പോള്‍ നട്ടെല്ല് തേയ്മാനം, ഡിസ്‌ക് തേയ്മാനം, നിരന്തരമായ പുറം വേദന, വെരിക്കോസ്, അകാല വാര്‍ദ്ധക്യം മുതലായ രോഗങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.

അതെ, വിശ്രമവും ഒരു അവകാശമാണ്

നേരത്തെ സൂചിപ്പിച്ചതുപോലെ 8 മണിക്കൂര്‍ മാത്രം ജോലി ചെയ്യുക എന്നത് വളരെ നാളത്തെ അവകാശ പോരാട്ടങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ നേടിയെടുത്ത നിയമപരമായ അവകാശമാണ്. ഇതില്‍ തന്നെ വിശ്രമിക്കാനുള്ള അവകാശം കൂടി ഉള്‍പ്പെടുന്നുണ്ട് എന്ന് എത്ര തൊഴിലാളികള്‍ക്ക്, അല്ലെങ്കില്‍ എത്ര പേര്‍ക്കറിയാം? ഇന്ത്യന്‍ തൊഴില്‍ നിയമമനുസരിച്ച് 4 മണിക്കൂര്‍ ജോ ലി എന്നാല്‍ 1 മണിക്കൂര്‍ വിശ്രമവും കൂടി ഉള്‍പ്പെടുന്നതാണ്. അതായത് 3 മണിക്കൂര്‍ ജോലി 1 മണിക്കൂര്‍ വിശ്രമം എന്നതാണ് തൊഴില്‍ നിയമ പ്രകാരം 4 മണിക്കൂര്‍ ജോലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഷോപ്പ് മേഖലയിലും ടെക്‌സ്റ്റൈല്‍സ് മേഖലയിലും കേവലം 10 മിനിട്ടാണ് വിശ്രമിക്കാനുള്ള സമയമായി അനുവദിക്കുന്നത്. ആഹാരം കഴിക്കാന്‍ പോലും അര മണിക്കൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് സമയം അനുവദിക്കാറില്ല. 10 മിനിട്ട് ഇടവേളയില്‍ മൂത്രമൊഴിക്കാന്‍ പോയി ഓടി തിരിച്ചുവന്ന് ജോലിക്ക് കയറുന്ന തൊഴിലാളികള്‍!! മിക്ക ഷോപ്പുകള്‍ക്കും ഒന്നുകില്‍ ബാത്ത്‌റൂം സൗകര്യങ്ങളില്ല, അല്ലെങ്കില്‍ 5-6 നിലകളുള്ള കെട്ടിടത്തില്‍ ഏറ്റവും മുകളിലോ താഴെയോ വൃത്തിഹീനമായ ഒരു കക്കൂസ്. അടുത്തുള്ള ഹോട്ടലിലേയ്‌ക്കോ അല്ലെങ്കില്‍ മുകളിലത്തെ/താഴത്തെ നിലയിലേയ്‌ക്കോ മൂത്രമൊഴിക്കാനായി മൊത്തം തൊഴിലാളികളും ഓടി തിക്കിത്തിരക്കി തിരികെ 10 മിനിറ്റിനുള്ളില്‍ എങ്ങനെയാണ് എത്തിച്ചേരുക? വൈകിയെത്തുന്ന ഓരോ മിനിറ്റും രേഖപ്പെടുത്തി വെയ്ക്കുകയും ശമ്പളത്തില്‍ തതുല്യമായ കുറവു വരുത്തുകയോ, അധിക ജോലി ചെയ്യിക്കുകയോ ആണ് ഇത് പരിഹരിക്കുന്നതിനുള്ള പതിവു രീതി.

വനിതാ തൊഴിലാളികള്‍ക്കിത് ദുരിതകാലം

ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന വിഭാഗമാണ് വനിതാ തൊഴിലാളികള്‍. ഈ മേഖലയില്‍ അവരാ ണ് ഭൂരിഭാഗവും. കുറഞ്ഞ കൂലിയും പ്രതിഷേധ സ്വരങ്ങളില്ലായ്മയും ഒപ്പം സ്ത്രീ സൗന്ദര്യത്തെ മുതലാക്കാമെന്ന സമീപനവുമാണ് ഈ മേഖലയില്‍ വനിതാ തൊഴിലാളികളെ കൂടുതലായി നിയമിക്കുന്നതിനുള്ള പ്രേരണ. ഇപ്പോള്‍ നടന്നു വരുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ആന്റ് ടോക്ക് എന്ന ടി.വി. പ്രോഗ്രാമില്‍ ”ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികള്‍ക്ക് താങ്കളെന്തു ചെയ്തു?” എന്ന ചോദ്യത്തിന് പ്രമുഖമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പറഞ്ഞ മറുപടി ”ഞങ്ങള്‍ പ്രസവാവധി അസംഘടിത മേഖലാ തൊഴിലാളികള്‍ക്ക് കൊണ്ടുവന്നില്ലേ?” എന്നാണ്. ഗര്‍ഭിണിയായ ഒരു തൊഴിലാളിയെപ്പോലും ജോലിക്ക് വെയ്ക്കാത്ത ഈ മേഖലയില്‍ ‘പ്രസവാനുകൂല്യവും പ്രസവാവധിയും പ്രഖ്യാപിച്ചില്ലേ’ എന്ന ചോദ്യം കേവലം പ്രഹസനമായി തുടരുകയാണ്. ഈ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഈ മേഖലയെ പറ്റി ഒന്നും പഠിക്കുന്നതിനോ തൊഴിലാളികളുടെ പ്രശ്‌നങ്ങളെന്തെന്ന് മനസ്സിലാക്കുന്നതിനോ ഇനിയും സമയം ലഭിച്ചിട്ടില്ല. ഇവിടെ നിലനില്‍ക്കുന്ന നിയമ പ്രകാരം തന്നെ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാവധി ശമ്പളത്തോടുകൂടി 12 ആഴ്ചകളാണ്. എന്നാല്‍ ഗര്‍ഭിണിയാണെന്നറിയുമ്പോഴെ വനിതാ തൊഴിലാളികളെ പിരിച്ചു വിടുന്നു. പിരീഡ്‌സ് (ആര്‍ത്തവം) പോലുള്ള സ്ത്രീ സഹജമായ ശാരീരിക പ്രശ്‌നങ്ങളുള്ളപ്പോഴാണ് ജോലി സമയം മുഴുവനും നിന്നുള്ള ജോലി എന്നത് നരകമാണ്. തുല്യ ജോലിക്ക് തുല്യ വേദനമെന്നത് ഈ തൊഴിലാളികള്‍ കേട്ടിട്ടുപോലുമില്ല. പുരുഷ തൊഴിലാളികളേക്കാള്‍ വളരെ തുച്ഛമാണ് ഈ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ ശമ്പളം. കൂടാതെ സ്ത്രീകളായതുകൊണ്ട് തന്നെ അശ്ലീല ചുവയൊടെയുള്ള പെരുമാറ്റവും. ഒരു കുടുംബം മുഴുവനും തങ്ങളുടെ ശമ്പളത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നതെന്ന ചിന്തയും സ്വന്തം കാലില്‍ നില്‍ക്കണമെന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് സ്ത്രീ തൊഴിലാളികള്‍ ഈ ഗതികെട്ട തൊഴില്‍ ജീവിതം അനുഭവിക്കാന്‍ തയ്യാറാവുന്നത്.

