(10-04-2014 ന് എ.എം.ടി.യു. ഇറക്കിയ നോട്ടീസ്)
ടെക്‌സ്റ്റൈല്‍സ് തൊഴിലാളികളുടെ ഇരിക്കല്‍ സമരം വിജയിപ്പിക്കുക
10-04-2014
കോഴിക്കോട്
പ്രിയ സുഹൃത്തേ,
നമ്മള്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികള്‍, ചെറുതും വലുതുമായ പൊതുജനങ്ങളുടെ ആഘോഷ മുഹൂര്‍ത്തങ്ങളില്‍ തുണിശാലകളില്‍ വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ഒന്നൊന്നായി ഡിസ്‌പ്ലേ ചെയ്യുന്നവരോ, സഹായിക്കുന്നവരോ ആണ്. അതും കരുതലോടെ, വളരെ ക്ഷമയോടെ, അതിനുമപ്പുറം വാങ്ങാന്‍ വരുന്നയാളിന്റെ അഭിരുചിയനുസരിച്ച്.
എന്തിനാണിതൊക്കെ ഓര്‍മ്മിപ്പിക്കുന്നത് എന്നല്ലെ? വളരെ പ്രസരിപ്പോടെ, ചിരിച്ചുകൊണ്ട് അവരുടെ സന്തോഷ മുഹൂര്‍ത്തത്തിന് പറ്റിയ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിച്ചുകൊണ്ട് വിശ്രമമന്യേ ജോലിചെയ്യുമ്പോള്‍, നമ്മുടെ ജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കൂ. നമ്മുടെ ജീവിതം ഒരു മനുഷ്യനെന്ന പരിഗണനപോലും കിട്ടാതെ കടന്നുപോകുകയാണ്, കൂലിയുടെ കാര്യത്തിലായാലും, തൊഴില്‍ സാഹചര്യത്തിന്റെ കാര്യത്തിലായാലും, വിശ്രമമുള്‍പ്പെടെയുള്ള നിയമപരമായ അവകാശങ്ങളുടെ കാര്യത്തിലായാലും.
കുറഞ്ഞ കൂലിയേക്കാള്‍ ഭീതിതമാണ് ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ നി ലനില്‍ക്കുന്ന മനുഷ്യാവകാശലംഘനങ്ങളും അനാരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങളും. ഇതില്‍ ഏറ്റവും ഭയമുളവാക്കുന്നതാണ് ഷോപ്പിനുള്ളില്‍ നമുക്ക് ഇരിക്കാനുള്ള അവകാശം ഇല്ല എന്നത്.
ഇതൊക്കെ മറ്റുള്ളവരില്‍ അത്ഭുതമായിരിക്കും ഉണര്‍ത്തുക. എന്നാല്‍ മുതലാളിമാരെ സംബന്ധിച്ചിടത്തോളം നമ്മളെ അടിമകള്‍ പോലെ പണിയെടുപ്പിക്കുന്നതിനും ലാഭം കുന്നുകൂട്ടുന്നതിനുമുള്ള ഒരു ഉപാധിയും. ബസ്സില്‍ യാത്രചെയ്യുമ്പോള്‍ അരമണിക്കൂര്‍ നില്‍ക്കാന്‍ കഴിയാതെ ഒഴിവാകുന്ന സീറ്റ് എങ്ങനെയും നേടിയെടുക്കാന്‍ ശ്രമിക്കുന്നവരാണ് എല്ലാവരും. അപ്പോള്‍ ഏകദേശം 11 മണിക്കൂറുകളോളം ഒറ്റ നില്‍പ്പില്‍ നില്‍ക്കേണ്ടിവരുന്ന ടെക്‌സ്റ്റൈല്‍സ് തൊഴിലാളികളുടെ അവസ്ഥ എന്തായിരിക്കും!! മറ്റുള്ളവര്‍ക്കുണ്ടാകുന്ന കൗതുകത്തിനപ്പുറം നമ്മുടെ ജീവിതം തന്നെ തകര്‍ത്തുകളയുകയാണ് ഈ ‘നില്‍പ്പ്’!
