തുണിക്കടകളിലെ വനിതാ ജീവനക്കാര്ക്ക് മെയ് ദിനത്തില്‍ പോലും അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാനായില്ല. ഇരിക്കല്‍ സമരത്തിനെത്തിയ വനിതകള്‍ വാര്‍ത്താ ചാനലുകള്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതോടെ സ്വന്തം കടകളിലേക്ക് മടങ്ങി. ടെലിവിഷനില്‍ മുഖം കണ്ടാല്‍ ഉള്ള ജോലി കൂടി നഷ്ടപ്പെടും എന്ന ഭയമായിരുന്നു കാരണം. രാവിലെ 10 മണിയ്ക്ക് കിഡ്‌സണ്‍ കോര്‍ണറിലായിരുന്നു ആദ്യം സമരം നിശ്ചയിച്ചത്. കടകളിലെ യൂണിഫോമിട്ട് പല വനിതാ തെഴിലാളികളും സമരത്തിനെത്തി. പക്ഷെ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ വാര്‍ത്താ ചാനലുകളിലെ ക്യാമറകള്‍ എത്തിയതോടെ കഥ മാറി. തൊഴിലാളികള്‍ എല്ലാം സ്വന്തം കടകളിലേക്ക് തിരിച്ചു നടന്നു. കാരണം ലളിതം. സമരത്തില്‍ പങ്കെടുത്തുവെന്ന് മുതലാളി അറിഞ്ഞാല്‍ ഉള്ളജോലിയും നഷ്ടപ്പെടും എന്ന ഭയം. മെയ് ദിനത്തില്‍ പോലും ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥ.
ഇതിനിടെ സമരത്തിന് പിന്തുണയുമായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ എത്തി. എഴുത്തുകാരായ എം എന്‍ കാരശ്ശേരി, ദീദി ദാമോദരന്‍, ബി എം സുഹറ, അജിത, ഗ്രോ വാസു തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടും. തുടര്‍ന്ന് പ്രതീകത്കമായ കസേരയുമെടുത്ത് മിഠായത്തെരുവിലൂടെ പ്രകടനം. പിന്നെ കടകള്‍ക്ക് മുന്നില്‍ കസേരയിട്ട് എല്ലാവരും ഇരുന്നു. ഒരിക്കല്‍ കസേരകള്‍ തൊഴിലാളികളെ തേടി എത്തുമെന്ന പ്രതീക്ഷയോടെ…