ഇതു കൂടാതെ സ്ത്രീ തൊഴിലാളികള്‍ക്ക് ഇരട്ടി അദ്ധ്വാനമാണ് ഇതിലൂടെ സംഭവിക്കുന്നത്. അതിരാവിലെ 5 മണിമുതല്‍ ഇവരുടെ ഒരു ദിവസം ആരംഭിക്കുന്നുവെന്ന് പറയാം. മക്കളുടേതടക്കം വീട്ടുജോലികള്‍ 7 മണിക്കു മുമ്പായി ചെയ്തുതീര്‍ക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കൃത്യ സമയത്തിന് തൊഴില്‍ സ്ഥാപനത്തിലെത്താന്‍ സാധിക്കുകയുള്ളു. പിന്നെ വൈകുന്നേരം വീട്ടിലെത്തിയാല്‍ വിശ്രമിക്കാനുള്ള സമയം പോലും ലഭിക്കാതെ വീണ്ടും വീട്ടു ജോലികളിലും അടുക്കളയുടെ അകത്തളങ്ങളിലുമായി അര്‍ദ്ധരാത്രിയോളം പണികളില്‍. ഉറങ്ങുന്ന സമയം പോലും തീരെ കുറവ്. ഞായറാഴ്ചകളിലും മിക്കപ്പോഴും തൊഴില്‍ ശാലകളില്‍ പണിക്ക് വരണം. കാരണം നിയമപരമായ ലീവ് ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ നില്‍ക്കുന്നില്ല.

കുടിവെള്ളം പോലും നിഷേധിക്കപ്പെടുമ്പോള്‍

കുടിവെള്ളമെന്നത് അടിസ്ഥാന ആവശ്യമാണല്ലോ മനുഷ്യന്, ജീവവായു പോലെ. എന്നാല്‍ മിക്ക സ്ഥാപനങ്ങളും കുടിവെള്ളം പോലും നല്‍കാതെയാണ് തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിക്കുന്നത്. തൊഴിലാളികള്‍ കൊണ്ട് വരുന്ന ചെറിയ കുപ്പി വെള്ളമാണ് ഈ വേനല്‍ക്കാലത്തും അവരുടെ തൊണ്ടകള്‍ നനയ്ക്കുന്നത്. എല്ലാ തൊഴില്‍ ശാലകളിലും കുടിവെള്ളം സൂക്ഷിക്കണമെന്നത് നിയമപരമായ തൊഴിലാളികളുടെ അവകാശമാണ്.

സി.സി.ക്യാമറകളെന്ന ചാരക്കണ്ണുകള്‍

ഇന്ന് മുതലാളിമാരെ സഹായിക്കുന്ന ഏറ്റവും വലിയ തൊഴിലാളി വിരുദ്ധ നടപടിയായി സി.സി. ക്യാമറകള്‍ മാറിയിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സാധനങ്ങള്‍ വാങ്ങന്‍ വരുന്നവര്‍ മോഷണം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനെന്ന പേരിലാണ് ഇവ സ്ഥാപിക്കുന്നതെങ്കിലും തൊഴിലാളികളെ നിരീക്ഷിക്കുന്നതിനാണ് ഇന്ന് ഇവ കൂടുതലും ഉപയോഗിച്ച് വരുന്നത്. ഏതെങ്കിലും തൊഴിലാളി ഇരിക്കുന്നുണ്ടോ എന്നാണ് ഇവര്‍ ഇതിലൂടെ പരിശോധിക്കുന്നത്. തൊഴിലാളികള്‍ നിന്ന് തളര്‍ന്നൊന്ന് ചാരി നിന്നാല്‍ ഈ ക്യാമറകള്‍ വഴി മനസ്സിലാക്കുന്ന മുതലാളി സ്ഥാപനത്തിനുള്ളിലിരുന്നോ, എന്തിന് വിദേശത്തു നിന്നോ പോലും വിളിക്കുന്നു. ഇന്നത്തെ സങ്കേതിക വിദ്യ അത്ര കണ്ട് വളര്‍ന്നിട്ടുണ്ട്. ഫേസ്ബുക്കും വാട്‌സ് ആപും ഒക്കെ ഇത്തരത്തില്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നു. തൊഴിലാളികള്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളും ഇടപെടലുകള്‍ പോലും ഇത്തരത്തില്‍ നി രീക്ഷിക്കപ്പെടുന്നു. ഇത്തരത്തിലുള്ള സ്വകാര്യ ക്യാമറകളുടെ ചാരക്കണ്ണുകള്‍ക്ക് കീഴിലാണ് ടെക്സ്റ്റല്‍സ് തൊഴിലാളികളുടെ ജീവിതം. പോരാത്തതിന് ബാത്ത്‌റൂമിനടുത്തുപോലും ഇത്തരം ക്യാമറകള്‍ വെയ്ക്കുന്നു. സ്ത്രീകള്‍ക്ക് വസ്ത്രങ്ങളൊന്ന് അയഞ്ഞാല്‍ ശരിയാക്കിയുടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഏറെയായതുകൊണ്ട് വനിതാ തൊഴിലാളികളുടെ ജീവിതം വളരെ കഷ്ടത്തിലാവുകയാണ്.

സ്ഥാപനത്തിന്റെ സ്റ്റാറ്റസ് നിലനിര്‍ത്താനും തൊഴിലാളികളുടെ ശമ്പളം!