നമ്മളില്‍ ഭൂരിപക്ഷം പേരും സ്ത്രീകളാണ്. സ്വാഭാവികമായി പീരീഡ്‌സ് (ആര്‍ത്തവം) പോലുള്ള ശാരീരിക പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ നരകതുല്യമാവുകയാണ് ജീവിതം. നട്ടെല്ല് ഡിസ്‌ക് തേയ്മാനം, സ്ഥിരം നടുവേദന, വെരിക്കോസ് മുതലായ രോഗങ്ങള്‍ നിരന്തരം തൊഴിലാളികള്‍ക്കിടയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു.
നിന്ന് ജോലിചെയ്യുന്ന മറ്റു മേഖലകള്‍ നോക്കൂ. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കാന്‍ അവര്‍ക്കവകാശമുണ്ട്. പറമ്പ് കിളക്കുന്ന തൊഴിലാളിക്ക് നല്ല വേദനവും ഇടയ്ക്ക് വിശ്രമിക്കാനും കഴിയുന്നു എന്നുമാത്രമല്ല കുറഞ്ഞ സമയം മാത്രം അവര്‍ അധ്വാനിച്ചാല്‍ മതിയാകും. ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാര്‍ക്ക് ഷിഫ്റ്റ് സമ്പ്രദായമാണ്. 8 മണിക്കൂറിനുള്ളില്‍ മൂന്നുപേരാണ് മാറിമാറി ജോലി ചെയ്യുന്നത്.
അപ്പോള്‍ നമ്മളനുഭവിക്കുന്ന നരകയാതനകള്‍ക്ക് ഇനിയും ഒരറുതി വരുത്തണ്ടേ? നിലവിലുള്ള നിയമപ്രകാരം 4 മണിക്കൂര്‍ ജോലിക്ക് ഒരു മണിക്കൂര്‍ വിശ്രമവുമാണ്. മാറിമാറി ഇരിക്കാനും വിശ്രമിക്കാനും തൊഴിലാളികള്‍ക്കവകാശമുണ്ടെന്നിരിക്കെയാണ്, ‘കീഴ്‌വഴക്ക’ത്തിന്റെ മറവില്‍ ഒരു നിമിഷം പോലും ഒന്നിരിക്കാന്‍ അനുവദിക്കാതെ മുതലാളിമാര്‍ നമുടെ രക്തമൂറ്റിക്കുടിക്കുന്നത്. അതിനുവേണ്ടിയാണ് ‘സുരക്ഷ’ കാരണങ്ങള്‍ പറഞ്ഞ് ഷോപ്പിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടാണല്ലോ നിന്നു നിന്ന് തളര്‍ന്ന് നമ്മളിലാരെങ്കിലും ഒന്ന് ചാരി നിന്നാല്‍ പോ ലും ക്യാമറ ദൃശ്യം കണ്ട് മുതലാളിയോ അയാളുടെ ശിങ്കിടികളോ നമ്മളെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത്. നമ്മള്‍ സ്വകാര്യമായൊന്ന് വസ്ത്രങ്ങള്‍ ശരിയാക്കി ഉടുക്കാന്‍ ചെന്നാലോ ബാത്ത് റൂമിനു സമീപത്തുപോലും ക്യാമറാക്കണ്ണുകള്‍. സാംസ്‌കാരിക കേരളത്തിന് ഇത് എങ്ങനെയാണ് കണ്ണടച്ച് അനുവദിക്കാന്‍ സാധിക്കുന്നത്?
കൂടാതെ ഇപ്പോള്‍ ഇടനിലക്കാരും തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. ഓരോ ഷോപ്പിലും തൊഴിലാളികളെ സപ്ലേ ചെയ്യുന്നത് അഡീക്കോ തുടങ്ങിയ ഏജന്‍സികളാണ്. ഇവരാകട്ടെ എല്ലാ തൊഴില്‍ നിയമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടാണ് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇവര്‍ തൊഴിലാളികളെ കൊണ്ട് എഗ്രിമെന്റുകളില്‍ ഒപ്പിടിയിക്കുകയും ആ എഗ്രിമെന്റ് വെച്ച് തൊ ഴിലാളികളെ ഭയപ്പെടുത്തുകയും ചെയ്യുന്നു.