വളരെ വൃത്തിയുള്ള യൂണിഫോം വസ്ത്രങ്ങള്‍ ധരിച്ച് മോഡലുകള്‍ക്ക് സമാനമായി അണിഞ്ഞൊരുങ്ങിവേണം ടെക്‌സ്റ്റൈല്‍സ് തൊഴിലാളികള്‍, ആണും പെണ്ണും, സ്ഥാപനത്തിലെത്താന്‍. മക്കള്‍ക്ക് പോലും നല്ല വസ്ത്രം വാങ്ങാന്‍ ശമ്പളം തികയാത്ത പാവങ്ങളായ ഈ തൊഴിലാളികള്‍ തൊഴില്‍ നില നിര്‍ത്താന്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്ന് വകമാറ്റിവെയ്‌ക്കേണ്ടി വരുന്നു. അതും ഭീമമായ തുക തന്നെ വേണ്ടി വരും. ആദ്യത്തെ യൂണിഫോം ഒഴികെ തുടര്‍ന്നുള്ള കാലങ്ങളില്‍ യൂണിഫോം വാങ്ങേണ്ട ചുമതല തൊഴിലാളികളിള്‍ നിക്ഷിപ്തമാണ്. പച്ചരി വാങ്ങാന്‍ പോലും ശമ്പളം തികയില്ലെന്നിരിക്കേ തൊഴിലാളികള്‍ യൂണിഫോം വാങ്ങുന്നത് തൊഴില്‍ സ്ഥാപനത്തിന്റെ സ്റ്റാറ്റസ് നി ലനിര്‍ത്താന്‍ വേണ്ടിയാണ്. ഇതുകൊണ്ട് തൊഴിലാളികള്‍ക്ക് ഒരു ഗുണവുമില്ലെങ്കിലും തൊഴിലില്‍ നിന്ന് പിരിച്ചുവിടുമോ എന്ന ഭയം കാരണം അവര്‍ ഇത്തരത്തിലുള്ള അതിക ഭാരവും പേറുന്നു.

മൂത്രം പോലും ഒഴിക്കാനാവാത്ത നീണ്ട 11 മണിക്കൂറുകള്‍

ടെക്‌സ്റ്റൈല്‍സ് മേഖലയിലെ മിനിമം തൊഴില്‍ സമയം 11 മണിക്കൂറായാണ് മുതലാളിമാര്‍ നിശ്ചയിച്ചിരിക്കുന്നത്. ”ഞങ്ങളുടെ ഇവിടത്തെ രീതി ഇതാണ്. മിനിമം 10 മണിക്കൂറാണ് ജോ ലി. പിന്നീട് 8 മണിക്കൂറാണ് നിയമം എന്നൊന്നും പറഞ്ഞോണ്ട് വന്നേക്കരുത്. വേണമെങ്കില്‍ ജോലി ചെയ്താല്‍ മതി. ഇല്ലെങ്കില്‍ സ്ഥലം വിടാം. ഇവിടെ ധാരാളം തൊഴിലാളികളെ കിട്ടാനുണ്ട്.” ഇതാണ് ഓരോ മുതലാളിമാരും തൊഴിലാളികളെ നിയമിക്കുമ്പോഴെ പറയുന്ന വാക്കുകള്‍. സ്വാഭാവികമായി ഈ ഭയത്തിലാണ് തൊഴിലാളികള്‍ മുതലാളിമാര്‍ക്കു വേണ്ടി അടിമകളെ പോലെ അധികം സമയം തൊഴിലെടുക്കുന്നത്. ഓവര്‍ ടൈം ജോലി കൂടി ചേര്‍ത്താല്‍ 11 മുതല്‍ 12 മണിക്കൂറുകള്‍ വരെ തൊഴിലാളികള്‍ പണിയെടുക്കേണ്ട ഗതികേടാണ്.

വളരെയടുത്തകാലത്താണ് ‘പെണ്‍കൂട്ട്’ എന്ന സ്ത്രീതൊഴിലാളികളുടെ പ്രസ്ഥാനവും എ.എം.ടി.യുവും ചേര്‍ന്ന് മൂത്രമൊഴിക്കാനുള്ള അവകാശത്തിനുള്ള സമരം കോഴിക്കോട് മുട്ടായിത്തെരുവ് കേന്ദ്രീകരിച്ചുകൊണ്ട് നടത്തുകയും കോര്‍പ്പറേഷനെ കൊണ്ട് കക്കൂസ് നിര്‍മിപ്പിക്കുകയും ചെയ്തത്. ഇനിയും ഈ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. കെട്ടിട നിര്‍മ്മാണ റൂള്‍സ് പ്രകാരം തന്നെ ഓരോ കെട്ടിടവും നിശ്ചിത എണ്ണം കക്കൂസുകളും മറ്റ് ശുചീകരണ സൗകര്യങ്ങളും നല്‍കേണ്ടതാണ്. എന്നാല്‍ കോഴിക്കോട്ടെ മിക്ക സ്ഥാപനങ്ങളിലും കക്കൂസ് ഇല്ല എന്നു തന്നെ പറയാം. ചില സ്ഥാപനങ്ങളില്‍ ഏറ്റവും താഴെത്തയോ മുകളിലത്തെയോ നിലയില്‍ ഇടിഞ്ഞുപൊളിഞ്ഞ ഒരു കക്കൂസ് കണ്ടെന്നു വരാം. ഇത് അനുഭവം മാത്രമല്ല. മറിച്ച് വിവരാവകാശപ്രകാരം കോര്‍പ്പറേഷനില്‍ നിന്നും ലഭിച്ച രേഖകള്‍ തന്നെ വ്യക്തമാക്കുന്ന കാര്യമാണ്. ഇത്തരം സൗകര്യങ്ങളില്ലാതെ കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആരാണ് അനുമതി നല്‍കിയിരിക്കുന്നത് എന്ന ചോദ്യം ഇവിടെ നിലനില്‍ക്കുന്ന വലിയ അഴിമതിയിലേയ്ക്കാണ് വെളിച്ചം വീശുന്നത്. കോഴിക്കോട് മുട്ടായ്‌ത്തെരുവിലെ യൂണിറ്റി ടവര്‍, കൊയന്‍കോ ബസാറുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഉള്ള കക്കൂസുകള്‍ പൊളിച്ച് കടകളാക്കി മാറ്റിയിരിക്കുകയാണ്. ഏറ്റവും താഴത്തെ ഡ്രെയ്‌നേജ് ഭാഗം പോലും കടകളാക്കി നല്‍കി കൊള്ളലാഭമടിക്കുകയാണ് ഇത്തരം സ്ഥാപനങ്ങളുടെ മുതലാളിമാര്‍. ഇതില്‍ നിന്നുള്ള നേരിയ ഒരു വിഹിതം മതി ഇത് മറയ്ക്കാനുള്ള കൈക്കൂലി നല്‍കാന്‍.

ഇത് ആരെയാണ് പ്രതികൂലമായി ബാധിക്കുന്നത്? തൊഴിലാളികളെ. പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളെ. കാരണം നീണ്ട മണിക്കൂറുകള്‍ വിശ്രമമില്ലാതെ നില്‍ക്കുക മാത്രമല്ല മൂത്രം പോലും ഒഴിക്കാന്‍ കഴിയാത്ത ഭീകരാവസ്ഥ. രാവിലെ 7 മണിക്കെങ്കിലും ഇവര്‍ വീടുകളില്‍ നിന്നും പുറപ്പെടും. രാത്രി പത്തു മണിയാവും തിരികെ വീട്ടിലെത്തുമ്പോള്‍. ഈ നേരമത്രയും തൊഴിലാളികള്‍ മൂത്രമൊഴിക്കാതെ കഴിച്ചുകൂട്ടുന്നു. പുരുഷ തൊഴിലാളികള്‍ അടുത്തുള്ള ഹോട്ടലുകളിലെ ബാത്ത്‌റൂമുകളെങ്കിലും ഉപയോഗിക്കുന്നു. സ്ത്രീ തൊഴിലാളികള്‍ക്ക് അതും സാധിക്കുകയില്ല. മൂത്രമൊഴിക്കുന്ന കാര്യം പറയുമ്പോഴേയ്ക്കും മുതലാളിമാര്‍ അശ്ലീലം കലര്‍ന്ന സംസാരങ്ങള്‍ തുടങ്ങുന്നു. ‘ബേബി നാപ്കിനു’ള്‍പ്പെടെ അവരുടെ നാവുകളില്‍ തത്തിക്കളിക്കും. ഇത് ഭയന്ന് സ്ത്രീ തൊ ഴിലാളികള്‍ ഇക്കാര്യം അവരെ അറിയിക്കുകപോലും ചെയ്യില്ല. കിഡ്‌നിയിലെ സ്റ്റോണ്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തൊഴിലാളികളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

മിനിമം കൂലി ഇവര്‍ക്ക് അന്യം

ടെക്‌സ്റ്റൈല്‍സ് തൊഴിലാളികള്‍ക്ക് മിനിമം കൂലിയെന്നത് അറിയുക പോലുമില്ല. ഓരോ മാസവും മിനിമം വേതന നിയമ പ്രകാരം സര്‍ക്കാര്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഗവണ്‍മെന്റ് ഓര്‍ഡറുകളിലൂടെ പ്രഖ്യാപിക്കുന്നു. ഈ മിനിമം കൂലി എന്നത് ഓരോ മേഖലയിലെയും ഏറ്റവും കുറഞ്ഞ കൂലിയാണ്. തൊഴിലാളിക്ക് നല്‍കുന്ന കൂലി മിനിമം കൂലിയേക്കാള്‍ എത്രവേണമെങ്കിലും വര്‍ദ്ധിക്കാം. എന്നാല്‍ അതിലും താഴെ തൊഴിലാളിക്ക് കൂലിയായി നല്‍കാന്‍ പാടില്ല. തൊഴില്‍ വ്യത്യാസമനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം. വിശ്രമമടക്കമുള്ള 8 മണിക്കൂര്‍ അദ്ധ്വാനത്തിന് 7500 രൂപയാണ് ഡി.എ. അടക്കം തുടക്കത്തിലെ ഒരു മാസത്തെ മിനിമം വേതനം. 5 ശതമാനം വെയ്‌റ്റേജും. ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേജ് ഇതാണെന്നിരിക്കെ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ മേഖലയില്‍ 4000 രൂപ മുതലാണ് പ്രതിമാസ ശമ്പളം (എല്ലാം അടക്കം). 5 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് പരമാവധി 8500 രാപവരെ മുതലാളിമാര്‍ നല്‍കും.

ആനുകൂല്യങ്ങള്‍ ലഭ്യമാകാത്ത തൊഴില്‍ മേഖല

തൊഴിലാളികള്‍ ദീര്‍ഘകാലമായി പണിയെടുക്കുന്നവരാണെങ്കിലും ഓരോ 6 മാസം തികയുമ്പോഴും ഇവരെ പിരിച്ച് വിടുകയും പുതുതായി നിയമിക്കുകയും ചെയ്തുകൊണ്ട് തൊഴില്‍ സ്ഥാപനങ്ങള്‍ രേഖകള്‍ ഉണ്ടാക്കുന്നു. സ്വാഭാവികമായി തൊഴിലാളികളില്‍ ഭൂരിപക്ഷവും താല്‍ക്കാലിക ജീവനക്കാരായി തന്നെ തുടരുന്നു. തൊഴില്‍ സുരക്ഷ ഇവര്‍ക്ക് ലഭിക്കുന്നില്ല. കൂടാതെ യാതൊരു വിധ തൊഴില്‍ ആനുകൂല്യങ്ങളും ഇവിടത്തെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുമില്ല. ഇ.എസ്.എ. സൗകര്യം, ബോണസ്, അഡ്വാന്‍സ്, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, പ്രൊവിഡന്റ് ഫണ്ട് മുതലായ എല്ലാവിധ നിയമപരമായ ആനുകൂല്യങ്ങള്‍ക്കും തൊ ഴിലാളികള്‍ അര്‍ഹരാണെങ്കിലും ഇതൊന്നും തന്നെ ഇവര്‍ക്ക് ലഭ്യമാകുന്നില്ല. എന്തിന് തൊഴില്‍ രജിസ്റ്റര്‍ പോലും രണ്ടെണ്ണം തൊഴില്‍ സ്ഥാപനങ്ങള്‍ സൂക്ഷിക്കുന്നു. ഒന്ന് ലേബര്‍ ഓഫീസറെ പറ്റിക്കുന്നതിനും മറ്റൊന്ന് തൊഴിലാളികളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും. ഇത് പരസ്യമായി അവര്‍ വെയ്ക്കാറില്ല.