ഈ ഒരു സാഹചര്യത്തിലാണ് AMTUവിന്റെ നേതൃത്വത്തില്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ എല്ലാ തൊഴിലാളികളും ഇരിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനായി ഒരു പുതിയ സമരമുഖം തുറക്കുന്നത്. മണിക്കൂറുകള്‍ നീണ്ടു നിന്നുള്ള ജോലിക്കിടയില്‍ ഇരിക്കുക എന്നത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്, മനുഷ്യാവകാശമാണ്. നമ്മളെ മനുഷ്യരായി കാണാന്‍ മുതലാളിമാര്‍ക്ക് കഴിയുന്നില്ല എന്നതാണിതിനു കാരണം. ലാഭക്കൊതി മൂത്ത് നമ്മളെ അടിമകളായി കാണുന്ന മുതലാളിമാരുടെ സമീപനത്തിനെതിരായി ആരോഗ്യകരമായ തൊഴില്‍ സാഹചര്യത്തിനുവേണ്ടിയുള്ള തൊഴിലാളികളുടെ അവകാശ സമരമാണ് ‘ഇരിക്കല്‍ സമരം’!
ഒപ്പം മിനിമം വേതനം നടപ്പാക്കുക, ആവശ്യമായ ബാത്ത് റൂം സൗകര്യം നടപ്പാക്കുക, സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുക, കുടിവെള്ളം നല്‍കുക, തൊഴില്‍ സുരക്ഷിതത്വം നല്‍കുക, യൂണിഫോമിന് തൊഴില്‍ സ്ഥാപനം ചെലവുവഹിക്കുക, ലിഫ്റ്റ് സൗകര്യം തൊഴിലാളികള്‍ക്കും അനുവദിക്കുക, അനിയന്ത്രിതമായ ക്യാമറകളുടെ എണ്ണം നിയന്ത്രിക്കുക, ബാത്ത് റൂം പരിസരത്തുള്ള ക്യാമറകള്‍ നീക്കം ചെയ്യുക മുതലായ ഷോപ്പ് തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളും ഈ സമരത്തില്‍ ഞങ്ങള്‍ ഉന്നയിക്കുകയാണ്.
ഈ മേഖലയിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കും തൊഴിലവകാശലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നതാകട്ടെ സംസ്ഥാനത്തെ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റും ലേബര്‍ ഓഫീസര്‍മാരുമാണ്. ലേബര്‍ ഓഫീസുകള്‍ ഇപ്പോള്‍ കൈക്കൂലിയുടെ കൂമ്പാരങ്ങളായി മാറിയിരിക്കുകയാണ്. അതിനാ ല്‍ തന്നെ തൊഴിലാളികള്‍ക്ക് ആരോഗ്യകരമായ തൊഴില്‍സാഹചര്യവും മിനിമം വേതനവും ഉറപ്പാക്കേണ്ട ഇവര്‍ മുതലാളിമാര്‍ക്കുവേണ്ടി കണ്ണടയ്ക്കുകയാണ്. ഇതിനെ തുറന്നു കാണിക്കുന്നതിനും തൊഴിലാളികള്‍ക്ക് നി യമം മൂലം അര്‍ഹമായ അവകാശങ്ങള്‍ ലേബര്‍ ഓഫീസര്‍മാരെ കൊണ്ട് സ്ഥാപിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഈ അവകാശ സമരം.
സുഹൃത്തേ ഇത് നമ്മള്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ മനുഷ്യാവകാശങ്ങളാണ്. നമ്മള്‍ സംഘടിക്കപ്പെട്ടിട്ടില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇവയെല്ലാം നമുക്ക് നിഷേധിക്കപ്പെടുന്നത്. നമുക്ക് ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി ഇത് നേടിയെടുക്കാനുള്ള സമരത്തിലണിചേരാം. അവകാശ ബോധമുള്ള, മനുഷ്യത്വമുള്ള, പ്രബുദ്ധരായ കേരള ജനത നമ്മുടെ ഈ സമരത്തെ നിര്‍ലോഭം പിന്തുണയ്ക്കുമെന്ന് നമുക്കുറപ്പുണ്ട്. മറക്കണ്ട, മെയ് 1, സാര്‍വ്വദേശീയ തൊഴിലാളിദിനമാണ്. അന്ന് ഈ സമരത്തോട് നമുക്ക് ഐക്യപ്പെടാം.
പി. വിജി
സെക്രട്ടറി
09387050302
ദിനേശന്‍
പ്രസിഡന്റ്
09847699226