ഇനി പഞ്ചിങ് മെഷീന്റെ കാര്യമെടുക്കാം. രാവിലെ 9.30 മണിക്കാണ് തൊഴിലാളികള്‍ പഞ്ച് ചെയ്യേണ്ടത്. എന്നാല്‍ തൊഴിലാളികള്‍ കൃത്യം 9 മണിക്കേ ഹാജരാകണം. അതില്‍ അരമണിക്കൂര്‍ രേഖപ്പെടുത്താതെ നഷ്ടമാകുന്നു. തുടര്‍ന്ന് വൈകുന്നേരവും 9.30 മുതല്‍ 8 മണിക്കൂര്‍ കണക്കാക്കി തൊഴിലാളികള്‍ പഞ്ച് ചെയ്യണം. തുടര്‍ന്നുള്ള മണിക്കൂറുകള്‍ അന്യായമായി ഇവരെ കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്യുന്നു.
ലീവിന്റെ കാര്യം പറയുകയും വേണ്ട. നിയമപരമായ ഒരു ലീവും ഇവര്‍ക്ക് ലഭിക്കുന്നില്ല. മാസം രണ്ട് ലീവുകള്‍ മാത്രം. അതും ഓഫ് ദിവസങ്ങളായി എടുക്കാം. പ്രസവാവധി ഇവര്‍ക്ക് ശമ്പളത്തോടുകൂടിയ 12 ആഴ്ചകളാണെങ്കിലും അതിനു മുമ്പേ ഇവരെ പിരിച്ചുവിടുന്നു. ഇതാണ് ടെക്‌സ്റ്റൈല്‍സ് ഉള്‍പ്പെടെയുള്ള ഷോപ് തൊഴിലാളികളുടെ ആനുകൂല്യങ്ങളുടെ അവസ്ഥ.

പ്രതിമാസം 4 പൂര്‍ണ്ണ അവധിയും തൊഴില്‍ നിയമങ്ങള്‍ തൊഴിലാളിക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. വര്‍ഷം ശമ്പളത്തൊടുകൂടിയ 12 അവധി, 12 ദിവസത്തെ രോഗാവധി, വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് സ്‌പെഷ്യല്‍ അവധി എന്നിങ്ങനെ തൊഴിലാളികളികള്‍ക്ക് അവകാശപ്പെട്ട അവധികളുണ്ടെങ്കിലും കേവലം മാസത്തില്‍ 2 അവധി മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് എന്നത് എത്രമാത്രം ക്രൂരമാണ്!!!

രോഗഗ്രസ്ഥമായ ജീവിതങ്ങള്‍

ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികള്‍ ഇന്ന് രോഗഗ്രസ്ഥമായ ജീവിതമാണ് നയിക്കുന്നത്. തുടര്‍ച്ചയായ നിന്നുള്ള ജൊ ലി, മൂത്രമൊഴിക്കാനും മറ്റുമുള്ള സൗകര്യമില്ലായ്മ, അനാരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങള്‍ മുതലായവ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സ്ഥിരം നടുവേദന ഇല്ലാത്ത തൊഴിലാളികളില്ല. ഒപ്പം ഡിസ്‌ക് തേയ്മാനം, അസ്ഥി തേയ്മാനം, വെരിക്കോസ്, മൂത്രത്തില്‍ കല്ല് മുതലായ രോഗങ്ങളുമായാണ് ഇന്ന് തൊഴിലാളികള്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്.

ലൈംഗികവും വംശീയവുമായ ചൂഷണങ്ങള്‍

എന്തുകൊണ്ട് ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളില്‍ അതും വസ്ത്രങ്ങള്‍ എടുത്തുകൊടുക്കുന്ന മേഖലയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതലായി എന്നതു തന്നെ ഈ മേഖലയിലെ ലൈംഗികമായ ചൂഷണം മുഴച്ചു നില്‍ക്കുന്നുവെന്ന് കാണാം. സ്ത്രീകള്‍ സെയില്‍സ് ഗേളുകളായി ഇല്ലാത്ത ഒരു സ്ഥാപനവും ഇല്ല. ഇതില്‍ തന്നെ വെളുത്ത നിറമുള്ള സ്ത്രീ തൊഴിലാളികള്‍ക്കാണ് ഉടമകള്‍ മുന്‍ഗണന കൊടുക്കുന്നത്. അവരുടെ സൗന്ദര്യവും ആരോഗ്യവുമാണ് ഇവിടെ കച്ചവടം ചെയ്യപ്പെടുന്നത്. ഒപ്പം ഇത്തരം മേഖലയില്‍ നിലനില്‍ക്കുന്ന വംശീയതയെയും ഇത് പ്രതിഫലിപ്പിക്കുന്നു. തൊലിനിറം കുറഞ്ഞ തൊഴിലാളികളെ അവഗണനയോടെയാണ് ഈ മേഖല കാണുന്നതു തന്നെ. അവര്‍ക്ക് തൊഴില്‍ സംരക്ഷിക്കാന്‍ കൂടുതല്‍ അദ്ധ്വാനിക്കേണ്ടിയും വരുന്നുണ്ട്.
ആരാണ് ഇതിനുത്തരവാദി?

ഒരുഭാഗത്ത് മുതലാളിമരുടെ ഹുങ്കും ലാഭക്കൊതിയുമാണ് ഇതിനുത്തരവാദി. തൊഴിലാളികളെ അടിമകളായാണ് ഇവര്‍ കാണുന്നത്. എന്തുപറഞ്ഞാലും എന്തൊക്കെ ചെയ്താലും ഈ മേഖലയിലെ തൊഴിലാളികള്‍ മറ്റൊരു ജോലി തേടി പോകാത്ത വിധം നിസ്സഹായരാണെന്ന് ഇവര്‍ക്ക് നന്നായറിയാം. മാത്രവുമല്ല ഷോപ്പ് മുതലാളിമാര്‍ സംഘടിതരുമാണ്. അവര്‍ക്ക് ഒരുമിച്ച് ഏത് തൊഴിലാളി വിരുദ്ധ നയവും സ്വീകരിക്കാന്‍ കഴിയുന്നു.

മറ്റൊരുത്തരവാദി നമ്മള്‍ തൊഴിലാളികള്‍ തന്നെയാണ്. ഇതുവരെയും നമ്മള്‍ അസംഘടിതരായി തന്നെ തുടരുന്നു. നമുക്കുവേണ്ടി ആരും ചോദിക്കാനോ പറയാനോ ഇല്ലെന്ന അവസ്ഥ. നമ്മള്‍ സംഘടിക്കാത്തിടത്തോളം നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടി ആരും മുന്നോട്ട് വരികയുമില്ല. രാഷ്ട്രീയക്കാര്‍ പോലും. കാരണം രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം സംഭാവനകളായും മറ്റും നല്‍കി അവരെ തീറ്റി പോറ്റുന്നത് ഈ മേഖലയിലെ മുതലാളിമാര്‍ തന്നെയാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ അന്നദാതാക്കള്‍ക്കെതിരെ ഈ രാഷ്ട്രീയ നേതൃത്വം വിരലനക്കുകയില്ലല്ലോ. ഒപ്പം മുഖ്യധാരാ ട്രേഡുയൂണിയനുകളും. അവരാകട്ടെ പല സമരങ്ങളും നടത്തി മുതലാളിമാര്‍ക്കനുകൂലമയ വിധത്തില്‍ തൊഴിലാളികളുടെ ജീവിതാവസ്ഥ കൊണ്ടെത്തിക്കുന്നതായാണ് നമ്മുടെയൊക്കെ അനുഭവം. അവര്‍ക്കും മുതലാളിമാരില്‍ നിന്നും ലഭിക്കുന്ന ചില്ലറക്കാശുകള്‍ മതി.

അഴിമതിയുടെ കേന്ദ്രമായ ലേബര്‍ ഓഫീസ്

തൊഴിലാളികളുടെ ഈ ദുരിതക്കടലിന് വലിയൊരുത്തരവാദി നമ്മുടെ ലേബര്‍ ഓഫീസര്‍മാരാണ്. നമ്മുക്ക് ലഭിക്കുന്ന തൊഴില്‍ സാഹചര്യങ്ങള്‍, ശമ്പളം, മറ്റാനുകൂല്യങ്ങളൊക്കെയും പരിശോധിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ട ചുമതല അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഓഫീസിനുമാണ്. എന്നാല്‍ വലിയൊരു അഴിമതി കൂമ്പാരമായി തീര്‍ന്നിരിക്കുകയാണ് പ്രസ്തുത ഓഫീസറും അദ്ദേഹത്തിന്റെ ഓഫീസും. ഇവിടത്തെ അഴിമതിയും സ്വജന പക്ഷപാ തവും തൊഴിലാളികളുടെ ശബ്ദത്തെ തകര്‍ത്തുകളയുകയാണ്. ഇരിക്കാനുള്ള ഇരിപ്പിടമുണ്ടോ എന്ന് മാസം ആദ്യ ആഴ്ചകളില്‍ തന്നെ വന്ന് ആക്രോശിക്കുന്ന ഉദ്യോഗസ്ഥന്‍ പിന്നീട് സ്ഥാപനത്തിലേക്കൊന്ന് എത്തി നേക്കുക കൂടി ചെയ്യുന്നില്ല. തൊഴിലാളികളുടെ കണക്കെടുക്കേണ്ട ഉദ്യോഗസ്ഥന്‍ അത് എടുത്തിട്ടുണ്ടോ എന്നു ചോദിച്ചാല്‍, ”അത് മുതലാളിമാര്‍ തരുന്നില്ല, തൊഴിലാളിയായി നില്‍ക്കുന്നവര്‍ മുതലാളിമാരുടെ ബന്ധുമിത്രാതികളാണ്” എന്നീ ഉത്തരങ്ങളാണ് പലപ്പോഴും പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. മുതലാളിമാരുടെ കനിവിനായി ഇദ്ദേഹം നില്‍ക്കുകയാണെന്ന് തോന്നും!! മാത്രവുമല്ല, ഏതെങ്കിലും തൊഴിലാളി പരാതി നല്‍കിയാലോ, ആ തൊഴിലാളിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് തന്നെ മുതലാളിയെ വിളിക്കും. ഓഫീസര്‍ക്ക് മുതലാളിയില്‍ നിന്ന് കിട്ടാനുള്ളത് കിട്ടുകയും തൊഴിലാളി പിരിച്ചുവിടപ്പെടുകയും ചെയ്യുന്നു. ഇത് ഭയന്ന് ഒരു തൊഴിലാളിയും ഇപ്പോള്‍ ലേബര്‍ ഓഫീസിലേയ്ക്ക് വിളിക്കുന്നില്ല. പരാതിയെക്കാളും വലുതാണല്ലൊ കുടുംബത്തിനു ലഭിക്കുന്ന പച്ചരിക്കാശ്. അത് കൂടി നഷ്ടമായാല്‍ പിന്നെങ്ങനെ ജീവിക്കും?

നിയമമെന്ന നോക്കുകുത്തി

ഏറ്റവും തൊഴിലാളി വിരുദ്ധമായതാണ് 1960ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്. തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും അതില്‍ എണ്ണിയെണ്ണി വിവരിക്കുമ്പോഴും അവ സംരക്ഷിക്കാനുള്ള ഒരു നടപടിയും അതിലില്ല. ഒരു തൊഴിലാളിയുടെ കൂലി പോലും വരില്ല ഈ തുക എന്നതുകൊണ്ട് തന്നെ നിര്‍ലോഭം നിയമം ലംഘിക്കാന്‍ മുതലാളിമാര്‍ തയ്യാറാവുന്നു. ഈ ഒരവസ്ഥ മാറിയേ പറ്റൂ.

ഇതിനൊരറുതി വരുത്തണ്ടേ?

പ്രിയ സുഹൃത്തുക്കളെ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളുടെ ഈ ദുരിതാവസ്ഥ ഇങ്ങനെ തുടര്‍ന്നാല്‍ മതിയോ? ഇത് സാംസ്‌കാരികമായി ഉയര്‍ന്നു എന്നവകാശപ്പെടുന്ന കേരളത്തിന് അപമാനമല്ലേ? ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് തൊഴിലാളികള്‍ക്ക്, അവരുടെ സംരക്ഷണത്തിന് നിരവധി നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അവര്‍ അരക്ഷിതരായി ജീവിക്കേണ്ട അവസ്ഥ മാറേണ്ടതല്ലേ? ഇതിന് ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗം തൊഴിലാളികള്‍ സംഘടിക്കുക എന്നതു തന്നെയാണ്. തൊഴിലാളികള്‍ ഭയം മാറ്റിവെയ്ക്കുകയും ഐക്യപ്പെടുകയും തങ്ങളുടെ അവകാശങ്ങള്‍ക്കായി സമരം ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്. ഒട്ടനവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എ.എം.ടി.യുവിന്റെ തന്നെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ തന്നെ അസംഘടിതമേഖലയിലെ അവകാശങ്ങള്‍ക്കായുള്ള ഒത്തൊരുമയോടെയുള്ള പോരാട്ടങ്ങള്‍ക്ക് വിജയം സുനിശ്ചിതമാണെന്ന് വെളിവാക്കുന്നതാണ്. കോഴിക്കോട് കൂപ്പണ്‍ മാളില്‍ നടന്ന സമരം തന്നെ ഉദാഹരണം.

കോഴിക്കോട് കൂപ്പണ്‍ മാളില്‍ എന്താണ് സംഭവിച്ചത്? കോഴിക്കോട്ടെ പ്രമുഖ തുണി വ്യപാരശൃംഘലയാണ് കൂപ്പണ്‍ മാള്‍. പ്രതീക് അപ്പാരല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കൂപ്പണ്‍ മാളിന്റെ ഉടമ സ്ഥാപനം. കോഴിക്കോട് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവന്ന ഒരു സ്ഥാപനമാണ് ഇത്. ഇവിടെ തൊഴിലാളികളെ നിയമിച്ചിരിക്കുന്നതാകട്ടെ അഡീക്കോ എന്ന ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏജന്‍സിയും. അങ്ങേയറ്റം നി യമവിരുദ്ധമായാണ് ഇവിടെ അഡീക്കോ തൊഴിലാളികളെ നി യമിച്ചിരിക്കുന്നത്. അത് വഴിയെ വിവരിക്കാം. പെട്ടെന്നൊരു ദിവസം സ്ഥാപനത്തിന്റെ മാനേജ്‌നെന്റ് സ്ഥാപനം പൂട്ടുന്ന വിവരം തൊഴിലാളികളെ അനൗദ്യോഗികമായി അറിയിക്കുകയും 5 ദിവസത്തിനുള്ളില്‍ പൂട്ടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തൊഴിലാളികളോട് മറ്റൊരു തൊഴില്‍ കണ്ടെത്താനും പിരിഞ്ഞുപോ കാനും ആവശ്യപ്പെട്ടു. 5 വര്‍ഷത്തില്‍കൂടുതല്‍ ജോലിചെയ്ത തൊഴിലാളികളടക്കം നാല്‍പ്പതില്‍പരം തൊഴിലാളികള്‍ പെരുവഴിയിലാകുന്ന അവസ്ഥ. ആനുകൂല്യങ്ങളുടെ കാര്യം ചോദിച്ചപ്പോള്‍ മാനേജ് കൈമലര്‍ത്തുകയാണ് ചെയ്തത്.

ഈ ഒരവസരത്തിലാണ് തൊഴിലാളികള്‍ എ.എം.ടി.യുവിന് പരാതി നല്‍കിയത്. തുടര്‍ന്ന് എ.എം.ടി.യു സമരമേറ്റെടുക്കുകയും തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരം ആരംഭിക്കുകയും ചെയ്തു. റീജേണല്‍ മാനേജറെ തടഞ്ഞുവെയ്ക്കുക വരെ ചെയ്തുകൊണ്ട് മൂന്ന് ദിവസം കൊണ്ട് സമരം കേരളത്തിലങ്ങോളമിങ്ങോളം ചര്‍ച്ച ചെയ്യുന്ന അവസ്ഥയിലേക്കെത്തി. ഒരു സ്ഥാപനം പൂട്ടിയാല്‍ 1 മാസം മുമ്പ് തന്നെ തൊഴിലാളികളെ രേഖാമൂലം അറിയിക്കണമെന്ന് നിയമമുള്ളപ്പോഴാണ് അപ്രതീക്ഷിതമായ കൂപ്പണ്‍മാള്‍ അടച്ചുപൂട്ടല്‍. ഇത്തരം പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ട് ഏജന്‍സി കമ്പനിയായ അഡീക്കൊ നിയമ വിരുദ്ധമായ കാര്യമാണ് ചെയ്തിരുന്നത്. അതായത് തൊഴിലാളികളെ കൊണ്ട് ആരംഭത്തില്‍ തന്നെ നിയമവിരുദ്ധമായ ഒരു എഗ്രീമെന്റ്/കോണ്‍ട്രാക്ട് ഒപ്പിടിയിക്കുക. തുടര്‍ന്ന് ആ എഗ്രിനെന്റിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ ഭയപ്പെടുത്തുക. ഇതൊരു നിയമവിരുദ്ധ എഗ്രിമെന്റാണെന്നും അതിന് നിയമപരമായി പ്രാബല്യമില്ലെന്നും അറിഞ്ഞുകൂടാത്ത തൊഴിലാളി ഭയന്ന് അഡീക്കൊ പറയുന്നതുപോലെ ചെയ്യും. ഇതാണ് ഇവിടത്തെ കീഴ്‌വഴക്കം. എന്നാല്‍ എ.എം.ടി.യുവിന്റെ നേതൃത്വത്തിലുള്ള സമരത്തില്‍ അഡീക്കോയുടെ തനിനിറം പുറത്താകുകയും പ്രസ്തുത എഗ്രിനെന്റ് അവര്‍ പിന്‍വലിക്കുകയും ചെയ്യേണ്ട അവസ്ഥയിലെത്തുകയും ചെയ് തു. തുടര്‍ന്ന് പ്രതീക് അപ്പാരല്‍സ് എന്ന യഥാര്‍ത്ഥ മുതലാളി പ്രത്യക്ഷപ്പെടുകയും തൊഴിലാളികള്‍ക്ക് മാസശമ്പളം, പ്രോവിഡന്റ് ഫണ്ട്, ബോണസ്, പെന്‍ഷന്‍, ഗ്രാറ്റിവിറ്റി, ഒരുമാസം മുന്നേ നോട്ടീസ് നല്‍കാത്തതുകൊണ്ടുള്ള ഫൈന്‍ ആയി നഷ്ടപരിഹാരം, തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനുള്ള നഷ്ടപരിഹാരം എന്നിവ നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ഭൂരിപക്ഷം പേര്‍ക്കും 1 മാസത്തിനുള്ളില്‍ പ്രസ്തുത തുകയെല്ലാം ലഭിക്കുകയും ചെയ്തു. അഡീക്കോ എന്ന ഏജന്‍സിക്ക് തൊഴിലാളികളുടെ മുന്‍പാകെ മാപ്പുപറയേണ്ട അവസ്ഥയും സംജാതമായി.

ഈ വിജയം ഉണ്ടായത് കൂപ്പണ്‍ മാളിലെ തൊഴിലാളികള്‍ ശക്തമായി ഐക്യപ്പെടുകയും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയും ഒപ്പം എ.എം.ടി.യു എന്ന നിങ്ങളുടെ തൊഴില്‍ പ്രസ്ഥാനത്തെ വിശ്വസിക്കുകയും നഞ്ചോട് ചേര്‍ത്തു പിടിക്കുകയും ചെയ് തതുകൊണ്ട് മാത്രമാണ്. സംഘടിത ശക്തിയാണ് നമ്മുടെ ആയുദ്ധം. അതില്ലാത്തിടത്തോളം നമ്മുക്ക് അവകാശങ്ങള്‍ ലഭ്യമാകാന്‍ പോകുന്നില്ല. നമ്മുക്ക് നമ്മുടെ അദ്ധ്വാനത്തിന് മൂല്യമുണ്ട്. വിലയുണ്ട്. അതാണ് മുതലാളിമാര്‍ക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നത്. നമ്മള്‍ക്ക് വില നല്‍കാത്ത മുതലാളിമാര്‍ നമ്മള്‍ ഒരുമിച്ച് പണിമുടക്ക് നടത്തി നോക്കട്ടെ, പിന്നീട് നെട്ടോട്ടമോടാന്‍ തുടങ്ങുന്നു. കാരണം നമ്മുടെ അദ്ധ്വാനമില്ലാതെ അവര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയില്ല എന്ന് നമ്മളെക്കാള്‍ അവര്‍ക്ക് ബോധ്യമുണ്ട്. അതുകൊണ്ട് നമ്മള്‍ സംഘടിച്ചുകൊണ്ട് നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സന്നദ്ധമാകണം. സുഹൃത്തുക്കളെ നമുക്ക് നഷ്ടപ്പെടാന്‍ എന്താണുള്ളത്?കുറച്ച് ഭയം മാത്രമല്ലാതെ. നമ്മളൊരുമിച്ചു നിന്നാല്‍ നമ്മളെ ആര്‍ക്കും ഭയപ്പെടുത്താനോ പരാജയപ്പെടുത്താനോ കഴിയില്ല.

ഇരിക്കല്‍ സമരം നമ്മുടെ സമരം

പ്രിയ സുഹൃത്തുക്കളെ ഇരിക്കാനുള്ള അവകാശത്തിനും ഒപ്പം നിയമം നമുക്കുറപ്പു നല്‍കുന്ന ഒട്ടനവധിയായ മറ്റ് അവകാശങ്ങള്‍ക്കും വേണ്ടിയാണ് നമ്മള്‍ സമരം ചെയ്യുന്നത്. AMTUവിന്റെ നേതൃത്വത്തില്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ എല്ലാ തൊഴിലാളികളും ഇരിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനായി ഒരു പുതിയ സമരമുഖം തുറക്കുകയാണ്. മണിക്കൂറുകള്‍ നീണ്ടു നി ന്നുള്ള ജോലിക്കിടയില്‍ ഇരിക്കുക എന്നത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്, മനുഷ്യാവകാശമാണ്. നമ്മളെ മനുഷ്യരായി കാണാന്‍ മുതലാളിമാര്‍ക്ക് കഴിയുന്നില്ല എന്നതാണിതിനു കാരണം. ലാഭക്കൊതി മൂത്ത് നമ്മളെ അടിമകളായി കാണുന്ന മുതലാളിമാരുടെ സമീപനത്തിനെതിരായി ആരോഗ്യകരമായ തൊഴില്‍ സാഹചര്യത്തിനുവേണ്ടിയുള്ള തൊഴിലാളികളുടെ അവകാശ സമരമാണ് ‘ഇരിക്കല്‍ സമരം’!

ഒപ്പം മിനിമം വേതനം നടപ്പാക്കുക, അവശ്യമായ ബാത്ത് റൂം സൗകര്യം നടപ്പാക്കുക, സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുക, കുടിവെള്ളം നല്‍കുക, തൊഴില്‍ സുരക്ഷിതത്വം നല്‍കുക, യൂണി ഫോമിന് തൊഴില്‍ സ്ഥാപനം ചെലവുവഹിക്കുക, ലിഫ്റ്റ് സൗകര്യം തൊഴിലാളികള്‍ക്കും അനുവദിക്കുക, അനിയന്ത്രിതമായ ക്യാമറകളുടെ എണ്ണം നിയന്ത്രിക്കുക, ബാത്ത് റൂം പരിസരത്തുള്ള ക്യാമറകള്‍ നീക്കം ചെയ്യുക, നിയമപരമായി നിശ്ചയിക്കപ്പെട്ട തൊഴില്‍ സമയം ഉറപ്പുവരുത്തുക, അമിത അദ്ധ്വാനം അവസാനിപ്പിക്കുക,അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവിധം നിയമഭേദഗതി വരുത്തുക മുതലായ ഷോപ്പ് തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളും ഈ സമരത്തില്‍ നമ്മള്‍ ഉന്നയിക്കുകയാണ്.

സുഹൃത്തേ ഇത് നമ്മള്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ മനുഷ്യാവകാശങ്ങളാണ്. നമ്മള്‍ സംഘടിക്കപ്പെട്ടിട്ടില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇവയെല്ലാം നമുക്ക് നി ഷേധിക്കപ്പെടുന്നത്. നമുക്ക് ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി ഇത് നേടിയെടുക്കാനുള്ള സമരത്തിലണിചേരാം. അവകാശ ബോധമുള്ള, മനുഷ്യത്വമുള്ള, പ്രബുദ്ധരായ കേരള ജനത നമ്മുടെ ഈ സമരത്തെ നിര്‍ലോഭം പിന്തുണയ്ക്കുമെന്ന് നമുക്കുറപ്പുണ്ട്. മറക്കണ്ട, മെയ് 1, സാര്‍വ്വദേശീയ തൊഴിലാളിദിനമാണ്. അന്ന് ഈ സമരത്തോട് നമുക്ക് ഐക്യപ്പെടാം.

പി.ഡി.എഫില്‍ കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s